യു എസ് റിപ്പോര്‍ട്ടും ഇന്ത്യയുടെ നിഷേധവും

Posted on: June 25, 2019 11:05 am | Last updated: June 25, 2019 at 11:05 am


കണ്ണടച്ചാല്‍ ഇരുട്ടാകുകയില്ല. ഇന്ത്യയില്‍ മത സ്വാതന്ത്ര്യം കടുത്ത ഭീഷണിയിലും മത ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലുമാണെന്ന് വസ്തുതകളെ ആധാരമാക്കി യു എസ് വിദേശകാര്യ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് നിഷേധിച്ചതു കൊണ്ടു മാത്രം, കാവി ഭീകരര്‍ വികൃതമാക്കിയ മതേതര ഇന്ത്യയുടെ മുഖം ലോകത്തിനു മുന്നില്‍ നിന്ന് മറച്ചു പിടിക്കാനാകില്ല. അനുദിനം, നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് രാജ്യത്തിന്റെ നല്ല പ്രതിച്ഛായ. വര്‍ഗീയാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും നഷ്ടമായിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ മതേതര, ജനാധിപത്യ സ്വഭാവം തിരിച്ചു പിടിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ രാജ്യത്തിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനാകൂ.

തീവ്രഹിന്ദുത്വര്‍ മതന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കും നേരെ നടത്തുന്ന സംഘടിത ആക്രമണങ്ങള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങളും ഗോ സംരക്ഷണത്തെ ചൊല്ലിയുള്ള ആക്രമണങ്ങളും തടയുന്നതിലും കുറ്റവാളികളെ നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നതിലും സര്‍ക്കാര്‍ ഭാഗത്തു നിന്നുള്ള കുറ്റകരമായ അനാസ്ഥ, കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രസ്താവനകള്‍, മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മതന്യൂനപക്ഷ പദവി ഇല്ലാതാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍, നൂറ്റാണ്ടുകളോളം മുസ്‌ലിം രാജാക്കന്‍മാര്‍ ഭരിക്കുകയും അവര്‍ നിര്‍മിക്കുകയും ചെയ്ത നഗരങ്ങളുടെ മുസ്‌ലിം പശ്ചാത്തലം ഇല്ലാതാക്കല്‍, നഗരങ്ങളുടെ മുസ്‌ലിം ചുവയുള്ള പേരുകള്‍ മാറ്റല്‍ തുടങ്ങി മുസ്‌ലിംകള്‍ ഇന്ത്യക്ക് നല്‍കിയ മഹത്തായ സംഭാവന മായ്ച്ചു കളയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ ആധാരമാക്കിയാണ് 2018ലെ ഇന്ത്യന്‍ മതസ്വാതന്ത്ര്യത്തകര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഹിന്ദുത്വ ഫാസിസത്തിന്റെ വംശീയാക്രമണങ്ങള്‍ ഇതാദ്യമായല്ല അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നരേന്ദ്ര മോദി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതിന്റെ തൊട്ടു തലേദിവസം 18 യു എസ് പ്രതിനിധി സഭാംഗങ്ങള്‍ ചേര്‍ന്ന് ഇന്ത്യയില്‍ മതപരമായ അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തുകയും രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പ് വരുത്താന്‍ യു എസ് പ്രതിനിധിസഭ മോദിയോട് ആവശ്യപ്പെടണമെന്ന് കാണിച്ച് സ്പീക്കര്‍ പോള്‍ റയാന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഏപ്രിലില്‍ പ്രസിദ്ധീകരിച്ച യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലും തീവ്ര ഹിന്ദുത്വ നിലപാടും വിശ്വാസങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ദുഷ്പ്രവണതയും ഇന്ത്യയില്‍ വര്‍ധിച്ചതായി വിലയിരുത്തുകയുണ്ടായി. അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും അംഗീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്നും ഗോവധ നിരോധനം നടപ്പാക്കിയത് ഇന്ത്യയിലെ അഹിന്ദുക്കളായവരുടെയും ദളിതരുടെയും അഭിപ്രായം പരിഗണിക്കാതെയാണെന്നും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട്, ബീഫിന്റെ പേരിലും മതംമാറ്റത്തിന്റെ പേരിലും ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസ് നിര്‍വികാരമായാണ് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടി.

