കെട്ടിട നിര്‍മാണ അനുമതികളിലെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

Posted on: June 24, 2019 10:35 pm | Last updated: June 25, 2019 at 11:04 am

തിരുവനന്തപുരം: ഓഡിറ്റോറിയത്തിന് ലൈസന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതിന് പിറകെ കെട്ടിട നിര്‍മ്മാണ അനുമതികളിലെ കാലതാമസം ഒഴിവാക്കാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. അഞ്ച് കോര്‍പ്പറേഷനുകളില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി നേരിട്ടെത്തി അദാലത്ത് നടത്തും. പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ അപേക്ഷകളിലും അടുത്ത മാസം 10നകം തീര്‍പ്പുണ്ടാക്കണമെന്നാണ് പഞ്ചായത്ത് ഡയറക്ടര്‍മാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ടുകള്‍ 15നകം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പരിശോധിക്കണം. എല്ലാ അപേക്ഷകളിലും 15 ദിവസത്തിനകം തീരുമാനമെടുക്കണം .കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് പരിഹാരമുണ്ടാക്കണം

കോര്‍പ്പറേഷനുകളില്‍ തദ്ദേശ ഭരണമന്ത്രി നേരിട്ട് പങ്കെടുക്കുന്ന ആദ്യ അദാലത്ത് ജൂലൈ 15ന് കൊച്ചിയില്‍ നടക്കും. അഞ്ച് കോര്‍പ്പറേഷനലും രാവിലെ 10 മണിമുതല്‍ മുഴുവന്‍ ദിവസം നടക്കുന്ന അദാലത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ,ഒക്യൂപെന്‍സി തുടങ്ങിയ അപേക്ഷകള്‍ നല്‍കിയവര്‍ക്ക് പങ്കെടുക്കാം. കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ സംബന്ധിച്ച് നിലവില്‍ സെക്രട്ടറിക്ക് മാത്രമാണ് തീരുമാനമെടുക്കാന്‍ കഴിയൂ. സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.