ലൈംഗിക പീഡനം: ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറയു‌ം

Posted on: June 27, 2019 9:41 am | Last updated: June 28, 2019 at 12:16 am

മുംബൈ: ലൈംഗിക പീഡന കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മുംബൈ ദിൻദോഷി സെഷൻസ് കോടതി വീണ്ടും മാറ്റി. തിങ്കളാഴ്ചയാണ് ഹർജിയിൽ വിധി പറയുക. അതുവരെ ബിനോയിയെ അറസ്റ്റു ചെയ്യുന്നതും കോടതി വിലക്കിയിട്ടുണ്ട്.

കൂടുതൽ വാദം കേൾക്കണമെന്ന യുവതിയുടെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച് യുവതിയുടെ വാദം വീണ്ടും കേൾക്കാന്‍ കോടതി സമ്മതിച്ചു. യുവതിക്കായി പുതിയ അഭിഭാഷകനെ വയ്ക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.

യുവതിയുടെ പരാതി ബ്ലാക്ക് മെയിലിംഗ് ആണെന്നും മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. അഞ്ചു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി ബിനോയ്ക്ക് അയച്ച കത്തിൽ വിവാഹം കഴിച്ചു എന്നാണ് പറയുന്നത്. എന്നാൽ പോലീസിന് നൽകിയ പരാതിയിൽ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി.വിവാഹം കഴിച്ചുവെങ്കിൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ല എന്നാണ് ബിനോയിയുടെ വാദം. എന്നാൽ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തുന്നതിന് പ്രതിയെ കസ്റ്റഡിയിൽ കിട്ടണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിനോയ് ജാമ്യാപേക്ഷ നൽകിയത്. തിങ്കളാഴ്ച വിധി പറയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.