സ്വര്‍ണ്ണക്കടത്ത് കേസ്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരാണോയെന്ന് ഹൈക്കോടതി

Posted on: June 28, 2019 12:33 pm | Last updated: June 28, 2019 at 2:56 pm

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ഇവിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയര്‍ ആണോ എന്ന് കോടതി ചോദിച്ചു. കേസിലെ നാല് പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശം.

കേസില്‍ കസ്റ്റംസ് സൂപ്രണ്ടിന്റെ പങ്ക് അന്വേഷിക്കണം. 83തവണ പ്രതികള്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്നത് വേദനാജനകമാണെന്നും കോടതി പറഞ്ഞു. മെയ് 13നാണ് ദുബൈയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 25 കിലോഗ്രാം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മനോഹര്‍ പിന്നീട് ഡിആര്‍ഐ ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.