ജയിലുകളിലെ പ്രത്യേക പരിഗണന

Posted on: June 28, 2019 11:38 am | Last updated: June 28, 2019 at 11:38 am


കുറ്റവാളികളില്‍ മാനസിക പരിവര്‍ത്തനമുണ്ടാക്കി നല്ല മനുഷ്യരാക്കുകയാണ് ജയില്‍ തടവിന്റെ ലക്ഷ്യമായി പറയുന്നത്. എന്നാല്‍ ചെറിയ കുറ്റവാളികളെ പോലും വന്‍ കുറ്റവാളികളാക്കിത്തീര്‍ക്കും വിധം അധഃപതിച്ചിരിക്കുന്നു നിലവില്‍ രാജ്യത്തെ ജയിലുകള്‍. നിയമസഭയില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതു പോലെ, നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്തെ ജയിലുകളില്‍ നടക്കുന്നത്. ചില തടവുകാര്‍ക്ക് വി ഐ പി പരിഗണന, ചട്ടം ലംഘിച്ച് ഭക്ഷണം പുറത്തുനിന്ന് കൊണ്ടുവരല്‍, തടവുപുള്ളികളെ സന്ദര്‍ശിക്കാന്‍ നിയമ വിരുദ്ധമായി അനുമതി നല്‍കല്‍, തടവുകാര്‍ക്ക് അനധികൃതമായി ഫോണ്‍ വിളിക്കാനുള്ള സൗകര്യമൊരുക്കല്‍, അനധികൃത പിരിവ് തുടങ്ങി ആഭ്യന്തര വകുപ്പിന് നാണക്കേടുണ്ടാക്കുന്ന പല കാര്യങ്ങളും ജയിലുകളില്‍ നടന്നു വരുന്നതായി ജയില്‍ ഡി ജി പി ഋഷിരാജ് സിംഗും പറയുന്നു.

ജയില്‍ ചില തടവുകാര്‍ക്ക് സുഖവാസ കേന്ദ്രമാണിന്ന്. രാഷ്ട്രീയ തടവുകാര്‍ക്കും സമ്പന്നരും സ്വാധീനമുള്ളവരുമായ പ്രതികള്‍ക്കും മൊബൈല്‍ ഫോണ്‍, പുറത്തു നിന്നുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മദ്യവും ലഹരി വസ്തുക്കളും വരെ ലഭിക്കുന്നു. ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പരിധി വിട്ട സൗകര്യങ്ങളാണ് ഇതിനിടെ ലഭ്യമായിരുന്നത്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി, കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിലെ പ്രതി തുടങ്ങി ഗുരുതര കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്ക് പോലും ജയിലില്‍ വി ഐ പി പരിഗണന ലഭിക്കുകയുണ്ടായി. ആലപ്പുഴ സബ് ജയിലില്‍ പ്രവേശിപ്പിച്ചിരുന്ന കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിലെ മുഖ്യ പ്രതി മിക്ക ദിവസവും ഭക്ഷിച്ചിരുന്നത് നഗരത്തിലെ മുന്തിയ ഹോട്ടലില്‍ നിന്ന് വരുത്തിയിരുന്ന ചിക്കന്‍ ഫ്രൈയും ബിരിയാണിയുമായിരുന്നു. ജയില്‍ വാര്‍ഡര്‍മാരാണ് ഭക്ഷണം പൊതിഞ്ഞു കെട്ടി പ്രതിക്ക് നല്‍കിയിരുന്നത്.

ചട്ടപ്രകാരം രണ്ട് ജോടി വസ്ത്രമാണ് റിമാന്‍ഡ് തടവുകാര്‍ക്ക് കൈവശം വെക്കാനാകുക. എന്നാല്‍ വിവിധ കോടതികളിലായി മിക്ക ദിവസങ്ങളിലും കേസുണ്ടായിരുന്ന സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാ നായര്‍, ഓരോ ദിവസവും ഓരോ സാരിയുടുത്താണ് ജയിലില്‍ നിന്ന് കോടതികളിലെത്തിയിരുന്നത്. ഇടമലയാര്‍ കേസില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളക്ക് സ്വന്തം വീട്ടില്‍ നിന്നായിരുന്നു ഭക്ഷണം എത്തിച്ചത്. പിള്ള അസുഖ ബാധിതനാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ജയില്‍ ഡി ജി പിയുടെ അനുവാദ പ്രകാരമായിരുന്നു ഇത്. എ ക്ലാസ് തടവുകാരന്റെ പദവിയും ജയിലധികൃതര്‍ പിള്ളക്കു നല്‍കിയിരുന്നു. ജയിലിലെ സുഖവാസത്തില്‍ താത്പര്യമില്ലാത്ത വി ഐ പികള്‍ക്ക് ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയാല്‍ സുഖവാസം ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുകയുമാകാം. ഉന്നതര്‍ക്ക് ഏതു രോഗവും ചാര്‍ത്തിക്കൊടുക്കാന്‍ സന്നദ്ധരാണല്ലോ ജയില്‍ ഡോക്ടര്‍മാര്‍.

