ജയിലില്‍ റിമാന്‍ഡ് പ്രതിയുടെ മരണം: പോലീസുകാര്‍ക്ക് സ്ഥലം മാറ്റം

Posted on: June 25, 2019 4:48 pm | Last updated: June 25, 2019 at 6:59 pm

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ എട്ട് പോലീസുകാര്‍ക്ക് സ്ഥലം മാറ്റം. സി ഐ അടക്കം നെടുങ്കണ്ടം സ്‌റ്റേഷനിലെ പോലീസുകാരെയാണ് അന്വേഷണ വിധേയമായി ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത രാജ്കുമാര്‍ എന്നയാള്‍ ആത്മഹത്യ ചെയ്ത സംഭത്തിലാണ് നടപടി.

നെടുങ്കണ്ടത്ത് പണമിടപാട് സ്ഥാപനം നടത്തിയിരുന്ന രാജ്കുമാറിനെ കഴിഞ്ഞ ജൂണ്‍ 15ന് പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ 13ന് തന്നെ മറ്റ് രണ്ട് പേര്‍ക്കൊപ്പം രാജ്കുമാര്‍ കസ്റ്റഡിയിലായെന്ന് ബന്ധുക്കള്‍ പറയുന്നു. ജൂണ്‍ 21നാണ് രാജ്കുമാര്‍ മരിച്ചത്. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാല്‍മുട്ടുകള്‍ക്ക് താഴെ മുറിവുകള്‍ ഉള്ളതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മരണ കാരണം ന്യൂമോണിയ എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

എന്തായാലും ബന്ധുക്കള്‍ മരണം കൊലപാതകമാണെന്ന ആരോപണത്തില്‍ ബന്ധുക്കള്‍ ഉറച്ച് നില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടായതെന്നത് ശ്രദ്ധേയമാണ്.