കാശ്മീര്‍ അജണ്ടയാക്കാന്‍ ബിജെപി; കാശ്മീരിന്റെ പകുതി നഷ്ടപ്പെടുത്തിയത് നെഹ്‌റുവെന്ന് അമിത്ഷാ

Posted on: June 28, 2019 9:53 pm | Last updated: June 29, 2019 at 9:54 am

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ സംവരണ ഭേദഗതി ബില്‍, സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്ന പ്രമേയം, എന്നിവ അവതരിപ്പിക്കുന്നതിനിടെയാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്. കശ്മീരിന്റെ ഒരു ഭാഗം നഷ്ടമാകാന്‍ കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യാ വിഭജനത്തിന് കാരണം കോണ്‍ഗ്രസാണ്. ജമ്മു കശ്മീരിലെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരിത്രപരമായ വിഡ്ഢിത്തത്തിന് രാജ്യം വില നല്‍കേണ്ടി വന്നു. നെഹ്‌റുവിന്റെ നിലപാടിനെ തുടര്‍ന്ന് ജമ്മു കശ്മീരിന്റെ മൂന്നിലൊന്ന് ഇന്ത്യക്ക് നഷ്ടമായെന്നും ഷാ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 356 പ്രകാരം 132 തവണയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഇതില്‍ 93 തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറായിരുന്നു അധികാരത്തില്‍. ഈ വര്‍ഷം അവസാനത്തോടെയല്ലാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് രാഷ്ട്രപതി ഭരണം നീട്ടുന്ന പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഷാ പറഞ്ഞു. അമര്‍നാഥ് യാത്ര, ബഖര്‍വാള്‍ സമുദായം ഒക്‌ടോബര്‍ വരെ മലമുകളില്‍ താമസിക്കുന്നത് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷാ ഇക്കാര്യം പറഞ്ഞത്. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് നല്‍കിയിരുന്ന പിന്തുണ ബി ജെ പി പിന്‍വലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം നിലവില്‍ വന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുതയില്ലാത്ത പോരാട്ടമാണ് മോദി സര്‍ക്കാറിന്റെ നിലപാട്. കുടുംബങ്ങളുടെ കൈയില്‍ നിന്ന് അധികാരം പോയതിന് ശേഷം നടന്ന പഞ്ചായത്ത്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരുതുള്ളി രക്തം പോലും വീണിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷ ബഹളത്തിനിടെ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കുന്ന ഭേദഗതി ബില്ലും രാഷ്ട്രപതി ഭരണം നീട്ടുന്ന പ്രമേയവും ലോക്‌സഭ പാസ്സാക്കി. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്കാണ് സംവരണം ലഭിക്കുക.