രാഷ്ട്രീയ തടവുകാര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണെന്ന ഒരു വാദം രാഷ്ട്രീയക്കാര്‍ ഉന്നയിക്കാറുണ്ട്. പ്രത്യേക പരിഗണനക്ക് ഈ പ്രതികള്‍ ചെയ്ത ‘സേവനങ്ങള്‍’ എന്തെല്ലാമെന്നല്ലേ? കൊടുവാള്‍, വടിവാള്‍, കൈബോംബ്, കത്തി, ബോംബ് തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ വൈരികളെ കൊല്ലുക, അവയവങ്ങള്‍ വെട്ടിയെടുത്ത് രാഷ്ട്രീയ പ്രതികളുടെ അവശേഷിക്കുന്ന ജീവിതം കൊടും ദുരിതത്തിലാക്കുക, അവരുടെ കുടുംബങ്ങളെ വഴിയാധാരമാക്കുക തുടങ്ങി കൊടും ക്രൂരകൃത്യങ്ങള്‍. അടുത്ത കൊലക്കും ഗുണ്ടായിസത്തിനുമുള്ള ആരോഗ്യം ലഭ്യമാക്കുകയാണോ ജയിലില്‍ ഇവര്‍ക്ക് സുഖകരമായ ഭക്ഷണവും ജീവിതവും നല്‍കുന്നതിന്റെ പിന്നില്‍? ജയിലിലെ സൗകര്യങ്ങളില്‍ മാത്രമല്ല ശിക്ഷാ കാലാവധിയിലുമുണ്ട് ഈ വിവേചനവും തരംതിരിവും. രോഗബാധിതരും വാര്‍ധക്യ സഹജമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുമായ സാധാരണ തടവുകാര്‍ എല്ലാം സഹിച്ച് ദശകങ്ങളോളം ശിക്ഷ അനുഭവിക്കുമ്പോള്‍, ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ തടവുകാരെ ശിക്ഷാ കാലാവധി ആറും എട്ടും വര്‍ഷം പിന്നിടുമ്പോഴേക്കും മോചിപ്പിക്കുന്ന പ്രവണതയുമുണ്ട്.

ജയിലില്‍ ഒരു വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുന്ന പ്രവണത അവസാനിപ്പിക്കുമെന്നാണ് കണ്ണൂര്‍ ജയിലിലെ കഴിഞ്ഞ ദിവസത്തെ മിന്നല്‍ പരിശോധനക്ക് ശേഷം ഋഷിരാജ് സിംഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ജയിലുകളില്‍ തടവുകാര്‍ക്ക് വി ഐ പി പരിഗണന നല്‍കിയാല്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ കടുത്ത നടപടിയുണ്ടാകുമെന്ന് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഋഷിരാജ് സിംഗിന്റെയും തൃശൂര്‍ പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രന്റെയും നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നടന്ന മിന്നല്‍ പരിശോധനകളില്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും കഞ്ചാവ്, പുകയില, ഇരുമ്പുവടി, ഹാക്‌സോ ബ്‌ളേഡ് തുടങ്ങിയ വസ്തുക്കളും പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ജയിലുകളില്‍ ജാമറുകള്‍ സ്ഥാപിക്കുമെന്നും ജയില്‍ കവാടത്തിലെ പരിശോധനക്ക് തണ്ടര്‍ ബോള്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള സ്‌കോര്‍പിയന്‍സിനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രിയും പറയുന്നു. ജയില്‍ തടവുകാര്‍ ചട്ടവിരുദ്ധമായ സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട് അധികൃതരുടെ ഇത്തരം പ്രഖ്യാപനങ്ങളും ഉത്തരവുകളും. എന്നാല്‍ പ്രഖ്യാപനത്തിനപ്പുറം രാഷ്ട്രീയ പ്രതികളെയും തടവുകാരിലെ പിടിപാടുള്ളവരെയും തൊട്ടുകളിക്കാന്‍ ഇന്നേ വരെ ആരും ആര്‍ജവം കാണിച്ചിട്ടില്ല. ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടക്കുന്നത് ഇതുകൊണ്ടാണ്.