ഇഞ്ചി കൃഷി ലാഭകരമാക്കാം; സാങ്കേതിക വിദ്യ വികസിപ്പിച്ച് കാർഷിക സർവകലാശാല

Posted on: June 28, 2019 12:22 pm | Last updated: June 28, 2019 at 12:22 pm

തൃശൂർ: കൃഷിക്കാവശ്യമായ വിത്തിന്റെ അളവ് കുറച്ചും രോഗവിമുക്തമായ വിത്ത് ഉത്പാദനത്തിലൂടെയും ഇഞ്ചി കൃഷി ലാഭകരമാക്കാനുള്ള സാങ്കേതിക വിദ്യ കേരള കാർഷിക സർവകലാശാല വികസിപ്പിച്ചു. ഗുണമേന്മയുള്ള ഇഞ്ചി വിത്തിന്റെ ലഭ്യതക്കുറവും അമിത വിലയും സംസ്ഥാനത്തെ ഇഞ്ചി കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ടിഷ്യു കൾച്ചറിന്റെ സമർഥമായ ഉപയോഗത്തിലൂടെ ഗുണമേന്മയും വിളവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന മൈക്രോ റൈസോം സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

മിഷൻ ഇൻ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ്ഇൻ ഹോർട്ടികൾച്ചർ എന്ന കേന്ദ്ര പദ്ധതിയുടെ സാമ്പത്തിക സഹായത്തിലൂടെ വെള്ളാനിക്കരയിലുള്ള സെന്റർ ഫോർ പ്ലാന്റ് ബയോ ടെക്‌നോളജി ആൻഡ് മോളികുലർ ബയോളജി നടത്തിയ ഗവേഷണത്തിലാണ് ഈ നേട്ടം. കാർഷിക സർവകലാശാല തന്നെ പുറത്തിറക്കിയ അത്യുത്പാദന ശേഷിയുള്ള ആതിര, കാർത്തിക, അശ്വതി എന്നീ ഇനങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഈ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിക്കാനുള്ള വഴിയൊരുക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.

വർഷം മുഴുവൻ ഇഞ്ചി വിത്തിന്റെ ലഭ്യത ഉറപ്പു വരുത്താനും സാധാരണ ടിഷ്യുകൾച്ചർ വിത്തിൽ നിന്ന് വ്യത്യസ്തമായി നടുന്ന വർഷം തന്നെ വിളവെടുക്കാനും ഈ സാങ്കേതിക വിദ്യ സഹായകമാകും. രോഗവിമുക്തമായ വിത്ത് ഉപയോഗിക്കുന്നത് മൂലം രാസ കീടനാശിനികൾ ആവശ്യമില്ലാത്തതിനാൽ സുരക്ഷിതമായ വിളവ് ലഭ്യമാക്കാനും ഇത് സഹായകമാകും.