ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ കേന്ദ്രം നിയമ നിർമാണം നടത്തണം: സമസ്ത

Posted on: June 29, 2019 10:50 pm | Last updated: June 30, 2019 at 1:06 pm


കോഴിക്കോട്: വർഗീയവാദികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് ശക്തമായ നിയമം നിർമിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ ആവശ്യപ്പെട്ടു.

തുടർച്ചയായ ആൾക്കൂട്ട കൊലപാതകങ്ങൾ ലോകസമൂഹത്തിനു മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുകയാണ്. നേരത്തേ നടന്ന ആക്രമണങ്ങളിൽ ഭരണകൂടവും നിയമപാലകരും ശക്തമായ നടപടി എടുത്തിരുന്നുവെങ്കിൽ ഝാർഖണ്ഡിലെ തബ്്രീസ് അൻസാരിയുടെ കൊലപാതകം ഒഴിവാക്കാനാകുമായിരുന്നു. ചില കേസുകളിൽ അക്രമികളോട് ഉദാര നിലപാടാണ് ഭരണകൂടം സ്വീകരിച്ചത്. ഇതാണ് ആൾക്കൂട്ട അക്രമങ്ങൾ വർധിക്കാനിടയാക്കിയത്.

ആർക്കും ആരെയും കൊലപ്പെടുത്താവുന്ന സാഹചര്യമുണ്ടാകുന്നത് നിയമവാഴ്ച തകരുമ്പോഴാണ്. ശക്തമായ നിയമനിർമാണത്തിലൂടെയും നിയമവാഴ്ചയിലൂടെയും മാത്രമേ ഇതിന് അറുതിവരുത്താനാവുകയുള്ളൂ. ആൾക്കൂട്ട ആക്രമണങ്ങളെ ദേശവിരുദ്ധ പ്രവർത്തനമായി കണ്ട് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും മുശാവറ അഭിപ്രായപ്പെട്ടു.

സംഘടനാ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനും കേരള മുസ്‌ലിം ജമാഅത്ത് തയ്യാറാക്കിയ വിഷൻ 2019 ന് അംഗീകാരം നൽകി.

പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ളിയാഉൽ മുസ്ഥഫ മാട്ടൂൽ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, കോടമ്പുഴ ബാവ മുസ്‌ലിയാർ, പൊന്മള മൊയ്തീൻ കുട്ടി മുസ്‌ലിയാർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, ഹുസൈൻ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്ല്യാപള്ളി, പി വി മൊയ്തീൻ കുട്ടി മുസ്‌ലിയാർ, അബൂഹനീഫൽ ഫൈസി തെന്നല, ഇസ്സുദ്ദീൻ കാമിൽ സഖാഫി കൊല്ലം, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഖ്താർ ഹസ്‌റത്ത് പാലക്കാട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുന്നാസിർ അഹ്‌സനി ഒളവട്ടൂർ, എ ത്വാഹ മുസ്‌ലിയാർ ചർച്ചയിൽ പങ്കെടുത്തു. എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം സ്വാഗതം പറഞ്ഞു.