വേണം അഴിച്ചുപണി

Posted on: June 25, 2019 12:23 pm | Last updated: July 1, 2019 at 4:43 pm


ലണ്ടന്‍: അഫ്ഗാനിസ്ഥാനെതിരെ കഷ്ടിച്ച് പതിനൊന്ന് റണ്‍സിന് കടന്നുകൂടിയ ഇന്ത്യയുടെ പതിനൊന്നംഗ ടീമില്‍ കാര്യമായ അഴിച്ചുപണി വേണ്ടിവരുമെന്ന് വിമര്‍ശമുയരുന്നു. പരാജയങ്ങളില്‍ നിന്ന് മാത്രമല്ല, ജയങ്ങളില്‍ നിന്നും പാഠം പഠിക്കാനുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു സതാംപ്റ്റണില്‍ നടന്ന ആ മത്സരം. അവസാന ഓവറി മുഹമ്മദ് ഷമി നേടിയ ഹാട്രിക്ക് വിക്കറില്‍ ഏറെ നായകീയമായിരുന്നു അഫ്ഗാന് മേല്‍ ഇന്ത്യന്‍ ജയം.

ബാറ്റിംഗ് ഓര്‍ഡര്‍ പരാജയപ്പെട്ട മത്സരത്തില്‍ ഷമിയുടെയും ബുംറയുടെയും ബൗളിംഗാണ് ഇന്ത്യയെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. അഫ്ഗാന്‍ ബാറ്റ്സ്മാന്മാരുടെ അനുഭവ പരിജ്ഞാനത്തിന്റെ കുറവും നിര്‍ണായക സമയത്ത് അവര്‍ നേരിട്ട ഉത്കണ്ഠയും വലിയൊരളവില്‍ ഇന്ത്യക്ക് തുണയാകുകയും ചെയ്തു. മത്സരം കൈപ്പിടിയിലെന്ന് തോന്നിയപ്പോഴും അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരുകയായിരുന്നു അഫ്ഗാന്‍ ബാറ്റ്സ്മാന്മാര്‍.

ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 224 റണ്‍സ് മാത്രം നേടാനായ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ പ്രകടനം അടിമുടി നിരാശാജനകമായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് ഭേദപ്പെട്ട് കളിച്ചത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി തികക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മറ്റുള്ളവരെല്ലാം തന്നെ അഫ്ഗാന്‍ പേസിലും സ്പിന്നിനും മുന്നില്‍ അടിപതറി.

ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്മാരുടെ ദൗര്‍ബല്യം തുറന്നുകാട്ടുന്നതായിരുന്നു മത്സരം. ശിഖര്‍ ധവാന്‍ പരുക്കേറ്റ് പിന്മാറിയതോടെ വലിയ ശൂന്യതയാണ് ടീമില്‍ ഉണ്ടായിരിക്കുന്നത്. രോഹിത് ശര്‍മയും വിരാട് കോലിയും പരാജയപ്പെട്ടാല്‍ ടീം സമ്മര്‍ദത്തിന് അടിപ്പെടുന്ന സ്ഥിതി.

