ഗാന്ധിജിയെ മദ്യ പ്രചാരകനാക്കി ഇസ്റാഈൽ മദ്യകമ്പനി

Posted on: June 30, 2019 6:04 am | Last updated: June 30, 2019 at 5:10 pm

കോട്ടയം: ഇന്ത്യയുടെ സുഹൃത്ത് രാജ്യമായ ഇസ്റാഈലിൽ പുറത്തിറക്കിയ മദ്യക്കുപ്പികളിൽ രാഷ്ട്രപിതാവായ ഗാന്ധിജിയെ മദ്യ പ്രചാരകനാക്കി ചിത്രീകരിക്കുന്ന ചിത്രം പ്രദർശിപ്പിച്ച് അധിക്ഷേപിച്ചതിനെതിരെ പ്രതിഷേധം.
ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, ഇസ്റാഈൽ പ്രധാനമന്ത്രി എന്നിവർക്ക് പാലായിലെ മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഇ-മെയിലിൽ പരാതി അയച്ചു.

ഇസ്റാഈലിന്റെ 71ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ടെഫെൻ ഇൻഡസ്ട്രിയൽ സോണിലെ മാൽക്ക മദ്യ നിർമാണശാലയാണ് ചരിത്ര നേതാക്കളുടെ ചിത്രമെന്ന നിലയിൽ മറ്റ് നാല് പേർക്കൊപ്പം ഇന്ത്യൻ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പിയിൽ ചേർത്തത്. ചിത്രം ആലേഖനം ചെയ്ത മദ്യം ഗിഫ്റ്റ് പാക്കറ്റിലും അല്ലാതെയുമായിട്ടാണ് വിപണനം നടത്തി വരുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ പറയുന്നു.
ഗാന്ധിജിയെ വികലമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതികളിൽ പറയുന്നു. കൂളിംഗ് ഗ്ലാസ് ധരിച്ച് ബനിയനും ഓവർക്കോട്ടും ധരിപ്പിച്ച് കോമാളിയാക്കി ചിത്രീകരിച്ചിരിക്കുന്നത് അവഹേളനപരമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമിത് ഷിമോണി എന്നയാളാണ് ഗാന്ധിജിയുടെ ചിത്രം വികലമായി ചിത്രീകരിച്ചിരിക്കുന്നതെന്നും വെബ്‌സൈറ്റുകളിൽ പറയുന്നുണ്ട്.

ഇതുപ്രകാരം ഇയാളുടെ വെബ്‌സൈറ്റായ tthps://www.hitsporyart.com/ പരിശോധിച്ചപ്പോൾ ഗാന്ധിജിയെ കോമാളിയായി ചിത്രീകരിക്കുന്ന നിരവധി ചിത്രങ്ങളും ഉത്പന്നങ്ങളും വിൽപ്പനക്കായി പ്രദർശിപ്പിട്ടുണ്ടെന്നു കണ്ടെത്തിയതായും എബി ജെ ജോസ് പറയുന്നു. വെബ്സൈറ്റിൽ ചിത്രകാരന്റെ സ്ഥലം ടെൽ അവീവിലാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.

മദ്യത്തിനെതിരെ കർശന നിലപാടുകളുണ്ടായിരുന്ന രാഷ്ട്രപിതാവിനെ മദ്യ പ്രചാരകനായി ചിത്രീകരിച്ചതിനും ഗാന്ധിജിയുടെ ചിത്രം വികലമായി ചിത്രീകരിച്ചതിനുമെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ഫൗണ്ടേഷൻ രാഷ്ട്ര നേതാക്കളോട് അഭ്യർഥിച്ചു. മദ്യക്കമ്പനിയും ചിത്രകാരനും മാപ്പു പറയണമെന്നും അല്ലാത്തപക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും എബി ജെ ജോസ് വ്യക്തമാക്കി. ടിക് ടോക്ക് വീഡിയോയിലൂടെ ഇസ്റാഈലിൽ നിന്ന് അജ്ഞാതനായ ഒരു മലയാളി പുറത്തു കൊണ്ടുവന്ന ഈ സംഭവത്തെക്കുറിച്ചു നടത്തിയ അന്വേഷണമാണ് ഗാന്ധിജിയെ അവഹേളിച്ച നടപടി കണ്ടെത്താൻ ഇടയാക്കിയതെന്നും എബി ജെ ജോസ് വ്യക്തമാക്കി.