Connect with us

Education

കാലിക്കറ്റിൽ യു ജി, പി ജി സിലബസുകൾ പരിഷ്‌കരിക്കാൻ തീരുമാനം

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല യു ജി, പി ജി സിലബസുകൾ പരിഷ്‌കരിക്കാൻ സിൻഡിക്കേറ്റ് തീരുമാനം. ബോർഡ് ഒഫ് സ്റ്റഡീസ്, ഫാക്വൽറ്റി തുടങ്ങിയവയുടെ സംയുക്ത യോഗം ചേരും.

ഈ അക്കാദമിക വർഷം തന്നെ തീരുമാനം നടപ്പാക്കാനാണ് സിൻഡിക്കേറ്റിന്റെ ശ്രമം. എന്നാൽ അധ്യാപകർക്കും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കും ധ്യതിപിടിച്ച് നടപ്പാക്കുന്നതിൽ സാങ്കേതികമായി നേരിടുന്ന പ്രയാസങ്ങളെ കുറിച്ച് സിൻഡിക്കേറ്റിനെ ബോധ്യപ്പെടുത്തിയതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

പുതിയ സിലബസ് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നോട്ടുകളും മറ്റും തയ്യാറാക്കാൻ വളരെയധികം സാവകാശം ആവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാൽ ഈ വർഷം നടപ്പിലാക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പുതിയ കോളജുകൾക്കും കോഴ്‌സുകൾക്കും അംഗീകാരം നൽകി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോഹിനൂർ എൻജിനിയറിംഗ് കോളജിന് എ ഐ സി ടി ഇയുടെ അംഗീകാരം വീണ്ടെടുക്കുന്നതിനും വിദ്യാർഥികളുടെ നിലവിലുള്ള ഫീസ് നിരക്ക് 35,000 രൂപ തുടരുന്നതിനും സിൻഡിക്കേറ്റ് തീരുമാനിച്ചു.

അൺ എയ്ഡഡ്/ സെൽഫിനാൻസ് മേഖലയിൽ യു ജി, പി ജി കോഴ്‌സുകളുടെ സീറ്റുകൾ വർധിപ്പിക്കാനുള്ള സർക്കാറിന്റെ ഉത്തരവ് അതേപടി നടപ്പിലാക്കാനും സർക്കാർ-എയ്ഡഡ് മേഖലയിൽ നേരിയ സീറ്റ് വർധിപ്പിക്കാനും തീരുമാനം. എയ്ഡഡ്- സെൽഫിനാൻസ് മേഖലയിൽ ആർട്‌സ് യു ജി കോഴ്‌സിന് 60, സയൻസ് യു ജിക്ക് 40, പി ജി ആർട്‌സ്-20, പി ജി സയൻസിന് 16 സീറ്റുകളാണ് സർക്കാർ ഉത്തരവിനെ തുടർന്ന് വർധിപ്പിച്ചത്.

പഠനത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യമുള്ള കോളജുകളിൽ ആവശ്യമായ പരിശോധനകൾക്ക് ശേഷം ഈ അക്കാദമിക് വർഷം തന്നെ നടപ്പിലാക്കും. സർക്കാർ-എയ്ഡഡ് കോളജുകളിൽ സീറ്റ് നേരിയ വർധനവാണുള്ളത്. എം എസ് സി-16, ഹ്യുമാനിറ്റീസ് -25, ബി എ-50, ബി എസ് സി-40, കെമിസ്ട്രി-40 എന്നിങ്ങനെയാണ് വർധനവ്.

നിലവിൽ അപേക്ഷ നൽകി അംഗീകാരത്തിനായി കാത്തിരിക്കുന്ന 61 കോളജുകൾക്ക് പുതുതായി അംഗീകാരം നൽകാനും ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

Latest