Connect with us

National

'ഇത് ട്രെയിലര്‍ മാത്രം'; ടി എം സിയില്‍ നിന്ന് ബി ജെ പിയിലേക്കുള്ള ഒഴുക്കിനെ പരാമര്‍ശിച്ച് മുകുള്‍ റോയ്

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എം എല്‍ എയും പത്ത് ജില്ലാ കൗണ്‍സില്‍ അംഗങ്ങളും പാര്‍ട്ടി വിട്ടതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആക്ഷേപ ശരം തൊടുത്ത് ബി ജെ പി നേതാവ് മുകുള്‍ റോയ്. ഇത് ട്രെയിലര്‍ മാത്രമാണെന്നും സിനിമ വരാനിരിക്കുന്നതേയുള്ളൂവെന്നും റോയിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ടി എം സി നേതാക്കള്‍ ബി ജെ പിയില്‍ ചേരുന്നത് ആദ്യ ഘട്ടത്തിന്റെ തുടര്‍ച്ച മാത്രമാണ്. മമത ബാനര്‍ജിയുടെ സമ്പൂര്‍ണ പതനം വരെ അത് തുടരും. ഏഴു ഘട്ടം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് തൃണമൂല്‍ സര്‍ക്കാര്‍ അവശേഷിക്കില്ല. മുകുള്‍ റോയ് പറഞ്ഞു.

വില്‍സണ്‍ ചാമ്പ്രമരി എം എല്‍ എ, ദക്ഷിണ ദിനാജ്പൂര്‍ ജില്ലാ പരിഷത് പ്രസിഡന്റ് ലിപികാ റോയ് എന്നിവരടക്കമുള്ള തൃണമൂല്‍ നേതാക്കളാണ് ബി ജെ പിയിലേക്ക് ചേക്കേറിയത്. അടുത്തിടെ തൃണമൂല്‍ വിടുന്ന അഞ്ചാമത്തെ എം എല്‍ എയാണ് ചാമ്പ്രമരി. മുന്‍ എം എല്‍ എയും ടി എം സിയുടെ ദക്ഷിണ ദിനാജ്പൂര്‍ ഘടകം മുന്‍ അധ്യക്ഷനുമായ ബിപ്ലബ് മിത്രയും ബി ജെ പിയില്‍ ചേര്‍ന്നിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് ടി എം സിയുടെ ജില്ലാ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട മിത്ര പാര്‍ട്ടിയുടെ ശില്‍പികളില്‍ ഒരാളായാണ് അറിയപ്പെടുന്നത്.

അഹങ്കാരികളും ഏകാധിപതികളുമായ നേതാക്കളുടെ പാര്‍ട്ടിയായി തൃണമൂല്‍ കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്ന് മിത്ര പറഞ്ഞു. 1998ല്‍ പാര്‍ട്ടിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് താനാണ്. എന്നാലിപ്പോള്‍ പാര്‍ട്ടിക്ക് അനഭിമതനായ പോലെയാണ് അനുഭവപ്പെടുന്നത്. വര്‍ഷങ്ങളായുള്ള എന്റെ കഠിനാധ്വാനത്തിന് പാര്‍ട്ടി തെല്ലും വില കല്‍പ്പിച്ചില്ല. തൃണമൂലിന്റെ മറ്റു പല നേതാക്കളും താമസിയാതെ ബി ജെ പിയില്‍ ചേരുമെന്നും മിത്ര പറഞ്ഞു.

സംസ്ഥാനത്ത് തൃണമൂല്‍ അഴിച്ചുവിട്ട അക്രമങ്ങളാണ് പാര്‍ട്ടി വിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വടക്കന്‍ ബംഗാളിലെ അലിപുര്‍ദ്വാര്‍ ജില്ലയിലെ കല്‍ച്ചിനി മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ട ചാമ്പ്രമരി വ്യക്തമാക്കി. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ തന്നെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അടിക്കടിയുണ്ടാകുന്ന കൂറുമാറ്റങ്ങള്‍ ദിനാജ്പൂര്‍ കൗണ്‍സിലില്‍ ബി ജെ പിക്ക് ഭൂരിപക്ഷം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടിയുടെ കൈയിലേക്ക് പോകുന്ന ബംഗാളിലെ ആദ്യ ജില്ലാ കൗണ്‍സിലാണ് ദിനാജ്പൂര്‍. 2018ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 22 ജില്ലാ പരിഷതുകളിലും ടി എം സി വിജയിച്ചിരുന്നു. ദക്ഷിണ ദിനാജ്പൂര്‍, ബലുര്‍ഘട്ട് ലോക്‌സഭാ സീറ്റുകള്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടി എം സിയില്‍ നിന്ന് ബി ജെ പി പിടിച്ചെടുത്തിരുന്നു. പാര്‍ട്ടി വിട്ടവര്‍ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്ന് മമത ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് വീണ്ടും പാര്‍ട്ടിയില്‍ നിന്ന് ബി ജെ പിയിലേക്ക് ഒഴുക്കുണ്ടായത്.

ബംഗാളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നിര്‍ണായക നേട്ടമുണ്ടാക്കിയതോടെ നിരവധി തൃണമൂല്‍ നേതാക്കളാണ് ബി ജെ പിയിലേക്ക് കൂറുമാറിയത്. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് അധികം വൈകാതെ മുകുള്‍ റോയിയുടെ മകന്‍ ഉള്‍പ്പടെ ടി എം സിയുടെ രണ്ട് എം എല്‍ എമാരും 63 മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. മുനീറുല്‍ ഇസ്‌ലാം, ബിശ്വജിത് ദാസ്, സുനില്‍ സിംഗ് എന്നീ എം എല്‍ എമാരും 24 കൗണ്‍സിലര്‍മാരും പിന്നീട് ഇവരുടെ പാത പിന്തുടര്‍ന്നു.