കുട്ടികളിലെ ദന്താരോഗ്യം

പാൽപ്പല്ലാണെന്ന് കരുതി പലരും പല്ലെടുക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ പാൽപ്പല്ലുകൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പാൽപ്പല്ലുകൾ നേരത്തേയെടുത്താൽ അതിനടത്തും എതിർവശത്തുമുള്ള പല്ലുകൾ ആ സ്ഥാനത്തേക്ക് നീങ്ങിവരികയും പിന്നീട് വരുന്ന പല്ലിന് സ്ഥലം തികയാതെ വരികയും ഇത് ഭാവിയിൽ പല്ല് നിരതെറ്റാനും തത്ഫലമായി കമ്പിയിടേണ്ടതായും വരുന്നു.
ആരോഗ്യം
കൺസൾട്ടന്റ് പെരിയോഡോണ്ടിസ്റ്റ്, തിരുവനന്തപുരം
Posted on: June 30, 2019 6:16 pm | Last updated: June 30, 2019 at 6:16 pm

കുട്ടികളുടെ ദന്താരോഗ്യം പലരും അവഗണിക്കാറുണ്ട്. പാൽപ്പല്ല് പോയി പുതിയ പല്ലുകൾ വരുന്നതുകൊണ്ട് അവ സംരക്ഷിക്കേണ്ടതില്ല എന്ന വിശ്വാസമാണുള്ളത്. പല്ല് എടുത്ത് കളയുക എന്ന ചികിത്സ മാത്രം തേടിയാണ് പല മാതാപിതാക്കളും ദന്തരോഗ വിദഗ്ധനെ സമീപിക്കുന്നത്. എന്നാൽ, കുട്ടികളുടെ ദന്താരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

കുട്ടിക്ക് ആറ് മാസമാകുമ്പോൾ തന്നെ പാൽപ്പല്ലുകൾ പ്രത്യക്ഷപ്പെടും. ഇവ 20 പല്ലുകളാണ്. രണ്ടര വയസ്സോടെ എല്ലാ പാൽപ്പല്ലുകളും ഉണ്ടാകുന്നു. ആറ് വയസ്സാകുമ്പോൾ ആദ്യത്തെ അണപ്പല്ലുമുണ്ടാകും. പിന്നീട് 12 വയസ്സിനുള്ളിലാണ് 20 പാൽപ്പല്ലുകളും പൊഴിഞ്ഞ് പകരം പല്ലുകൾ വരുന്നത്. പല്ല് മുളക്കുന്ന സമയത്ത് സ്വാഭാവികമായും നീരും പനിയും വേദനയുമുണ്ടാകും; ഉത്കണ്ഠപ്പെടേണ്ടതില്ല. വൃത്തിയുള്ള വിരൽ അല്ലെങ്കിൽ വാങ്ങാൻ കിട്ടുന്ന ടീത്തിംഗ് റിംഗ് ഉപയോഗിച്ച് കുഞ്ഞിന്റെ മോണ വൃത്തിയാക്കാവുന്നതാണ്. ആപ്പിൾ, പേരക്ക മുതലായ കട്ടിയുള്ള പഴങ്ങൾ കടിച്ചുപിടിക്കാൻ നൽകാം.

കുട്ടികളിൽ വൻതോതിൽ ദന്തക്ഷയം കണ്ടുവരുന്നുണ്ട്. പാൽക്കുപ്പി കാരണം ഉണ്ടാകുന്നതിനെ nursing bottle decay എന്നാണ് വിളിക്കുന്നത്. പെട്ടെന്ന് പടരുന്ന കേടിന് Rampant Caries എന്ന് പറയുന്നു. പല അമ്മമാരും കുഞ്ഞ് ഉറങ്ങുന്ന സമയം പാൽക്കുപ്പി വായിൽ നിന്ന് മാറ്റാറില്ല. കുഞ്ഞ് ഉറങ്ങുന്ന സമയം പാൽക്കുപ്പിയിലെ മധുരമുള്ള പാൽ വായിൽ തങ്ങി നിൽക്കുന്നു. ഉറങ്ങുന്ന സമയം ഉമിനീരിന്റെ പ്രവർത്തനവും കുറയുന്നു. ഇത് വർധിച്ചുവരുന്ന ദന്തക്ഷയത്തിന് കാരണമാകുന്നു. അതിനാൽ കുഞ്ഞ് ഉറങ്ങുമ്പോൾ പാൽക്കുപ്പി വായിൽ നിന്ന് മാറ്റണം.

