ലോകകപ്പ് ഞങ്ങൾക്ക് വേണം, ഞങ്ങളിതെടുക്കുവാ…

Posted on: June 27, 2019 6:43 pm | Last updated: July 1, 2019 at 4:42 pm

ലണ്ടന്‍: ലോകകപ്പിൽ സെമി ഉറപ്പാക്കിയിട്ടില്ലെങ്കിലും ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ് പറയുകയാണ്- ലോകകപ്പ് ഞങ്ങൾക്ക് വേണം, ഞങ്ങളതെടുക്കും….
ആസ്ത്രേലിയയോട് പിണഞ്ഞ തോല്‍വി, രണ്ട് മത്സരങ്ങൾ ശേഷിക്കേ ഇംഗ്ലണ്ടിന്റെ സെമി ഫൈനൽ സാധ്യതയെ ചെറുതായൊന്നുമല്ല മങ്ങിച്ചിരിക്കുന്നത്. രണ്ട് ലീഗ് മത്സരങ്ങളും (ഇന്ത്യക്കും ന്യൂസിലൻഡിനുമെതിരെ) ജയിക്കാതെ ഈ ഘട്ടം കടക്കാൻ കഴിയില്ലെന്ന അവസ്ഥ. നേരത്തേ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോൽവി വഴങ്ങിയിരുന്നു.

എന്നാല്‍, ലോകകപ്പില്‍ തങ്ങള്‍ കിരീടം നേടുക തന്നെ ചെയ്യുമെന്നാണ് സ്റ്റോക്‌സിന്റെ പ്രതീക്ഷ. “ഈ ലോകകപ്പ് ഞങ്ങളുടേതാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ച് സെമിയില്‍ പ്രവേശിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വരും മത്സരങ്ങളില്‍ മെച്ചപ്പെടും. ഇന്ത്യക്കെതിരെ ജയിക്കുമെന്ന് ഉറപ്പാണ്. ഇംഗ്ലണ്ടിൽ ഇന്ത്യക്കെതിരെ ഞങ്ങൾക്ക് നല്ല റെക്കോർഡാണുള്ളത്. പക്ഷേ, അവർ മികച്ച ഫോമിലാണ്. ആ കളി പ്രതീക്ഷയോടെയാണ് ഞങ്ങൾ കാണുന്നത്’- സ്റ്റോക്സ് പറഞ്ഞു.

കളിച്ച ഏഴ് കളികളിൽ നിന്ന് എട്ട് പോയിന്റ്മാത്രമാണ് ഇപ്പോൾ ഇംഗ്ലണ്ടിനുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരവും ജയിച്ചാല്‍ 12 പോയന്റോടെ കടന്നുകൂടാം. ഇംഗ്ലണ്ട് തോല്‍ക്കുകയാണെങ്കില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്ക് സാധ്യത തെളിയും. ഞായറാഴ്ച ഇന്ത്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. ഈ കളിയില്‍ ഓപണര്‍ ജേസണ്‍ റോയ് തിരിച്ചെത്തുന്നത് ഇംഗ്ലണ്ട് ക്യാന്പിൽ ഉണർവുണ്ടാക്കുന്നു.