കോണ്‍ഗ്രസ് നേതാക്കളുടെ രാജി തുടരുന്നു

Posted on: July 1, 2019 2:40 pm | Last updated: July 1, 2019 at 3:46 pm

ന്യൂഡല്‍ഹി: ദേശീയ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദം ഏറ്റുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളുടെ രാജി തുടരുന്നു. പാര്‍ട്ടിയുടെ ദളിത് സംഘടനാ അധ്യക്ഷന്‍ നിതിന്‍ റൗട്ട്, യു പി കോണ്‍ഗ്രസ് സെക്രട്ടറി അജയ് സാരസ്വത് സോണി എന്നിവരാണ് ഇന്ന് രാജിവെച്ചത്. രാഹുലിന് വേണ്ടിയാണ് സ്ഥാനത്യാഗമെന്ന് ഇരുവരും രാജിക്കത്തില്‍ വ്യക്തമാക്കി. രാഹുലിന് വേണ്ട ടീമിനെ അദ്ദേഹം തന്നെ നിയമിക്കട്ടെ എന്ന് പറഞ്ഞാണ് പലരും രാജിവെച്ചത്.

കഴിഞ്ഞദിവസം കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് നാനാ പടോലെ രാജിവെച്ചിരുന്നു. രാജയത്തിന്റെ ഉത്തരവാദിത്തം കൂട്ടായതാണ്. കിസാന്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതിനൊപ്പം കിസാന്‍ കോണ്‍ഗ്രസ് ബോഡി പിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പല സംസ്ഥാന ഭാരവാഹികളും ഇതിനകം രാജിവെച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റികള്‍

പുനസംഘടിപ്പിക്കാനുള്ള നീക്കം പല സംസ്ഥാനങ്ങളിലും നടക്കുകയാണ്. എന്നാല്‍ രാഹുലന്റെ കാര്യത്തില്‍ തീരുമാനമായതിന് ശേഷം പുനസംഘടന മതിയെന്ന നിലപാടിലാണ് പല സംസ്ഥാന കമ്മിറ്റികളും.