Connect with us

Book Review

കീറിപ്പറിഞ്ഞ ജീവിതങ്ങൾക്കൊരു പുതപ്പ്

Published

|

Last Updated

ചില അക്ഷരങ്ങൾക്ക് അനുഭവങ്ങളുടെ നോവാണ്. മനസ്സിനെ തൊട്ടുണർത്തി കടന്നുപോകും. പോയ വഴികളിൽ മനസ്സ് മുറിപ്പെട്ടുകൊണ്ടിരിക്കും. കടന്നുപോയ വാക്കുകൾ, വരകൾ, വർണങ്ങൾ തന്റെ അനുഭവമാണെന്ന് എപ്പോഴൊക്കെയോ മനസ്സ് പരിതപിച്ചു കൊണ്ടിരിക്കും. “സമ്മിലൂനി” ഉണർത്തിയ വികാരങ്ങളെയും വിചാരങ്ങളെയും അക്ഷരങ്ങളിലൂടെ പകർത്തിവെക്കാൻ പേന അപര്യാപ്തമാണ്.
വാക്കുകളുടെ പദവിന്യാസത്തിലൂടെ ഹൃദയത്തെ തൊട്ടറിഞ്ഞുള്ള യാത്രയായിരുന്നു അക്ഷരങ്ങളുടെ ഈ പുതപ്പ്. മരണത്തിനും ജീവിതത്തിനുമിടയിലെ നിമിഷങ്ങളിലെ തുടിക്കുന്ന ജീവനുകളുടെ കഥ. കാലദേശഭാഷകളുടെ അതിർ വരമ്പുകളില്ലാത്ത ചിന്തകളുടെ പ്രവാഹത്തിൽ പിറവിയെടുത്ത അനേകം ജീവിക്കുന്ന കഥാപാത്രങ്ങൾ.

കവിതയാണോ കഥയാണോ ജീവിതമാണോ എന്നറിയാതെയുള്ള വായനയുടെ പ്രയാണം. സങ്കൽപ്പത്തിനും യാഥാർഥ്യത്തിനുമിടയിലെ നൂലിഴയിലൂടെയുള്ള യാത്രയിൽ നിന്നും പുറത്തുകടക്കാനാകാതെ പലപ്പോഴും കണ്ണീരണിഞ്ഞു പോയിട്ടുണ്ട്. യുദ്ധവും അരക്ഷിതത്വവും ഏൽപ്പിച്ച മുറിവുകൾക്ക്, ജീവിതം സമ്മാനിച്ച ഇഴപൊട്ടിയ കിനാക്കൾക്ക്, കണ്ണീരിന്റെ ചോര പൊടിഞ്ഞ നൊമ്പരങ്ങൾക്ക് വേദനാസംഹാരിയായി മാറുകയാണ് റിഹാൻ റാശിദിന്റെ കഥാസമാഹാരമായ “സമ്മിലൂനി”.

അജ്മീറിലെ ജിന്നുപ്പള്ളിക്കരികിലെ ഗുരുവിന്റെ മുഖത്തു നിന്നുള്ള പ്രകാശം എന്നെക്കൊണ്ടെത്തിച്ചത് മരണത്തിന്റെ തണുപ്പിലേക്കായിരുന്നു. ആ ഭയാന്തരീക്ഷത്തിൽ നിന്നും മോചിതയാകാൻ അല്പസമയമെടുത്തു.
ഏടുകൾ മറിയുമ്പോൾ “കമല”യുടെ ജീവിതത്തിലൂടെ ഞാനും നടക്കുകയായിരുന്നു. ഒരുവേള പെൺമക്കളെയോർത്ത് എന്നും മനസ്സിൽ നോവ് പേറുന്ന കമല ഞാൻ തന്നെയാണോ എന്നു പോലും സംശയിച്ചു പോയി.

