Connect with us

National

വേണ്ടിവന്നത് 90 സെക്കന്‍ഡ് മാത്രം, കുടുംബം പോലും അറിഞ്ഞില്ല; ബലാക്കോട്ട് ആക്രമണത്തെ കുറിച്ച്‌ പൈലറ്റുമാര്‍

Published

|

Last Updated

ഗ്വാളിയോര്‍: “എല്ലാം 90 സെക്കന്‍ഡില്‍ കഴിഞ്ഞു. ആക്രമണത്തെ കുറിച്ച് ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങള്‍ പോലും അറിഞ്ഞില്ല. അത്രയും രഹസ്യമായിട്ടായിരുന്നു ആക്രമണം.”- ഫെബ്രുവരി 26ന് പാക്കിസ്ഥാനില്‍ ബലാക്കോട്ടിലെ ജയ്ഷ്വ മുഹമ്മദ് ഭീകര ക്യാമ്പിനെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പങ്കെടുത്ത രണ്ടു പൈലറ്റുമാരാണ് ഇക്കാര്യം പറഞ്ഞത്.

ആയുധം പ്രയോഗിച്ച ശേഷം ഞങ്ങള്‍ മടങ്ങി. ആകെ വേണ്ടിവന്നത് 90 സെക്കന്‍ഡാണ്. എന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കു പോലും ആക്രമണത്തെ കുറിച്ച് അറിയുമായിരുന്നില്ല. അടുത്ത ദിവസം നിങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തിരുന്നുവോ എന്ന് ഭാര്യ ചോദിച്ചപ്പോള്‍ ഞാന്‍ മൗനം പാലിക്കുകയും കിടന്നുറങ്ങുകയും ചെയ്തു-വ്യോമാക്രമണത്തിന് ഉപയോഗിച്ച മിറാഷ് 2000 പോര്‍വിമാനത്തിലെ പൈലറ്റുമാരിലൊരാള്‍ വ്യക്തമാക്കി.

ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഫെബ്രുവരി 26ന് വ്യോമസേനയുടെ രണ്ട് മിറാഷ് 2000 വിമാനങ്ങള്‍ ബലാക്കോട്ടില്‍ ബോംബാക്രമണം നടത്തിയത്. രണ്ടു ദിവസം മുമ്പു മാത്രമാണ് ആക്രമണ പദ്ധതിയെ കുറിച്ച് സൂചന ലഭിച്ചതെന്ന് രണ്ടാമത്തെ പൈലറ്റ് പറഞ്ഞു. എന്തോ സംഭവിക്കാനിരിക്കുന്നു എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നുവെങ്കിലും വ്യക്തമായ ചിത്രം ലഭിച്ചിരുന്നില്ല. ഇതിനിടെ പലവിധ അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു.

ആക്രമണത്തിന്റെ തലേദിവസം, അതായത് ഫെബ്രുവരി 25ന് വൈകിട്ടാണ് മിറാഷ് വിമാനങ്ങളില്‍ സ്‌പൈസ് 2000 ബോംബുകള്‍ ലോഡ് ചെയ്തത്. ലക്ഷ്യസ്ഥാനം രേഖപ്പെടുത്തി തരികയും ചെയ്തു. ആക്രമണത്തിന്റെ ഒരുക്കങ്ങള്‍ സഹപ്രവര്‍ത്തകര്‍ പോലും അറിയാതിരിക്കാന്‍ മേലധികാരികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓപ്പറേഷനായി മൊത്തം രണ്ടര മണിക്കൂര്‍ ആവശ്യമായി വന്നു. പാക്കിസ്ഥാന്റെ പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് പാക് റഡാറുകളുടെ വലയത്തില്‍ പെടാതിരിക്കാന്‍ ഞങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.

ലക്ഷ്യസ്ഥാനത്ത് കൃത്യമായി സ്‌ഫോടനം നടത്താന്‍ ശേഷിയുള്ളതാണ് സ്‌പൈസ് 2000 ബോംബുകള്‍ എന്നതിനാല്‍ ഭീകരത്താവളത്തില്‍ ബോംബ് കനത്ത നാശമുണ്ടാക്കി എന്ന കാര്യത്തില്‍ സംശയമില്ല. പൈലറ്റ് വെളിപ്പെടുത്തി.