Connect with us

Kerala

മെഡിക്കല്‍ പ്രവേശനവുമായി സഹകരിക്കുമെന്ന് മാനേജ്‌മെന്റുകള്‍;ഫീസ് നിര്‍ണയ സമതി തീരുമാനംവരെ കോടതിയെ സമീപിക്കില്ല

Published

|

Last Updated

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് പ്രവേശന നടപടികളുമായി സഹകരിക്കുമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ . നിലവിലെ ഫീസ് ഘടനയില്‍ പ്രവേശനം നടത്തുമെന്നും മാനേജ്‌മെന്റുകള്‍ സര്‍ക്കാറിനെ അറിയിച്ചു. ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനം വരെ കോടതിയെ സമീപിക്കില്ലെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് ആരോഗ്യമന്ത്രി കെകെ ശൈലജയുമായി നടത്തിയ ചര്‍ച്ചയിലാണ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന് അമ്പതു ശതമാനം സീറ്റ് വിട്ടുതരുന്നതിന്റെ പേരില്‍ മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന പോസ്റ്റുമോര്‍ട്ടം പഠനം, ഗ്രാമീണ ഡിസ്‌പെന്‍സറി സേവനം ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും ഈ വര്‍ഷവും നല്‍കുമെന്ന് ആരോഗ്യ മന്ത്രി ചര്‍ച്ചയില്‍ ഉറപ്പു നല്‍കി.അതേസമയം സര്‍ക്കാരല്ല ഫീസ് നിര്‍ണയിക്കുന്നതെന്നും ഫീസ് നിര്‍ണയ സമിതി ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും ചര്‍ച്ചയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഫീസ് ഉയര്‍ത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.18 ലക്ഷം രൂപയെങ്കിലുമായി എംബിബിഎസ് വാര്‍ഷിക ഫീസ് ഉയര്‍ത്തിയാല്‍ മാത്രമേ സ്വാശ്രയ കോളജുകള്‍ നടത്തിക്കൊണ്ടു പോകാനാകുകയുള്ളൂവെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. ചര്‍ച്ചയില്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ, സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.കെഎം നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.