Connect with us

Ongoing News

മലബാർ ചരിത്രത്തിനൊരാമുഖം

Published

|

Last Updated

മലബാറിലേക്കുള്ള മുസ്‌ലിം ആഗമനവുമായും കേരളത്തിലെ ഇസ്‌ലാംമത പ്രചാരണവുമായും ബന്ധപ്പെട്ട് ചരിത്രകാരന്മാർക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾക്ക് കൃത്യമായ തീർപ്പ് ഇനിയും കൈവന്നിട്ടില്ല. കേരളത്തിലെ ആദ്യ മസ്ജിദ് എന്ന് ഗണിക്കുന്ന ചേരമാൻ ജുമാമസ്ജിദിന്റെ പ്രാമാണികതയെ ചോദ്യം ചെയ്ത് എം ജി എസ് നാരായണൻ രംഗത്തുവന്നതും പൊന്നാനി തോട്ടുങ്ങൽ പള്ളിയെ കേരളത്തിലെ പ്രഥമ മുസ്‌ലിം പള്ളിയായി അടയാളപ്പെടുത്തിയതും ചരിത്രവഴിയിൽ പുതിയ അന്വേഷണങ്ങൾക്ക് തിരികൊളുത്തിയ സംഭവങ്ങളായിരുന്നല്ലോ. പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ കേരളത്തിന്റെ തന്നെ പ്രഥമ ചരിത്ര വൈജ്ഞാനിക ഗ്രന്ഥമായാണ് സർവരും അംഗീകരിക്കുന്നത്. പൗരാണികമായ ധാരാളം അറിവുകൾ പകർന്നു നൽകുന്ന മഹദ് ഗ്രന്ഥമാണിത്. അതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ച “തഹ്‌രീള് അഹ്‌ലിൽ ഈമാനി അലാ ജിഹാദി അബദ്ദതി സുൽബാൻ” എന്ന ഗ്രന്ഥം മലബാറിനെ പിടികൂടിയ സാമ്രാജ്യത്വ ഭീകരതക്കെതിരെ പോരാടാനുള്ള ആഹ്വാനമായിരുന്നു. മലബാറിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന രണ്ട് ഗ്രന്ഥങ്ങളാണിവ. ഇവയെ അപേക്ഷിച്ച് ഏറെ പഴക്കം കണക്കാക്കുന്ന, ഇസ്‌ലാമിന്റെ മലബാറിലേക്കുള്ള ആഗമനത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന അപൂർവ കൃതിയാണ് “താരീഖ് സുഹൂറിൽ ഇസ്‌ലാം ഫീ മലൈബാർ” എന്ന അറബി രചന. മലബാറിലെ ഇസ്‌ലാമിക ആവിർഭാവ ചരിത്രം എന്നാണ് ഈ അറബി പേര് കൊണ്ട് വിവക്ഷിക്കുന്നത്. പേര് കൊണ്ട് ഈ കൃതി അത്ര പ്രശസ്തമല്ലെങ്കിലും ഉള്ളടക്കം കൊണ്ട് മലബാർ ജനതയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്.

