നോളജ് സിറ്റി ഉദ്ഘാടനം; ഡോ. അസ്ഹരിയുടെ യു കെ പര്യടനം ആരംഭിച്ചു

Posted on: June 24, 2019 8:41 pm | Last updated: June 24, 2019 at 8:41 pm

ലണ്ടന്‍: 2020 മാര്‍ച്ചില്‍ ഉദ്ഘാടനം നടക്കുന്ന മര്‍കസ് നോളജ് സിറ്റിയുടെ വിവിധ വിദ്യാഭ്യാസ സാംസ്‌കാരിക പദ്ധതികള്‍ പരിചയപ്പെടുത്തി മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി യൂറോപ്പില്‍ നടത്തുന്ന പര്യടനത്തിന് തുടക്കമായി. ബ്രിട്ടനിലെ വിവിധ നഗരങ്ങളിലെ വിദ്യഭ്യാസ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ലൂട്ടന്‍ നഗരത്തില്‍ മലയാളി അസോസിയേഷന്‍ ലുമ്മ നടത്തിയ സമ്മേളനത്തില്‍ ഡോ. അസ്ഹരിക്ക് സ്വീകരണം നല്‍കി. മേയര്‍ താഹിര്‍ മഹ്മൂദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. അസ്ഹരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നോളജ് സിറ്റിയെകുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ അദ്ദേഹം ആധുനിക കാലത്ത് അറിവിനെയും സംസ്‌കാരത്തെയും പാരമ്പര്യത്തിന്റെ മൂല്യങ്ങളോടെ പുനര്‍നിര്‍മിക്കുന്ന നാഗരികതയാവും നോളജ് സിറ്റിയില്‍ ഉയര്‍ന്നുവരികയെന്നു പ്രത്യാശിച്ചു. നോട്ടിങ്ഹാംമിലെ ഈസ്‌റ് മെയിന്‍ലാന്‍ഡ് മലയാളി മുസ്‌ലിം അസോസിയേഷന്‍ നടത്തിയ സമ്മേളനത്തില്‍ ഡോ. അസ്ഹരി പ്രഭാഷണം നടത്തി. ബ്രിട്ടനിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കവന്‍ഡ്രി നഗരത്തില്‍ ഒരുക്കിയ ധൈഷണിക ചര്‍ച്ചയില്‍ ഡോ അസ്ഹരി പ്രഭാഷണം നടത്തി. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും വൈജ്ഞാനിക സാങ്കേതിക പുതുമകള്‍ തനിമയോടെ സംയോജിപ്പിക്കുന്ന കേന്ദ്രമായിരിക്കും നോളജ് സിറ്റിയെന്ന് ഡോ അസ്ഹരി പറഞ്ഞു. മര്‍കസ് നോളജ് സിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമീര്‍ ഹസ്സന്‍ യാത്രയില്‍ അനുഗമിക്കുന്നുണ്ട്.