കുഞ്ഞിന്റെ പല്ലിൽ മഞ്ഞ/ കറുത്ത നിറവ്യത്യാസം കണ്ടുതുടങ്ങുമ്പോൾ തന്നെ ദന്തരോഗ വിദഗ്ധനെ കാണിക്കേണ്ടതാണ്. അഴുക്ക് അടിഞ്ഞുകൂടി പല്ലിന് ഇളക്കം സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ കുഞ്ഞിനെ ദിവസവും രണ്ട് നേരം പല്ല് തേക്കാൻ ഓർമിപ്പിക്കുകയും പരിശീലിപ്പിക്കുകയും വേണം. കുഞ്ഞിന്റെ പല്ലിന് ആവശ്യമായ ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകൾ വിപണിയിൽ ലഭ്യമാണ്.
പല്ലിലെ കേട് വർധിച്ച് പഴുപ്പുണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള കേട് സാധാരണരീതിയിൽ അടക്കാൻ കഴിയില്ല. മുതിർന്നവരിൽ റൂട്ട്കനാൽ ചെയ്യുന്നത് പോലെ പൾപ്പോട്ടമി എന്നും പൾപ്പക്റ്റമി എന്നും പേരുള്ള ചികിത്സകൾ ചെയ്ത് ഈ പഴുപ്പിനെ മാറ്റി പല്ല് അടച്ചെടുക്കാം. പാൽപ്പല്ലാണെന്ന് കരുതി പലരും പല്ലെടുക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ പാൽപ്പല്ലുകൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പാൽപ്പല്ലുകൾ നേരത്തേയെടുത്താൽ അതിനടുത്തും എതിർവശത്തുമുള്ള പല്ലുകൾ ആ സ്ഥാനത്തേക്ക് നീങ്ങിവരികയും പിന്നീട് വരുന്ന പല്ലിന് സ്ഥലം തികയാതെ വരികയും ഇത് ഭാവിയിൽ പല്ല് നിരതെറ്റാനും തത്ഫലമായി കമ്പിയിടേണ്ടതായും വരുന്നു. തീരെ നിവൃത്തിയില്ലാതെ വരുമ്പോൾ പല്ലെടുത്ത് ഉടൻ തന്നെ സ്ഥലം പോകാതിരിക്കാൻ മറ്റൊരു കമ്പി (space maintainers) ഇട്ട് ചികിത്സ നൽകാവുന്നതാണ്.

കുട്ടികളിൽ കാണുന്ന ദുശ്ശീലങ്ങളായ വിരൽ ഊമ്പൽ (finger sucking), നഖം കടി (nail biting), വായിലൂടെ ശ്വാസം വിടൽ (mouth breathing), നാക്കുതള്ളൽ (tongue thrusting) തുടങ്ങിയവ കാണുമ്പോൾ ദന്തരോഗ വിദഗ്ധന്റെ ഉപദേശം തേടാവുന്നതാണ്. ഇത്തരം ശീലങ്ങൾ ഭാവിയിൽ നിരതെറ്റിയ പല്ലുകൾ വരുന്നതിന് കാരണമാകാം.

കുട്ടികൾ ഏറെ ഭയക്കുന്നതാണ് ഇഞ്ചക്ഷൻ. പല കുട്ടികളും ദന്തൽ ക്ലിനിക്കിൽ പോകാൻ മടിക്കുന്നത് ഈ പേടി കാരണമാണ്. മാതാപിതാക്കൾ ഒരിക്കലും കുട്ടികളെ പറഞ്ഞുപേടിപ്പിക്കാൻ പാടില്ല. നീ നന്നായി പഠിച്ചില്ലെങ്കിൽ/ നല്ല കാര്യം ചെയ്തില്ലെങ്കിൽ ദന്തൽ ക്ലിനിക്കിൽ കൊണ്ടുപോകും എന്ന് പലരും പറയാറുണ്ട്. ഇത് ക്ലിനിക്ക് ഭീകര സ്ഥലമാണെന്ന ബോധം കുഞ്ഞിൽ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കാർട്ടൂൺ കഥാപാത്രങ്ങളും ചിത്രങ്ങളും വീഡിയോകളുമായി സമ്പന്നമാണ് ഇന്ന് അവരുടെ ദന്തചികിത്സ നന്നായി നൽകുന്ന എല്ലാ ക്ലിനിക്കുകളും. പുഞ്ചിരിച്ച മുഖവും നിറഞ്ഞ മനസ്സുമായി ഏവർക്കും വന്ന് ചികിത്സിച്ച് മടങ്ങാവുന്നതാണ്.

ഡോ. മണികണ്ഠൻ ജി ആർ
[email protected]

(കൺസൾട്ടന്റ് പെരിയോഡോണ്ടിസ്റ്റ്,
തിരുവനന്തപുരം)