Connect with us

ന്യൂയോര്‍ക്ക്: മെക്‌സിക്കന്‍ അതിര്‍ത്തി വഴി ജീവന്‍ പണയംവെച്ച് അമേരിക്കയിലെത്തിപ്പെടാനുള്ള ശ്രമത്തിനിടെ ഒരു കുടുംബത്തിനുണ്ടായത് ദാരുണ അന്ത്യം. ദുരന്ത യാത്രയുടെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട പിതാവിന്റേയും മകളുടേയും ചിത്രം ലോകമനസാക്ഷിക്ക് മുമ്പില്‍ നൊമ്പരമായി മാറുകയാണ്. മെക്സിക്കോക്കും അമേരിക്കക്കും ഇടയില്‍ അതിര്‍ത്തിയായി നില്‍ക്കുന്ന റിയോ ഗ്രാന്റെ നദിക്കരയിലാണ് ഇവരുടെ മൃതദേഹം കണ്ടത്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയുടേതിനു സമാനമാണ് പിതാവിന്റെയും മകളുടെയും ചിത്രം. മുഖം കമഴ്ന്ന് പിതാവിന്റെ വസ്ത്രത്തിനുള്ളില്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് കിടന്ന നിലയിലാണ് കുട്ടി. 23 മാസം മാത്രമാണ് കുട്ടിയുടെ പ്രായമെന്നും വാര്‍ത്ത പുറത്തുവിട്ട മെക്‌സിക്കന്‍ മാധ്യമങ്ങല്‍ പറയുന്നു.

സാല്‍വദോറില്‍ നിന്നും യു എസിലേക്ക് കുടിയേറാനായി കഴിഞ്ഞ ഞായറാഴ്ചയാണ് ആലര്‍ബര്‍ട്ടോ മാര്‍ട്ടിനസ് റാമിറസ്, ഭാര്യ വനേസ, മകള്‍ വലേറിയ എന്നിവര്‍ മെക്സിക്കോയിലെ മാടമോറോസിലെത്തിയത്. അഭയം തേടേണ്ട നടപടി ക്രമങ്ങള്‍ വൈകുമെന്ന് അറിഞ്ഞതോടെ മാര്‍ട്ടിനസ് നീന്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസിനെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ പറയുന്നു.

ആദ്യം മകള്‍ വലേറിയയുമായി മര്‍ട്ടിനസ് നീന്തുകയായിരുന്നു. മകളെ അമേരിക്കയുടെ ഭാഗത്ത് എത്തിച്ച അദ്ദേഹം തിരിച്ച് ഭാര്യയെ കൊണ്ടുപോകാനായി എത്തി. എന്നാല്‍ മകളും അദ്ദേഹത്തിന്റെ പിന്നാലെ തിരിച്ചു. മകളെ രക്ഷിക്കാനായി അദ്ദേഹം പോയപ്പോള്‍ ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

Latest