പി ജയരാജന് വീണ്ടും സി പി എമ്മിന്റെ തിരുത്ത്

Posted on: June 27, 2019 8:33 am | Last updated: June 27, 2019 at 3:47 pm

തിരുവനന്തപുരം: വ്യക്തി പൂജ വിഷയത്തിൽ നേരത്തേ നടപടിക്ക് വിധേയനായ പി ജയരാജന് വീണ്ടും പാർട്ടിയുടെ തിരുത്ത്. ആന്തൂർ വിവാദം, പി ജെ ആർമി ഫേസ്ബുക്ക് പേജ് വിഷയങ്ങളിൽ ജയരാജൻ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് സംസ്ഥാന സമിതിയിൽ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലെ ഫാൻ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് പി ജെ ഫാൻസ് എന്ന ഫേസ്ബുക്ക് പേജ് പരാമർശിച്ച് കോടിയേരി വിമർശിച്ചു.
വ്യത്യസ്ത അഭിപ്രായങ്ങൾ പറയാൻ നവ മാധ്യമങ്ങളെ ഉപയോഗിക്കാതെ പാർട്ടി ഫോറങ്ങൾ ഉപയോഗിക്കണമെന്നും കോടിയേരി നിർദേശിച്ചു.

ജയരാജന്റെ നിലപാടുകളെ ന്യായീകരിച്ച് പ്രത്യക്ഷപ്പെട്ട പി ജെ ആർമി എന്ന ഫേസ് ബുക്ക് പേജാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. വിയോജിപ്പുകളും വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടാകും. എന്നാൽ, അത് പറയാൻ മറ്റ് ഫോറങ്ങൾ ഉപയോഗിക്കരുത്. പാർട്ടി ഫോറങ്ങളിൽ പറയേണ്ടത് പാർട്ടി ഫോറങ്ങളിൽ തന്നെ പറയണമെന്നും സംസ്ഥാന സമിതി യോഗത്തിന്റെ ചർച്ചക്ക് മറുപടിയായി കോടിയേരി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഫാൻ പേജിനെ തള്ളി പറഞ്ഞ് ജയരാജൻ തന്നെ രംഗത്തുവന്നത്. ഈ പേജും ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി.

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ധർമശാലയിലെ വിശദീകരണ യോഗത്തിലെ പ്രസംഗവും പാർട്ടി അച്ചടക്കത്തിന് യോജിച്ചതല്ലെന്നായിരുന്നു കോടിയേരിയുടെ നിലപാട്.
ആന്തൂർ വിഷയത്തിൽ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയെ വേദിയിൽ ഇരുത്തി വിമർശിച്ചത് ശരിയല്ല. ജനങ്ങൾക്ക് മുന്നിൽ നടപടി ഉറപ്പ് നൽകുന്നതിന് തുല്യമായിപ്പോയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
കണ്ണൂർ പാർട്ടിയിൽ ജയരാജന്റെ അപ്രമാദിത്വം പൂർണമായി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാർട്ടി നീക്കം.

ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിലുൾപ്പെടെ പി ജയരാജന്റെ നിലപാടുകൾക്ക് സമൂഹിക മാധ്യമങ്ങളിൽ വൻ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ, പാർട്ടിയുടെ തിരുത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ തന്നെ ഫാൻസ് പേജിനെ തള്ളി രംഗത്തുവന്നു. “സി പി എം മെമ്പർമാർ അഭിപ്രായങ്ങൾ അവരുടെ ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്. പാർട്ടിയെ സ്‌നേഹിക്കുന്ന അനുഭാവികളും എതിരാളികൾക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുത്. പാർട്ടിക്ക് യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങൾ പോലും പാർട്ടിയുടെ ചുമലിൽ ഇടാനാണ് വലതുപക്ഷ രാഷ്‍ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളും പരിശ്രമിക്കുന്നത്.

മക്കൾ ചെയ്ത കുറ്റത്തിന്റെ പേരിൽ പാർട്ടിനേതാവായ അച്ഛനെയും അച്ഛന്റെ പാർട്ടിയെയും ആക്രമിക്കുന്നത് തുടരുകയാണ്. നേതാക്കന്മാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാനും സമൂഹ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. എന്റെ ഒരു മകൻ ഏതോ അവസരത്തിൽ കല്ലു ചുമന്നതും മറ്റൊരു മകൻ ഹോട്ടൽ ജോലി ചെയ്യുന്നതും അവരുടെ സുഹൃത്തുക്കൾ തമാശയായി ഫോട്ടോ എടുത്ത് പോസ്റ്റു ചെയ്തതും ഇതിന് ചില സാമൂഹ്യമാധ്യമങ്ങൾ ഉപയോഗപ്പെടുത്തി. ഇതെല്ലാം എല്ലാവരും സദുദ്ദേശ്യത്തോടെയല്ല ചെയ്യുന്നത്’. ഇതായിരുന്നു വിശദീകരണം.