Connect with us

Ongoing News

ഉടനെ മലമ്പണ്ടാരങ്ങളും ചരിത്രമായേക്കാം

Published

|

Last Updated

ചില്ല് ചില്ല് ചിടി ചിടി ചിലച്ച്
അമ്മാ പാക് ചില്ല് പിടിച്ച്
കാരുടെ മൂട് ചില്ല് ചിലി ചിലച്ച്
ഒരുവൻ മണ്ട് ചിലിച്ച്, ചിലിച്ച്
അമ്മാ കഴുവെ ചിചിച്ച് ചിലിച്ച്

(ഇത്രയും പറഞ്ഞാൽ കടുവ അവിടെ നിന്ന് അനങ്ങുകയില്ല എന്നാണ് വിശ്വാസം, പറഞ്ഞറിഞ്ഞ കഥ)

പ്രാകൃത ജീവിത രീതിയിൽ നിന്ന് പൂർണമായി മുക്തി നേടിയിട്ടില്ലാത്തവരാണ് മലമ്പണ്ടാരങ്ങൾ. ആദിവാസികളുടെ ഭൗതിക ലക്ഷണങ്ങളെല്ലാം തികഞ്ഞ കൂട്ടരാണിവർ. അതിനാൽ തന്നെ ഇന്നലെകളിൽ സംസ്ഥാനത്തെ പ്രാക്തന ഗോത്ര സമൂഹമായി അറിയപ്പെട്ടിരുന്നു മലമ്പണ്ടാരങ്ങൾ. എന്നാൽ, സംസ്ഥാനത്തെ ആദിവാസി സമുഹത്തെ കുറിച്ചുള്ള പട്ടിക വർഗ വികസന വകുപ്പിന്റെ പുതിയ പട്ടികയിൽ നിന്ന് അറിഞ്ഞോ, അറിയാതെയോ മലമ്പണ്ടാരങ്ങളെ പ്രാക്തന ആദിവാസി ഗണത്തിൽ ഉൾപ്പെടുത്തുന്നില്ല. പട്ടിക വർഗ വികസന വകുപ്പ് അവസാനമായി പുറത്തു വിട്ട കണക്കുകൾ പ്രകാരം 230 കുടുംബങ്ങളിലായി 694 പേർ മാത്രമാണ് മലമ്പണ്ടാര ആദിവാസി വിഭാഗങ്ങളിൽ പത്തനംതിട്ടയിലുള്ളത്. സംസ്ഥാനത്ത് ഇടുക്കിയിൽ 12 കുടുംബങ്ങളുള്ളതായി ചില കണക്കുകളിൽ രേഖപ്പെടുത്തിയും കാണുന്നു. ഇതിൽ 92 കുടുംബങ്ങളാണ് പൂർണമായും കൊടും വനത്തിനുള്ളിൽ ജീവിക്കുന്നത്. മലമ്പണ്ടാരങ്ങളുടെ സാക്ഷരതാ നിരക്ക് 42.45 ശതമാനമാണ്.

മുഖ്യധാരാ സമൂഹത്തിൽ നിന്ന് പാർശ്വവത്‌കരണത്തിന് വിധേയരായി ആചാരാനുഷ്ഠാനങ്ങളിലും ജീവിതചര്യകളിലും തനത് വ്യക്തിത്വം പുലർത്തുന്നവരാണ് മലമ്പണ്ടാരങ്ങളും. ഇവരെ അപരിഷ്‌കൃതരെന്ന് മുദ്രകുത്തി പാർശ്വവത്കരണത്തിന് വിധേയരാക്കിക്കഴിഞ്ഞു.

