ഹജ്ജ് : മക്കാ റോഡ് പദ്ധതിയില്‍ ഈ വര്‍ഷം ഇന്ത്യയില്ല

Posted on: June 30, 2019 9:24 pm | Last updated: June 30, 2019 at 9:24 pm

മക്ക : വിദേശ രാജ്യങ്ങളില്‍ നിന്നും വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്ക് സ്വന്തം രാജ്യത്ത് വെച്ച് തന്നെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന പദ്ധതിയായ (റോഡ് ടു മക്ക) മക്ക റോഡ് പദ്ധതിയില്‍ ഈ വര്‍ഷം ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല . മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് സേവനം ലഭ്യമാവുക .

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി മലേഷ്യയിലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി വിജയം കണ്ടതോടെ ഈ വര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. പദ്ധതിയില്‍ ഈ വര്‍ഷം 225,000 തീര്‍ത്ഥാടകര്‍ക്കാണ് സേവനങ്ങള്‍ ലഭ്യമാവുക .സഊദി വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത് .

സഊദിയിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് സ്വന്തം രാജ്യത്ത് വെച്ച് തന്നെ സഊദി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാല്‍ സഊദിയില്‍ വിമാനമിറങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് മറ്റ് നടപടികള്‍ ഇല്ലാതെ വളരെ വേഗത്തില്‍ തന്നെ പുറത്തിറങ്ങാന്‍ കഴിയുന്ന പദ്ധതിയാണ് ‘മക്കാ റോഡ് പദ്ധതി’ .സഊദി എമിഗ്രേഷന്‍, കസ്റ്റംസ് നടപടിക്രമങ്ങള്‍ സ്വദേശങ്ങളില്‍ നിന്ന് തന്നെ പൂര്‍ത്തിയാവുന്നതിനാല്‍ തീര്‍ത്ഥാടകരുടെ ലഗേജുകള്‍ മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ചു നല്‍കുകയും ചെയ്യും