2015ലെ ലോകകപ്പില്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്കൊപ്പം മധ്യനിരയും തകര്‍ന്നടിഞ്ഞതോടെ ആസ്‌ത്രേലിയക്കെതിരെ ഇന്ത്യ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതിന്റെ ആവര്‍ത്തനമെന്ന് തോന്നിച്ച മത്സരമായിരുന്നു അഫ്ഗാനെതിരെയുള്ളത്. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മയും വിരാട് കോലിയും മാത്രമാണ് ഫോമിലുള്ളതെന്ന് വ്യക്തമാക്കാന്‍ ഈ മത്സരത്തിന് സാധിച്ചു.
ഈ നിലയില്‍ ശേഷിക്കുന്ന മത്സരങ്ങളെ സമീപിച്ചാല്‍ വലിയ തിരിച്ചടിയാകും കാത്തിരിക്കുന്നത്.അഫ്വിഗാനുമായുള്ള കളിവെച്ച് തന്നെ ഇതിനെ വിലയിരുത്താം. വിജയ് ശങ്കറിനെ നാലാം നമ്പറില്‍ കളിപ്പിച്ചതാണ് ഇന്ത്യക്ക് ആദ്യം പിഴച്ചത്. നാലാം നമ്പറില്‍ കളിക്കാന്‍ പറ്റിയ താരമല്ല വിജയ്. അഫ്ഗാന്‍ സ്പിന്നിനെ നേരിടാന്‍ ഈ ഘട്ടത്തില്‍ ഏറ്റവും അനുയോജ്യന്‍ ഹര്‍ദിക് പാണ്ഡ്യയാണ്. സ്പിന്നിനെതിരെ ഏറ്റവും നന്നായി കളിക്കുകയും സമ്മര്‍ദത്തില്‍പ്പെടാതെ വലിയ ഷോട്ടുകള്‍ പായിക്കുകയും ചെയ്യാന്‍ ശേഷിയുണ്ട് പാണ്ഡ്യക്ക്.

എം എസ് ധോണിയെ ആറാം നമ്പറില്‍ കളിപ്പിച്ചതായിരുന്നു മറ്റൊരു തിരിച്ചടി. ക്വാളിറ്റി സ്പിന്നിനെതിരെ ധോണി തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് കാണുന്നത്. റണ്‍സ് നേട്ടത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ പന്ത് ആവശ്യമായി വരുന്നതും പതിവായിരിക്കുന്നു. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലാണ് ധോണിയുടെ മറ്റൊരു പരാജയം. മധ്യ ഓവറുകളിലെത്തി ഏറെ പന്തുകള്‍ പാഴാക്കുന്ന കേളീശൈലി ഏകദിനത്തില്‍ പോലും ഇനി പ്രായോഗികമല്ല. ധോണിയെ നാലാം നമ്പറില്‍ കളിപ്പിക്കുകയാണെങ്കില്‍ ടീമിന് മികച്ച അടിത്തറയുണ്ടാക്കാന്‍ ഒരുപക്ഷേ സാധിച്ചേക്കും.

ടീമിലെ റിസര്‍വ് താരങ്ങളായ ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ എന്നിവര്‍ ഇപ്പോഴും പുറത്തുതന്നെ നില്‍ക്കുകയാണ്. പന്തിനെ ഓപണിംഗിലോ നാലാം സ്ഥാനത്തോ പരീക്ഷിക്കാവുന്നതാണ്. ഓപണിംഗില്‍ ഇടം കൈ- വലം കൈ കോമ്പിനേഷന്‍ ഗുണം ചെയ്യും. കേദാര്‍ ജാദവ് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും മധ്യ ഓവറുകളില്‍ സ്‌കോര്‍ ചെയ്യാന്‍ പ്രയാസപ്പെടുകയാണ്. ജാദവിന് പന്തെറിയാനുള്ള അവസരവും ഇതുവരെ കോലി നല്‍കിയിട്ടില്ല. ജാദവിന് പകരം ജഡേജയെ കൊണ്ടുവരുന്നതാകും നല്ലത്. മികച്ച സ്പിന്നര്‍ കൂടിയായ ജഡേജ വേഗം കുറഞ്ഞ പിച്ചുകളില്‍ കുല്‍ദീപിനേക്കാളും അപകടകാരിയാണ്.

വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍. വിജയ് ശങ്കര്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതോടെ, ശിഖര്‍ധവാന് പകരം ടീമിലെത്തിയ ഋഷഭ് പന്തിന് അവസരം നല്‍കാന്‍ സാധ്യതയുണ്ട്. കുല്‍ദീപ് യാദവിന് പകരം ദിനേഷ് കാര്‍ത്തിക് കളിച്ചേക്കും. നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെ മാറ്റങ്ങള്‍ ഇന്ത്യയുടെ മധ്യനിര ശക്തമാക്കും.