ഭിന്നശേഷിയുള്ള അനു എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നത് സ്‌കൂൾ വരാന്തയിൽ വെച്ചാണ്. സന്തതസഹചാരിയായ വീൽചെയറിനുള്ളിൽ ഒളിപ്പിച്ച അവളുടെ മോഹങ്ങൾ; ഒരിക്കൽ തനിയെ നടക്കണമെന്നും മഴനൂലിന്റെ തലോടലേൽക്കണമെന്നുമുള്ള സ്വപ്‌നങ്ങൾ, പരിഹാസങ്ങളുടെയും അനുകമ്പയുടെയും കൂരമ്പേറ്റ് പിടയുന്ന ആ അമ്മമനസ്സ് കാണാതെ പോകാൻ ഹൃദയമുള്ളവർക്കാവില്ല.

മനസ്സിൽ ഏറ്റവും കൂടുതൽ മുറിപ്പെടുത്തി കടന്നുപോയത് “ആൺകുട്ടി” എന്ന ജീവിതമാണ്. പലപ്പോഴും ഒരു സ്ത്രീയുടെ ഹൃദയപരിസരത്തിൽ നിന്ന് മാത്രം ചിന്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവഗണിക്കപ്പെട്ടു പോകുന്ന ആൺമനസ്സിന്റെ കീറിപ്പറിഞ്ഞ ജീവിതം, എനിക്ക് ചുറ്റുമുള്ള ആൺമനസ്സിന്റെതാണ് എന്ന ചിന്തയെ ഉണർത്തിയാണ് ഈ കഥ കടന്നു പോയത്.

“അധിനിവേശക്കാലത്തെ സ്ത്രീകളി”ലൂടെ, ഗസ്സയുടെ ചുവന്ന മണ്ണിലൂടെ കണ്ണെത്തുന്നതിന് മുമ്പേ പലപ്പോഴും മനസ്സ് ഓടിക്കൊണ്ടിരുന്നു. ഹൗറയുടെ ഡയറിയിലൂടെ മനുഷ്യശരീരങ്ങൾ ചിന്നിച്ചിതറുമ്പോൾ ഒരു നിലവിളി വന്നെന്റെ തൊണ്ടയിലും തടഞ്ഞുനിന്നു. ചായക്കൂട്ടുകൾ അശ്രദ്ധമായി തട്ടിമറിച്ച പോലുള്ള “ഇസ്താംബൂളി” ലെ ഒരു യുദ്ധവിമാനത്തിൽ നിന്നും കുടഞ്ഞിട്ട തീക്കട്ടകൾ സ്വച്ഛന്ദമായി ഒഴുകിയ പുഴയെ മരുഭൂവായ് മാറ്റുമ്പോൾ, ചിത്രകാരനായ സൽമാനുൽ ഇംതിയാസിന് സ്വർണ തലമുടിയുള്ള പെൺകുട്ടിയുടെ ചിത്രം തോക്കിൻ കുഴലിൽ നിന്നും ചിതറിത്തെറിക്കുന്ന ഉടലല്ലാതെ മറ്റെന്താണ് വരക്കാനാകുക? സഊദി അറേബ്യയിലെ ഒരു പത്രത്തിന്റെ എഡിറ്റോറിയൽ ഡെസ്‌കിലെ പ്രൂഫിനെത്തിയ സ്വദേശിയായ പതിനാറുകാരന്റെ മരണത്തിൽ മലയാളികളായ മൂന്ന് പേർക്ക് വധശിക്ഷ വിധിച്ചെന്ന് വാർത്തയിലൂടെ കണ്ണോടിക്കുമ്പോൾ എവിടെയോ ഹൃദയം നുറുങ്ങുന്നതായി തോന്നാം.. അറിഞ്ഞോ അറിയാതെയോ എത്തിപ്പെടുന്ന കുറ്റകൃത്യങ്ങളിൽ പാതകിയാകുന്ന, സ്വപ്‌നങ്ങൾ കുടുസുമുറിയിൽ തളച്ചിടുന്ന പ്രവാസിയുടെ എക്കാലത്തെയും ദുരന്തമുഖത്തെ ഈ കഥയിൽ വേദനയോടെ പറഞ്ഞിടുന്നു.

