കോടഞ്ചേരിയില്‍ തൊഴിലാളി മരിച്ചത് വിഷമദ്യത്താലെന്ന് സ്ഥിരീകരിക്കാനായില്ലെന്ന് പോലീസ്

Posted on: June 29, 2019 10:05 am | Last updated: June 29, 2019 at 12:15 pm

കോഴിക്കോട്: കോടഞ്ചേരിയില്‍ എസ്റ്റേറ്റ് തൊഴിലാളി മരിക്കാനിടയായത് വിഷമദ്യം മൂലമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പോലീസ്. പാലക്കല്‍ ചെമ്പിലി ആദിവാസി കോളനിയിലെ കൊളമ്പന്‍ (68) മരിച്ചത് മദ്യം കഴിച്ചതുമൂലമെന്ന് ഇതുവരെ കണ്ടെത്തനായില്ലെന്ന് താമരശേരി ഡിവൈഎസ്പി പറഞ്ഞു. പരിശോധനയില്‍ കോളനിയില്‍നിന്നും മദ്യം കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊളമ്പനൊപ്പമുണ്ടായിരുന്ന നാരായണന്‍(60), ഗോപാലന്‍ (50) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.വെള്ളിയാഴ്ച രാത്രി ഏഴോടെ പണി കഴിഞ്ഞ് വരുന്നവഴി ഒരു കുപ്പി ലഭിച്ചെന്നും മൂവരും അത് കഴിച്ചെന്നുമുള്ള വിവരമാണ് ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ദ്രാവകം കഴിച്ച ഉടനെ അസ്വസ്ഥത പ്രകടിപ്പിച്ച മൂന്ന് പേരെയും നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകവേ കൊളമ്പന്‍ മരിച്ചു