എം ജി എസ് നാരായണൻ

മലബാറിലെ ഇസ്‌ലാമിന്റെ പൗരാണിക ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള സ്ഥലമാണ് മാടായി. മാലിക് ബ്‌നു ദീനാറി(റ)ന്റെ സംഘം കേരളത്തിന്റെ വിവിധയിടങ്ങളിൽ നിർമാണം നടത്തിയവയിൽ മാടായിപ്പള്ളിക്ക് ധാരാളം സവിശേഷതകളുണ്ട്. കൊടുങ്ങല്ലൂർ, കൊല്ലം, ഫാഖാനൂർ, മംഗലാപുരം, കാസർകോട്, ശ്രീകണ്ഠാപുരം, ധർമടം, പന്തലായനി, കൊല്ലം, ചാലിയം എന്നീ പ്രദേശങ്ങളിലും മത പ്രബോധനത്തിന്റെ ഭാഗമായി അറേബ്യയിൽ നിന്നെത്തിയ ഇസ്‌ലാം മത പ്രചാരകർ കടന്നു ചെല്ലുകയും പള്ളികൾ നിർമിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും മാടായി പള്ളിക്കും ആ പ്രദേശത്തിനും സവിശേഷ സ്ഥാനമാണ് ചരിത്രത്തിലുള്ളത്. പൗരാണിക കാലഘട്ടത്തിലെ ഇസ്‌ലാമിന്റെ മലബാർ ആഗമനത്തെയും പ്രചാരണ പ്രവർത്തനങ്ങളെയും കുറിച്ച് വിലപ്പെട്ട വിവരങ്ങൾ കൈമാറിയ ചരിത്ര ഗ്രന്ഥം നൂറ്റാണ്ടുകളായി സൂക്ഷിച്ചുവരുന്നു എന്നത് തന്നെ ഈ പ്രദേശത്തിന്റെ വലിയ പ്രത്യേകതയാണ്. തിരുവിതാംകോട് മാലിക് ബ്‌നു ദീനാർ മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ബ്‌നു മാലിക് എന്ന മഹാനാണ് ഈ പുസ്തകത്തിന്റെ രചന നിർവഹിച്ചത്. പിതാവായ മാലിക്കിൽ നിന്നും പിതാമഹനായ ഹബീബി ബ്‌നു മാലിക്കിൽ നിന്നും കേട്ട വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ബ്‌നു മാലിക് ഈ കൃതി രചിച്ചത്. തുഹ്ഫത്തുൽ മുജാഹിദീൻ, തഹ്‌രീള്, കേരളോത്പത്തി, രഹ്‌ലത്തിൽ മുലൂക്ക് തുടങ്ങിയ ഏറെ പ്രശസ്തമായ പൗരാണിക ഗ്രന്ഥങ്ങളേക്കാൾ പഴക്കം മുഹമ്മദ് ബ്‌നു മാലിക്കിന്റെ താരീഖ് സുഹൂറിനുള്ളതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഇതിന്റെ അറബിയിലുള്ള കൈയെഴുത്തു പ്രതി മാടായി പള്ളിയിൽ സൂക്ഷിക്കുന്നുണ്ടെന്ന് ഗവേഷകർ വിവരം നൽകുന്നു.

ഇസ്‌ലാമിന്റെ മലബാറിലേക്കുള്ള ആഗമനത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും താരീഖ് സുഹൂറിൽ മുഹമ്മദ്ബ്‌നു മാലിക് നൽകുന്ന വിവരണമാണ് ദേശവാസികളുടെ ഇടയിൽ ഏറ്റവുമധികം വ്യാപകമായിട്ടുള്ളത്. സഹീറുദ്ദീൻ ബ്‌നു തഖിയുദ്ദീനി(റ)ൽ തുടങ്ങുന്ന ചരിത്രമാണ് മുസ്‌ലിം ആഗമനവുമായി ബന്ധപ്പെട്ട് മുഹമ്മദ് ബ്‌നു മാലിക് ഗ്രന്ഥത്തിൽ പങ്കുവെക്കുന്നത്. മലബാറുമായുള്ള അറബികളുടെ കച്ചവടബന്ധം ഏറെ പ്രശസ്തമാണെല്ലൊ.

എ ശ്രീധര മേനോൻ

പ്രവാചകർ മുഹമ്മദ് (സ) യുടെ ആഗമനത്തോടെ മത പ്രബോധന ലക്ഷ്യവുമായി ധാരാളം പേർ കച്ചവട സംഘത്തോടൊപ്പവും അല്ലാതെയും കടൽ കടന്ന് ദീർഘ യാത്ര നടത്തുകയും പ്രബോധന പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തിരുന്നു. മുഹമ്മദ് നബി (സ) യുടെ അത്ഭുത പ്രവൃത്തികളിൽ ഏറ്റവും തിളക്കമേറിയ സംഭവമായ ചന്ദ്രനെ പിളർത്തിയത് മക്കക്കാർ അനുഭവിച്ചറിഞ്ഞത് ഹിജ്‌റക്ക് മുമ്പായിരുന്നല്ലൊ. പ്രവാചകരുടെ ഈ മഹദ് കൃത്യം തത്സമയം കേരളത്തിൽ നിന്ന് അനുഭവിച്ചറിഞ്ഞ ചേരമാൻ പെരുമാൾ നിജസ്ഥിതി ബോധ്യപ്പെടാൻ പല ശ്രമങ്ങൾ നടത്തിയെങ്കിലും തൃപ്തികരമായ വിശദീകരണങ്ങളൊന്നും ലഭിച്ചിരുന്നില്ല. കൊടുങ്ങല്ലൂർ കടൽ തീരത്തെത്തിയ ജൂത, ക്രൈസ്തവ പുരോഹിതരുമായി അനുഭവം പങ്കുവെച്ചെങ്കിലും അവർ നൽകിയ മറുപടി അദ്ദേഹത്തെ തൃപ്തനാക്കിയില്ല. പിന്നീടാണ് സഹീറുദ്ദീൻ ബ്‌നു തഖിയുദ്ദീന്റെ നേതൃത്വത്തിൽ ഒരു യാത്രാ സംഘം കൊടുങ്ങല്ലൂരിൽ എത്തിയത്. വിവരമറിഞ്ഞ ചേരമാൻ പെരുമാൾ സംഘത്തെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് തന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന അത്ഭുത കാഴ്ചയെ കുറിച്ച് ചർച്ച ചെയ്തു. രാജാവിന്റെ സംസാരത്തിൽ നിന്നും സമയവും കാലവും കൃത്യമായി ഗണിച്ചെടുത്ത സഹീറുദ്ദീൻ ബ്‌നു തഖിയുദ്ദീൻ പ്രസ്തുത സംഭവത്തിന്റെ പശ്ചാത്തലം കൃത്യമായി രാജാവിന് വിശദീകരിച്ചു കൊടുത്തു. വിശദീകരണത്തിൽ രാജാവ് പൂർണ തൃപ്തനാകുകയും യാത്രാ സംഘത്തോടൊപ്പം മക്കയിലേക്ക് പോരാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. സിലോണിലെ (ശ്രീലങ്ക) ആദം മല ലക്ഷ്യമാക്കിയിറങ്ങിയവരാണ് തങ്ങളെന്നും തിരികെയുള്ള യാത്രയിൽ കൂടെ കൂട്ടാം എന്നും അവർ രാജാവിനെ അറിയിച്ചു.

