കശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടാന്‍ പ്രമേയവുമായി അമിത് ഷാ; എതിര്‍പ്പുമായി പ്രതിപക്ഷം

Posted on: July 1, 2019 4:23 pm | Last updated: July 1, 2019 at 8:36 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ജമ്മു കശ്മീരിലില്ല. അതുകൊണ്ട് രാഷ്ട്രപതി ഭരണം നീട്ടുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ലെന്നും ഷാ പറഞ്ഞു. രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള പ്രമേയം രാജ്യസഭയില്‍ അവതരിപ്പിക്കുമ്പോഴാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. കശ്മീര്‍ സംവരണ ബില്ലും സഭയില്‍ അവതരിപ്പിച്ചു.

ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ജനാധിപത്യ സര്‍ക്കാര്‍ വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജനതാത്പര്യത്തിന് എതിരാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഓര്‍ഡിനന്‍സിനെതിരെ ഡി രാജ പ്രമേയം അവതരിപ്പിച്ചു. രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയത്തെ സമാജ്‌വാദി പാര്‍ട്ടി അംഗം രാം ഗോപാല്‍ യാദവ് പിന്തുണച്ചു.