Connect with us

National

വികാസ് ചൗധരി വധം: പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് പോലീസ്; രണ്ടുപേര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഹരിയാനയില്‍ സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി ഫരീദാബാദിലെ ജിമ്മില്‍ വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ സ്ത്രീയുള്‍പ്പടെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൃത്യത്തിനായി തോക്ക് ലഭ്യമാക്കിയ ഗുര്‍ഗാവോന്‍ സ്വദേശികളായ രോഷ്‌നി, നരേഷ് എന്നിവരാണ് അറസ്റ്റിലായത്. വെടിയുതിര്‍ത്ത രോഷ്‌നിയുടെ ഭര്‍ത്താവ് കൗശലിനെയും സംഘത്തെയും ഇനിയും പിടികൂടാനായിട്ടില്ല. എന്നാല്‍, പ്രതികള്‍ ഉപയോഗിച്ച മാരുതി എസ് എക്‌സ്4 കാര്‍ കണ്ടെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. സെക്ടര്‍-9ലെ ജിമ്മിനു വെളിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ തന്റെ കാര്‍ പാര്‍ക്ക് ചെയ്തയുടനെയാണ് ഹരിയാന കോണ്‍ഗ്രസ് വക്താവായ ചൗധരിക്കു നേരെ ആക്രമണമുണ്ടായത്. പന്ത്രണ്ട് റൗണ്ട് വെടിവെപ്പാണ് പ്രതികള്‍ നടത്തിയത്. സംഭവത്തില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന
സര്‍ക്കാറിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മനോഹര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ ഉദാഹരണമാണ് ഈ ആക്രമണമെന്ന് പാര്‍ട്ടി നേതൃത്വം ആരോപിച്ചു. ഹരിയാനയിലെ നിയമ-ക്രമസമാധാന നില വഷളായതിന്റെ പ്രതിഫലനമാണ് വികാസ് ചൗധരി വധമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങളെ വികാസ് ചൗധരിയുടെ ക്രിമിനല്‍ റെക്കോഡുകള്‍ പുറത്തുവിട്ട് പ്രതിരോധിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, ബലം പ്രയോഗിച്ചുള്ള പണാപഹരണം തുടങ്ങിയ കേസുകളില്‍ 13 എഫ് ഐറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഹരിയാനയിലെ പോലീസ് മേധാവി നവ്ദീപ് സിംഗ് പറഞ്ഞു. സ്വന്തം ക്രിമിനല്‍ പശ്ചാത്തലവുമായി ബന്ധപ്പെട്ടതാണ് ചൗധരിയുടെ കൊലപാതകമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Latest