അച്ഛന്റെ വേർപാട് നൽകുന്ന മുറിവിനെ “അയാൾ” എന്ന കഥയിൽ എഴുത്തുകാരൻ അടയാളപ്പെടുത്തിയത് നോക്കൂ.. “എന്തെല്ലാം നേടിയെടുത്താലും അച്ഛനില്ലായ്മ എന്നത് കണ്ണെത്താത്ത ദൂരത്തോളം മൺകൂനകളുള്ള നാട്ടിൽ മണൽക്കാട്ടിൽ ഒറ്റപ്പെട്ടുപോകുന്നത് പോലെയാണ്”. ഇലാന ജിയോണും മിറാഷയും ലബീഫായും സർഫാദ ഹമദുമെല്ലാം പ്രണയത്തിന്റെ തീവ്രവികാരരംഗങ്ങളെയും മഴയുടെ വൈകാരിക ഭാവങ്ങളെയും ജീവിതത്തിന്റെ സംഗീതതാളങ്ങളെയുമെല്ലാം അക്ഷരങ്ങളുടെ സ്പർശനങ്ങളാൽ അനിർവചനീയ അനുഭൂതിയാക്കുമ്പോൾ, നേർത്ത തൂവലിന്റെ നൈർമല്യം പോലെ ഹൃദയത്തിൽ പ്രണയത്തിന്റെ താളത്തുടിപ്പുയരുന്നത് അനുഭവിക്കാൻ കഴിയുമെങ്കിൽ അതിനേക്കാൾ മനോഹരമായി വാക്കുകൾ കോർത്തിണക്കുന്നത് എങ്ങനെയാണ്?

ദർവേശിന്റെ വാക്കുകൾ കടമെടുത്താൽ, “പങ്ക് വെക്കുമ്പോൾ രണ്ട് പേർക്കിടയിൽ ദൈവത്തിന്റെ സാമീപ്യമറിയാനാകുന്നത് പ്രണയത്തിൽ മാത്രമാണ്. ദേഹത്തിന്റെ ഇച്ഛകളെ തടഞ്ഞുനിർത്തി ദേഹിയുടെ കൂടെ ദൈവദർശനം നേടാനാവും.” അവതരണത്തിന്റെ അസാമാന്യ വാക്ചാതുരിയാണ് അക്ഷരങ്ങളെ ഇത്രയധികം അനുഭവവേദ്യവും മനോഹരവുമാക്കുന്നത്. സൂക്ഷ്മ നിരീക്ഷണങ്ങളാൽ അവതരിപ്പിച്ചിട്ടുള്ള ഓരോ അധ്യായവും എന്തുകൊണ്ടാണ് മനസ്സിൽ ഇടംപിടിക്കുന്നത് എന്നതിന്റെ ഉത്തരം തേടുമ്പോൾ എഴുത്തുകാരന്റെ സാക്ഷ്യപ്പെടുത്തലിലേക്ക് തന്നെ പോകാം. “മണ്ണിലേക്ക് അലിഞ്ഞു ചേരുന്നതിന് മുമ്പേ ജീവിച്ചിരുന്നു എന്ന അടയാളപ്പെടുത്തലാണ് ഈ പുസ്തകം. എവിടെയെല്ലാമോ കണ്ടുമുട്ടിയ മനുഷ്യരും കുറെ സ്വപ്‌നങ്ങളും അനുഭവിച്ച ജീവിതവും ചേർത്തുവെച്ച അക്ഷരങ്ങൾ”. ധ്വനി ബുക്‌സ് കോഴിക്കോട് ആണ് പ്രസാധകർ.

റസീന കെ പി
• raseenahassan1234@gmail.com

raseenahassan1234@gmail.com

---- facebook comment plugin here -----

Latest