ആദിവാസി സമൂഹത്തെ കുറിച്ച് പഠനം നടത്തിയ ചിലർ കേരളത്തിലെ മലമ്പണ്ടാരങ്ങളെ നൈജീരിയയിലെ യാക്കോ സമൂഹവുമായി താരതമ്യം ചെയ്തിട്ടുണ്ട്. കാട്ടിൽ അലഞ്ഞു തിരിഞ്ഞാണ് മലമ്പണ്ടാര ആദിവാസികളിൽ അധികവും ജീവിക്കുന്നത്. ഒന്നോ, രണ്ടോ കുടുംബങ്ങൾ ഒന്നിച്ചാണ് ഇവരുടെ യാത്ര. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, കാലാവസ്ഥ, മരണം തുടങ്ങിയ കാരണങ്ങളാൽ അവർ താമസ സ്ഥലം പെട്ടെന്ന് മാറിപ്പോകും. ഇവർ മഴയുടെ കാഠിന്യം കൊണ്ട് ചെറിയ വീടുകൾ ഉണ്ടാക്കുന്നു. സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി കോൺക്രീറ്റ് വീട് നിർമിച്ചു നൽകാമെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോൾ കൊടും കാട്ടിനുള്ളിൽ താമസിക്കുന്ന 92 കുടുംബങ്ങൾക്ക് കാട് വിട്ട് പോകുന്നതിന് താത്പര്യമില്ല. സമാധാനപരമായ ജീവിത രീതിയാണ് ഇവർ നയിക്കുന്നതെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ മലമ്പണ്ടാരങ്ങളെ സമാധാന സമുഹമെന്ന പേരിലും അടയാളപ്പെടുത്തുന്നുണ്ട്. ആചാരനുഷ്ഠാനങ്ങൾ ഇതര ഗോത്ര സമൂഹത്തെ പോലെത്തന്നെ പാരമ്പര്യ നിഷ്്ഠമാണ് മലമ്പണ്ടാരങ്ങളിൽക്കിടയിലും. നിത്യ ജീവിതത്തിൽ അവർ നേടിയെടുത്ത അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇത്തരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവർക്കിടയിലുള്ളത്. മൂപ്പനാണ് ഊരിന്റെ പ്രധാനി.

പ്രസവിച്ച സ്ത്രീക്കും കുട്ടിക്കും തീണ്ടൽ ഉള്ളതിനാൽ മറ്റൊരു കൂരക്ക് കീഴിലായിരിക്കും ഇവരുടെ താമസം. പ്രസവ രക്ഷക്കായി ഉടുമ്പ് ഇറച്ചി ചുട്ട് കഴിക്കും. “ഉതിപ്പട്ട” തിളപ്പിച്ച ജലം കൊണ്ടാണ് ഈ സമയം സ്ത്രീകളുടെ പത്ത് ദിവസത്തെ കുളി. അതിന് ശേഷം മറ്റൊരു വീടുണ്ടാക്കി അതിൽ മുന്ന് മാസം താമസമാക്കും. കുഞ്ഞുങ്ങളുടെ പരിപാലനവും ഇവർക്കും അമ്മമാരുടെ അവകാശമാണ്. ഒരു പെൺകുട്ടി ഋതുമതിയാവുന്ന ദിവസം മറ്റ് സ്ത്രീകളെല്ലാം കൂടി ചേർന്ന് ഈ പെൺകുട്ടിയെ തോട്ടിൽ കൊണ്ടുപോയി കുളിപ്പിച്ച് കൊണ്ടുവന്നതിന് ശേഷം ഒരു കുടിൽകെട്ടി അതിൽ പുറം ലോകം കാണാതെ ഏഴ് ദിവസം കഴിയണം. ഇക്കാലയളവിൽ പുരുഷന്മാരെ കാണാൻ അനുവദിക്കില്ല. പുറത്തിറങ്ങുമ്പോൾ തലമൂടിപുതച്ചാണ് ഇറങ്ങുന്നത്. പെൺകുട്ടി തനിയെ ആഹാരം പാചകം ചെയ്യണമെന്നും നിർബന്ധമുണ്ട്.

വിവാഹത്തിനും ഇതര ആദിവാസി സമൂഹത്തിൽ നിന്ന് ഭിന്നമാണ് മലമ്പണ്ടാരം. പ്രത്യേക ചടങ്ങുകളൊന്നും തന്നെയില്ലാതെയാണ് വിവാഹം. ഇഷ്ടപ്പെട്ട സ്ത്രീയുടെയോ, പുരുഷന്റെ കൂടെയോ താമസിക്കുന്നതായിരുന്നു പതിവ്. ഇഷ്ടപ്പെട്ട പെണ്ണിന്റെ പിതാവിന് പുകയിലയും വസ്ത്രവും കൊടുത്ത് പെണ്ണിനെ വിളിച്ചുകൊണ്ടുപോവുകയാണ് പരമ്പരാഗതമായി നടന്നു വരുന്ന വിവാഹം. ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരും ഒരു കുടിലിൽ തന്നെ കഴിയുന്നതും മലമ്പണ്ടാരങ്ങൾക്കിടയിൽ കാണാം. മറ്റെല്ലാ ആദിവാസി ഗോത്ര സമൂഹങ്ങളെപ്പോലെ മരണവുമായി ബന്ധപ്പെട്ടും ഇവർക്ക് കൂടുതൽ ചടങ്ങുകൾ ഒന്നും തന്നെയില്ല.