2017 മെയില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ (യു എന്‍ എച്ച് ആര്‍ സി) യോഗത്തിലും ഇന്ത്യയിലെ ഹിന്ദുത്വരുടെ വംശീയാക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും വിമര്‍ശിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ പൗരന്മാര്‍ പല തരത്തിലുള്ള വിലക്കുകള്‍ നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ യു എന്‍ എച്ച് ആര്‍ സി, ഭരണകൂടം പൗര സ്വാതന്ത്ര്യത്തിന് മതിയായ പ്രാധാന്യം നല്‍കുന്നില്ലെന്നും കുറ്റപ്പെടുത്തി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വരെ കടുത്ത നിയന്ത്രണങ്ങള്‍ നേരിടുന്നു. സുരക്ഷയുടെ പേരില്‍ നിയമപാലകര്‍ തന്നെ രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായും വിമര്‍ശനം ഉയര്‍ന്നു.

എന്നാല്‍ യു എസ് വിദേശകാര്യ വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അപ്പാടെ തള്ളുകയാണെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞത്. ഇന്ത്യയിലെ മതസ്വാതന്ത്ര്യ നിരാസത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ മറ്റു രാജ്യങ്ങള്‍ക്ക് അവകാശമില്ലെന്ന് അഭിപ്രായപ്പെട്ട രവീഷ് കുമാര്‍, എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന മതേതര രാഷ്ട്രമാണ് ഇന്ത്യയെന്നും അവകാശപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ രാജ്യം സംരക്ഷിക്കുന്നുണ്ട്. എക്കാലത്തും സഹിഷ്ണുതക്കും തുല്യാവകാശത്തിനും നിലകൊണ്ട സമൂഹമാണ് ഇന്ത്യയിലേതെന്നും അദ്ദേഹം പറയുന്നു.

ശരിയാണ് രവീഷ് കുമാറിന്റെ വാക്കുകള്‍. മഹിതമായ ഇത്തരമൊരു സ്ഥിതിവിശേഷമായിരുന്നു ഏതാനും വര്‍ഷം മുമ്പു വരെ രാജ്യത്തുണ്ടായിരുന്നത്. അന്ന് ആഗോള സമൂഹത്തിന്റെ പ്രശംസക്ക് ഇത് വിഷയീഭവിച്ചതുമാണ്. അടുത്ത കാലത്തായി വിശേഷിച്ചും 2014നു ശേഷം കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞിട്ടുണ്ട്. ഇന്ന് കടുത്ത ഭീതിയിലാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിതരും ജീവിക്കുന്നത്.

കാവി ഭീകരരുടെ വാളുകള്‍ മതന്യൂനപക്ഷങ്ങളുടെ തലക്ക് മീതെ ഉയര്‍ന്നു നില്‍ക്കുകയാണ് എങ്ങും. ഇതൊക്കെ മുന്‍നിര്‍ത്തിയാണ് യു എസും മറ്റു ആഗോള ഏജന്‍സികളും റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ് നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍. ഈ നാണക്കേടില്‍ നിന്ന് രക്ഷനേടാന്‍ കേവല നിഷേധങ്ങള്‍ പോരാ, എല്ലാ മതങ്ങള്‍ക്കും നിലനില്‍ക്കാനും വളരാനും തങ്ങളുടെ ആചാരങ്ങളും സംസ്‌കാരങ്ങളും കാത്തുസൂക്ഷിക്കാനും അവകാശം നല്‍കുന്ന മതേതരത്വത്തിലൂന്നിയ ഭരണത്തിലേക്ക് സര്‍ക്കാര്‍ തിരിച്ചു പോകുകയാണ് വേണ്ടത്. ഒപ്പം ബഹുസ്വരതക്ക് ഭീഷണി സൃഷ്ടിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നിയന്ത്രിക്കുകയും വേണം.