ആന്തൂര്‍ ആത്മഹത്യ: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് അന്വേഷണ സംഘം

Posted on: June 25, 2019 1:14 pm | Last updated: June 25, 2019 at 3:15 pm

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ സംഘം. കണ്‍വന്‍ഷന്‍ സെന്ററിന് എന്‍ജിനീയര്‍ ശിപാര്‍ശ ചെയ്തിട്ടും സെക്രട്ടറി ലൈസന്‍സ് നല്‍കിയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

അതിനിടെ സംഭവത്തില്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളക്കെതിരെ പ്രാഥമികമായി തെളിവുകള്‍ ഇല്ലെന്ന നിഗമനത്തിലാണ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യും. പ്രവാസി വ്യവസായി സാജന്റെ ഡയറി ഇന്നലെ പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ ഇതില്‍ ആത്മഹത്യയപുമായി ബന്ധപ്പെട്ട കുറിപ്പോ, ആരെങ്കിലും പേരെടുത്ത് പറയുന്ന വിവരങ്ങളോ ഇല്ല. പി കെ ശ്യാമളയിലേക്ക് വിരല്‍ ചൂണ്ടുന്ന ഒന്നും ഇതില്‍ ഇല്ല.

തന്നെ സഹായിച്ചവരെന്ന പേരില്‍ പി ജയരാജന്‍, സി പി എം നേതാവ് അശോകന്‍, ജെയിംസ് മാത്യു എം എല്‍ എ, പി ജയരാജന്‍, കെ സുധാകരന്‍ എന്നിവരുടെ പേരുകള്‍ സാജന്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്. വികസനവിരോധി എന്ന പരാമര്‍ശം ഡയറിയിലുണ്ടെങ്കിലും അതാരെക്കുറിച്ചാണെന്ന് സാജന്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടില്ല.

15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്.