Connect with us

Ongoing News

കിവീസിനെ തകർത്ത് ഓസീസ്; ജയം 86 റൺസിന്

Published

|

Last Updated

ലണ്ടന്‍: തകര്‍പ്പന്‍ ഫോമില്‍ കളിച്ച ന്യൂസിലാന്‍ഡിനെ തകര്‍ത്തു വിട്ട് ആസ്‌ത്രേലിയ ലോകകപ്പ് സെമിയിലേക്ക് ആധികാരികമായി പ്രവേശിച്ചു. 86 റണ്‍സിനായിരുന്നു ഓസീസ് ജയം. എട്ട് മത്സരങ്ങളില്‍ നിന്ന 14 പോയിന്റുള്ള ഓസീസ് ടേബിളില്‍ ഒന്നാംസ്ഥാനത്ത്. എട്ട് കളികളില്‍ 11 പോയിന്റുള്ള ന്യൂസിലാന്‍ഡ് മൂന്നാംസ്ഥാനത്ത്.
ടോസ് ജയിച്ച് ആദ്യംബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 243 റണ്‍സെടുത്തു. കിവീസിന്റെ മറുപടി 43.4 ഓവറില്‍ 157ന് ആള്‍ ഔട്ട്.

ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സില്‍ ആര്‍ക്കും തന്നെ അര്‍ധസെഞ്ച്വറി നേടാന്‍ സാധിച്ചില്ല. നാല്‍പത് റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയിന്‍ വില്യംസനാണ് ടോപ് സ്‌കോറര്‍. റോസ് ടെയ്‌ലര്‍ (30) ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിയെങ്കിലും വലിയ ഇന്നിംഗ്‌സ് സാധ്യമായില്ല. മാര്‍ട്ടിന്‍ ഗുപ്ടില്‍ (20), ഹെന്റി നികോള്‍സ് (8), ടോം ലാഥം (14), കോളിന്‍ ഗ്രാന്‍ഹോം (0), ജെയിംസ് നീഷാം (9), മിച്ചെല്‍ സാനെര്‍ (12), ഇഷ് സോധി (5), ലോക്കി ഫെര്‍ഗൂസന്‍ (0) എന്നിവര്‍ കിവീസ് ബാറ്റിംഗ് ലൈനപ്പില്‍ നിരാശപ്പെടുത്തി.

അവസാന ബാറ്റ്‌സ്മാന്‍ ട്രെന്റ് ബൗള്‍ട്ട് രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനമാണ് കിവീസിന്റെ നടുവൊടിച്ചത്. ജാസന്‍, പാറ്റ് കുമിന്‍സ്, നഥാന്‍ ലിയോണ്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ഫിഞ്ചും ഒരൊവര്‍ എറിഞ്ഞു. മാര്‍കസ് സ്‌റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരും പന്തെടുത്തതോടെ ഓസീസ് ബൗളിംഗ് ലൈനപ്പില്‍ എട്ട് പേരായി.

ലോകകപ്പിലെ കരുത്തരുടെ പോരില്‍ ന്യൂസിലാന്‍ഡിനെതിരെ ആസ്‌ത്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ക്രീസിലെത്തിയ ഓസീസിന് നിശ്ചിത അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 243 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
88 റണ്‍സെടുത്ത വണ്‍ ഡൗണ്‍ മാന്‍ ഉസ്മാന്‍ ഖ്വാജയാണ് വലിയ നാണക്കേടില്‍ നിന്ന് ഓസീസിനെ കരകയറ്റിയത്. 129 പന്തുകളാണ് ഖ്വാജ നേരിട്ടത്. അഞ്ച് ഫോറുകള്‍ നേടി. 10 ഓവറില്‍ 51 റണ്‍സിന് നാല് വിക്കറ്റെടുത്ത ട്രെന്റ് ബൗള്‍ട്ടിന്റെ മാസ്മരിക പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്.

ഫോം കണ്ടെത്തിയ ഉസ്മാന്‍ ഖ്വാജയുടെ കുറ്റി തെറിപ്പിച്ച  ബൗള്‍ട്ട് ആസ്‌ത്രേലിയന്‍ടീമിന്റെ ആത്മവിശ്വാസമാണ് അതോടൊപ്പം എറിഞ്ഞിട്ടത്.

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (8), മിച്ചല്‍ സ്റ്റാര്‍ക് (0), ജാസന്‍ ബെഹ്‌റന്‍ഡോഫ് (0) എന്നിവരെയും ബൗള്‍ട്ട് പുറത്താക്കി. ലോക്കി ഫെര്‍ഗൂസനും ജെയിംസ് നീഷാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് കാരെ മികവ് കാണിച്ചതും ഓസീസിന് തുണയായി. 72 പന്തില്‍ 71 റണ്‍സെടുത്ത കാരെയാണ് സ്‌കോര്‍ 200 കടത്തിയത്. പതിനൊന്ന് ബൗണ്ടറികളും കാരെ നേടി.
വില്യംസണിന്റെ പന്തില്‍ ഗുപ്ടിലിന് ക്യാച്ചാവുകയായിരുന്നു കാരെ. 23 റണ്‍സുമായി പാറ്റ് കുമിന്‍സ് പുറത്താകാതെ നിന്നു. ഡേവിഡ് വാര്‍ണര്‍ (16) പെട്ടെന്ന് പുറത്തായത് ഓസീസിന്റെ താളം തെറ്റിച്ചു.

സ്റ്റീവന്‍ സ്മിത്ത് അഞ്ച് റണ്‍സെടുത്ത് മടങ്ങിയതും ക്ഷീണമായി. മാര്‍കസ് സ്‌റ്റോയിനിസ് (21), ഗ്ലെന്‍ മാക്‌സ്വെല്‍ (1) എന്നിവരും നിരാശപ്പെടുത്തി.