മരിച്ച ആളുകളുടെ ആത്മാക്കൾ, ബാധ, ദുർദേവന്മാർ എന്നവയെ ഇവർ അങ്ങേയറ്റം ഭയപ്പെടുന്നു. അതിൽ നിന്ന് രക്ഷനേടുന്നതിനായി ഇവർ മന്ത്രങ്ങൾ ചൊല്ലും. ഇവരുടെ ഇടയിലെ കാര്യങ്ങൾ പ്രവചിക്കുന്ന വ്യക്തി ഉണ്ടായിരിക്കും. തുള്ളൽക്കാരൻ എന്ന പേരിൽ അറിയപ്പെടുന്ന പ്രവചനക്കാരൻ, ചാരായം, മുറുക്കാൻ എന്നിവ മലദൈവങ്ങൾക്ക് സമർപ്പിച്ച ശേഷം പ്രവചനം നടത്തും. എന്നാൽ, സ്ഥിരതാമസക്കാരായ ആളുകൾ മരണാനന്തര കർമങ്ങൾ നടത്തി വരുന്നു. ഇവർ മലദൈവങ്ങളിൽ വിശ്വസിക്കുന്നു. 99 മലദൈവങ്ങളാണ് ഇവരെ കാത്തു രക്ഷിക്കുന്നതെന്ന വിശ്വാസമാണ് ഇവർക്കിടയിലുള്ളത്.

പഠനങ്ങളും റിപ്പോർട്ടുകളും

പട്ടിക വർഗ വികസനവകുപ്പ് മുതൽ കുടുംബശ്രീവരെ വ്യത്യസ്ത കാലയളവിൽ ഇവരെ കാടിന് വെളിയിൽ എത്തിച്ച് കോൺക്രീറ്റ് കൂരക്ക് കീഴിൽ ഒതുക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, കാട് വിട്ട് നാട്ടിലേക്കില്ലെന്ന പിടിവാശിയിലാണ് ഈ ദുർബല ഗോത്ര സമൂഹം. പട്ടിക വർഗങ്ങളുടെ ശരാശരി കുടുംബങ്ങളുടെ ദുരവസ്ഥയെ കുറിച്ച് നടത്തിയ പഠനങ്ങളിൽ പ്രധാനമായും സൂചിപ്പിക്കുന്നത് ജില്ലയിലെ പട്ടിക വർഗക്കാർക്കിടയിൽ പ്രത്യേകിച്ചും മലമ്പണ്ടാര വിഭാഗങ്ങളുടെ ഇടയിൽ ജനസഖ്യാ വർധനവ് ഉണ്ടായിട്ടില്ലെന്നാണ്. ദാരിദ്രം, പ്രതികൂല ജീവിത സാഹചര്യങ്ങൾ, ആരോഗ്യ പരിചരണ സേവനങ്ങളുടെ അപര്യാപ്്തത തുടങ്ങിയവ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. അതിനോടൊപ്പം വിവാഹ ബന്ധങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും വ്യാപകമായ ശിഥിലീകരണം മറ്റൊരു കാരണമായി.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, മാനസിക പ്രശ്‌നങ്ങളുള്ളവർ, സ്ഥിരമായ രോഗം ബാധിച്ചവർ, പോഷകാഹാര കുറവുള്ളവർ എന്നിങ്ങനെ വ്യത്യസ്ത ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ് അധികവും. മദ്യത്തിന്റെയും പുകയില ഉത്പന്നങ്ങളുടെയും ഉപയോഗം മലമ്പണ്ടാര വിഭാഗത്തിലെ വനവാസികൾക്കിടയിൽ വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതായി പട്ടിക വർഗ വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിന് പിന്നിൽ ഇവരെ ചൂഷണം ചെയ്ത് ജീവിക്കുന്നവരാണ്. നാട്ടിൽ നിന്ന് വനവിഭവങ്ങൾ വാങ്ങുന്നതിനും കാട്ടിറച്ചി എത്തിക്കുന്നതിനുമായി വനവുമായി ബന്ധം സ്ഥാപിച്ച് ജീവിക്കുന്ന ചിലരാണ് ഇവർക്ക് മദ്യമെത്തിച്ച് നൽകുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കുടുംബങ്ങൾ ശിഥിലമാകുന്നതിനൊപ്പം ആത്മഹത്യാ പ്രവണതയിലേക്കും ഇത് കൊണ്ടെത്തിക്കുന്നു. വനമേഖലയിൽ താമസിക്കുന്ന മലമ്പണ്ടാര കുടുംബങ്ങൾക്ക്് കക്കൂസിന്റെ ഉപയോഗത്തെ കുറിച്ചുള്ള അറിവ് ഇന്നും അന്യമാണ്. ഇവർക്ക് വൈദ്യുതി പരിചിതമാണെങ്കിലും അവരുടെ കൂരകളിൽ ഇന്നും വൈദ്യുതി കണക്‍ഷനുകൾ എത്തിയിട്ടില്ല.