പറഞ്ഞു നിശ്ചയിച്ചത് പ്രകാരം സിലോണിലേക്കു പോയ യാത്രാ സംഘം തിരിച്ചെത്തുമ്പോഴേക്കും രാജാവ് യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. തന്റെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നവർക്കായി വിഭജിച്ചു നൽകി അധികാര കൈമാറ്റം നടത്തി വിലപിടിപ്പുള്ള കുറെ സാധനങ്ങളുമായി ധർമപട്ടണത്തേക്കു വരികയും മൂന്ന് ദിവസം തന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുകയും അവിടെ നിന്ന് യാത്രാ സംഘത്തോടൊപ്പം അറേബ്യയിലേക്ക് തിരിക്കുകയും ചെയ്തു. ഏറെ പ്രയാസങ്ങൾ സഹിച്ച് കടൽ കൊള്ളക്കാരെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് ദിവസങ്ങൾ നീണ്ട യാത്രക്കൊടുവിൽ ജിദ്ദ കടൽ തീരത്ത് സംഘം കപ്പലിറങ്ങി. ഇന്ത്യയിൽ നിന്ന് അറേബ്യയിലേക്ക് വിരുന്നെത്തിയ രാജാവിനെ സ്വീകരിക്കാൻ പ്രവാചകർ (സ) അനുയായികളുമൊത്ത് മക്കയുടെ വെളിയിലേക്ക് വന്നുവെന്നും ഏറെ ആഹ്ലാദത്തോടെ അദ്ദേഹത്തിന് മക്കയിൽ വരവേൽപ്പ് നൽകിയെന്നും ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. പ്രഥമ ദർശനത്തിൽ തന്നെ പെരുമാൾ ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാമിക പ്രവേശം പ്രഖ്യാപിച്ചു എന്നാണു ചരിത്ര മൊഴി. താജുദ്ദീൻ എന്ന് അദ്ദേഹത്തിന് പുനർനാമകരണം ചെയ്തതും റസൂൽ കരീം (സ) ആയിരുന്നു. “ഇതാരാണ്” എന്ന അബൂബക്കറി(റ)ന്റെ ചോദ്യത്തിന്, “നമുക്ക് ഇഞ്ചിയും കുരുമുളകും നൽകുന്ന നാട്ടിലെ രാജാവാ”ണെന്നാണ് നബി തിരുമേനി മറുപടി നൽകിയത്.

