നെടുങ്കണ്ടം കേസില്‍ ഒരാളും രക്ഷപ്പെടില്ല; ലോക്കപ്പില്‍ തല്ലുകയും കൊല്ലുകയും ചെയ്യുന്നവര്‍ സര്‍വ്വീസിലുണ്ടാകില്ല-മുഖ്യമന്ത്രി

Posted on: July 1, 2019 11:21 am | Last updated: July 1, 2019 at 3:57 pm

തിരുവനന്തപുരം: ഇടുക്കി പീരുമേടി നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തിര പ്രമേയവുമായിവന്ന പ്രതിപക്ഷത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രാജ്കുമാറിന്റെ മരണത്തില്‍ വകുപ്പ്തല അന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. സംഭവത്തില്‍ കുറ്റക്കാരായ ഒരാളും രക്ഷപ്പെടില്ല.

ലോക്കപ്പിനകത്ത് തല്ലലും കൊല്ലലും നടത്തുന്നവര്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാട്ടുകാര്‍ക്കെതിരെ കേസെടുത്തെന്ന ആരോപണം ഗൗരവത്തോടെ കാണുന്നു. പരാതിക്ക് പിന്നില്‍ പോലീസിന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കും. ജയിലിലെത്തുമ്പോള്‍ രാജ്കുമാറിന് പ്രയാസങ്ങളുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രിയുടെ വാക്കിന് കീറച്ചാക്കിന്റെ വില പോലുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇടുക്കി എസ് പി നരനായാട്ട് നടത്തുകയാണ്. നാട്ടുകാര്‍ക്കെതിരെ കേസെടുക്കുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നും ചെന്നിത്തല പ്‌റഞ്ഞു.

അതിനിടെ രാജ്കുമാറിന്റെ രണവുമായി ബന്ധപ്പെട്ട് ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം നടന്നേക്കും. സംഭവത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.