വിദ്യാഭ്യാസ രംഗത്ത് മലമ്പണ്ടാര വിഭാഗങ്ങൾക്ക് പ്രത്യേകം പ്രധാന്യം നൽകണമെന്ന് 2008 ശേഖരത്തിന്റെ അടിസ്ഥാനത്തിൽ റിൈൈർട്ട് ചെയ്‌തെങ്കിലും ഇന്നും ഇതൊന്നും പൂർണ തോതിൽ നടപ്പായിട്ടില്ല. മലമ്പണ്ടാര സമുദായത്തിലെ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രത്യേക പാക്കേജ് ഏർപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു. ഇതിനായി മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളുടെ പ്രാധാന്യം പറഞ്ഞ് മനസ്സിലാക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, മനുഷ്യകുലത്തിന് വേണ്ടി നാം കരുതി വെക്കേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമായ മലമ്പണ്ടാര ഗോത്ര സമൂഹം വ്യാപകമായ രീതിയിൽ വന്ധ്യം കരണത്തിന് വിധേയമായിരിക്കാമെന്ന ആശങ്ക പങ്കുവെക്കുന്നവരും കുറവല്ല.

(അവസാനിച്ചു)

 

40 കുടുംബങ്ങൾക്ക് മഞ്ഞത്തോട്ടിൽ
നാല് ഹെക്‌ടർ വീതം ഭൂമി

പത്തനംതിട്ട: മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട 40 കുടുംബങ്ങൾക്ക് ളാഹ മഞ്ഞത്തോട്ടിൽ നാല് ഹെക്ടർ വീതം ഭൂമിയിൽ അവകാശം രേഖപ്പെടുത്തി നൽകുന്നതിന് ജില്ലാ കലക്‌ടർ പി.ബി നൂഹിന്റെ അധ്യക്ഷതയിൽ കലക്‌ടറേറ്റിൽ ചേർന്ന റവന്യു, വനം, പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. വനാവകാശ നിയമപ്രകാരം വ്യക്തിഗതാ അവകാശം സ്ഥാപിച്ചു നൽകുന്നതിനായി ളാഹ ടെലഫോൺ എക്‌സ്‌ചേഞ്ചിനു സമീപമുള്ള മഞ്ഞത്തോട് പ്രദേശത്തെ രാജാമ്പാറ റിസർവ് അക്കേഷ്യ പ്ലാന്റേഷൻസിൽ ഉൾപ്പെട്ട വനഭൂമി കണ്ടെത്തിയിരുന്നു.

അവകാശികളായ 40 കുടുംബങ്ങളിൽ നിന്നും അപേക്ഷ സ്വീകരിച്ച് അവകാശ നിർണയ സമിതി ഗ്രാമസഭയിൽ അവതരിപ്പിച്ച് തീരുമാനങ്ങൾ എഴുതി രേഖപ്പെടുത്തി സബ്ഡിവിഷനൽ സമിതിക്ക് ജൂലൈ 15ന് മുൻപായി സമർപ്പിക്കണമെന്ന് കലക്‌ടർ നിർദേശം നൽകി. നിർദിഷ്ട സ്ഥലത്ത് ആളുകളെ പുനരധിവസിപ്പിക്കുന്നതിനായി വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം, പൊതു ആവശ്യങ്ങളായ കമ്യൂണിറ്റി ഹാൾ, ശ്മശാനം തുടങ്ങിയവക്കും കൃഷി ആവശ്യത്തിനും പ്രത്യേകമായി തിരിച്ച് സ്‌കെച്ച് തയാറാക്കാനും അന്വേഷണങ്ങൾക്ക് ശേഷം തീരുമാനമെടുത്ത് ജില്ലാ സമിതിക്ക് സമർപ്പിക്കാനും കളക്ടർ നിർദേശിച്ചു.

ഡെപ്യൂട്ടി കലക്‌ടർ വി.ജയമോഹൻ, റാന്നി ഡിഎഫ്ഒ എം ഉണ്ണികൃഷ്ണൻ, എ ഡി സി എഫ് കോന്നി സാംബുദ്ധ മജുംദാർ, റാന്നി റ്റിഇഒ പി അജി, കോന്നി ഡെപ്യൂട്ടി ആർ എഫ് ഒ എസ് ശശീന്ദ്രകുമാർ, റാന്നി ടി ഡി ഒ വിആർ മധു, എസ് ടി പ്രമോട്ടർ കെ ഡി രതീഷ് പങ്കെടുത്തു.