അഞ്ച് വർഷത്തോളം അദ്ദേഹം അറേബ്യയിൽ താമസിക്കുകയും അതിനിടയിൽ യമനിൽ നിന്നുള്ള സ്വഹാബിവര്യനായ മാലിക് ബ്‌നു ദീനാറി (റ)ന്റെ സഹോദരിയെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് രാജാവ് ജന്മദേശത്തേക്ക് തിരികെ പോകാനും അവിടെ ഇസ്‌ലാം മത പ്രബോധനം നടത്താനും താത്പര്യം പ്രകടിപ്പിക്കുകയും പ്രവാചകർ (സ) യുടെ അനുമതിയോടെ ഹബീബ് ബ്‌നു മാലികി(റ)ന്റെ നേതൃത്വത്തിൽ രാജാവും സംഘവും മക്കയിൽ നിന്ന് യാത്ര തിരിക്കുകയും ചെയ്തു. പ്രസ്തുത യാത്രയിലുണ്ടായിരുന്നവരായി താരീഖ് സുഹൂറിൽ പരിചയപ്പെടുത്തുന്നത് ഇവരെയാണ്: ഹബീബ് ബ്‌നു മാലിക് (റ), മുഹമ്മദ് ബ്‌നു മാലിക് (റ), അലീബ് ബ്‌നു മാലിക് (റ), ഹുസൈൻ ബ്‌നു മാലിക് (റ), തഖിയുബ്‌നു മാലിക് (റ), അബ്ദുർറഹ്മാൻ ബ്‌നു മാലിക് (റ), ഇബ്‌റാഹീം ബ്‌നു മാലിക് (റ), മൂസ ബ്‌നു മാലിക് (റ), ഉമർ ബ്‌നു മാലിക് (റ), ഹസൻ ബ്‌നു മാലിക് (റ), ഖമാരിയ്യത് (റ), ഫാത്വിമ (റ ), ആഇശ (റ), സൈനബ് (റ), ത്വാഹിറ (റ), ഹലീമ (റ).

പക്ഷെ, സംഘം യാത്ര തുടങ്ങി യമനിലെ ശഹ്ർ മുഖലയിൽ എത്തിയപ്പോൾ രാജാവ് അസുഖബാധിതനാകുകയും മരണപ്പെടുകയും ചെയ്തു. തനിക്ക് മരണം സംഭവിച്ചാലും യാത്ര ഒരു കാരണവശാലും അവസാനിപ്പിക്കരുത് എന്ന് രാജാവ് ഒസ്യത്ത് ചെയ്തിരുന്നു. താൻ കൂടെയില്ലാതെ മലബാറിൽ എത്തിയാൽ ആരെ കാണണമെന്നും എങ്ങനെ നീങ്ങണമെന്നും വ്യക്തമായി അവരെ ബോധ്യപ്പെടുത്തുകയും കേരള നാട്ടിലെ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് സഹായം ലഭ്യമാക്കുന്നതിന് വേണ്ടി രാജാവ് കത്തുകൾ നൽകുകയും ചെയ്തിരുന്നു. രാജാവിന്റെ മരണം സംഭവിച്ച് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് സംഘം യാത്ര തുടർന്നത് എന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.

“താരീഖ് സുഹൂറിൽ ഇസ്‌ലാം ഫീ മലൈബാർ” എന്ന ഗ്രന്ഥത്തിലെ ഈ വിവരണം ചരിത്ര പണ്ഡിതന്മാർ വ്യത്യസ്ത തരത്തിലാണ് വ്യഖ്യാനിക്കുന്നത്. ശ്രീധരമേനോനെ പോലുള്ള ചുരുക്കം ചില ചരിത്രകാരന്മാർ പെരുമാളിന്റെ അറേബ്യൻ യാത്രയെ തന്നെ പൂർണമായും അവിശ്വസിക്കുന്നു. എം ജി എസ് നാരായണന്റെ നിഗമന പ്രകാരം, എ ഡി 1122ൽ അവസാന ചേര ചക്രവർത്തി രാമകുലശേഖരൻ ആണ് മക്കയിലേക്ക് യാത്ര പോയതും മാലിക് ബ്‌നു ദീനാർ, ശറഫ് ബ്‌നു മാലിക്, മാലിക് ബ്‌നു ഹബീബ് എന്നിവരെ കേരളത്തിലേക്കു പ്രബോധന ദൗത്യത്തിന് പ്രേരിപ്പിച്ചതെന്നുമാണ്.

നിഗമനങ്ങൾ എന്തൊക്കെയായാലും കേരളത്തിന്റെ പൗരാണിക രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്. ചേരചോളാ ഭരണ വിഭാഗങ്ങളിലേക്കും മംഗലാപുരം മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന പഴയ മലബാർ പ്രദേശങ്ങലേക്കും കൃത്യമായ ചരിത്രാന്വേഷണങ്ങൾ ഇനിയും ധാരാളം നീളേണ്ടതുണ്ടെന്ന ആവശ്യകതയും ഈ കൃതി നമുക്ക് നൽകുന്ന പാഠമാണ്.
.