സുഗന്ധവ്യഞ്ജനങ്ങളിൽ വലിയതോതിൽ കീടനാശിനി സാന്നിധ്യം

Posted on: June 24, 2019 6:27 am | Last updated: June 24, 2019 at 5:27 pm

കൊച്ചി: സംസ്ഥാനത്തെ പൊതുവിപണികളിൽ ലഭ്യമായ വറ്റൽ മുളകും ഏലക്കയും അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ കേരളത്തിൽ നിരോധിച്ച കീടനാശിനികളുടെ അവശിഷ്ടം വലിയ തോതിൽ കണ്ടെത്തി.
നിരോധിത കീടനാശിനിയായ പ്രൊഫനഫോസ് ഉൾപ്പെടെയുള്ള മാരക കീടനാശിനികളാണ് കണ്ടെത്തിയത്. സേഫ്റ്റു ഈറ്റ് പദ്ധതി പ്രകാരം കേരളത്തിലെ വിപണികളിലെത്തുന്ന പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനികളുടെ അവശിഷ്ടവിഷാംശം പരിശോധിച്ച് കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ആശങ്കാജനകമായ വസ്തുത വെളിപ്പെട്ടത്. എട്ട് മാസത്തെ നിരീക്ഷണത്തിന് ശേഷം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പഠന റിപ്പോർട്ട് പ്രകാരം 52.94 ശതമാനം സുഗന്ധ വ്യഞ്ജനങ്ങളിൽ കീടനാശിനി സാന്നിധ്യമുണ്ട്. പരിശോധന നടത്തിയ ഭക്ഷ്യവസ്തുക്കളിൽ ഏറ്റവും കൂടുതൽ കീടനാശിനി യുടെ അവശിഷ്ടം കണ്ടെത്തിയതും സുഗന്ധവ്യഞ്ജനങ്ങളിൽ തന്നെയാണ്.

പരിശോധിച്ച പച്ചക്കറികളിൽ 19.70 ശതമാനം കീടനാശിനി കണ്ടെത്തിയപ്പോൾ പഴവർഗങ്ങളിൽ 5.20 ശതമാനം മാത്രമേയുള്ളൂ. പച്ചക്കറികളെ താരതമ്യം ചെയ്താൽ പഴവർഗങ്ങളിലെ കീടനാശിനി സാന്നിധ്യം വളരെ കുറവാണ്. പഴവർഗങ്ങളിൽ മുന്തിരിയിലാണ് കീടനാശിനി കൂടുതലുള്ളത്.
ഏലക്കയിൽ പരിശോധിച്ച എട്ട് സാമ്പിളുകളിൽ ആറ് എണ്ണത്തിലും കീടനാശിനി സാന്നിധ്യമുണ്ട്. അതായത് 75 ശതമാനം. സംസ്ഥാനത്ത് 2011 ൽ നിരോധിച്ച ട്രയഫോസ് ഉൾപ്പെടെയുള്ള ഏഴ് കീടനാശിനികളുടെ സാന്നിധ്യമാണ് ഏലക്കയിലുള്ളത്. അതിൽ ക്യുനാൽഫോസ് എന്ന കീടനാശിനി മാത്രമേ കേന്ദ്ര കീടനാശിനി ബോർഡ് ശിപാർശ ചെയ്തിട്ടുള്ളു. എന്നാൽ അതു തന്നെ അനുവദിച്ച പരിധിക്ക് മുകളിലാണെന്നും പഠനം സൂചിപ്പിക്കുന്നു.

ശിപാർശ ചെയ്തിട്ടില്ലാത്ത കീടനാശിനികളായ അസഫേറ്റ്(മഞ്ഞ വിഭാഗത്തിൽപ്പെട്ടത്), കാർബൻഡാസിം (പച്ച) കേരളത്തിൽ നിരോധിച്ച ട്രയസോഫാസ്(5.15 പി പി എം)ക്ലോർപൈറിഫോസ്(90.34)ലാംബ്ഡാ സൈഹാലോത്രിൻ(0.30), ഇമിഡാക്ലോപ്രിഡ്(0.28-0.50) സൈപെർമെത്രിൻ (0.12-0.45 ) എന്നിവയെല്ലാം തളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ പൂർണമായും ഉത്പാദിപ്പിക്കുന്നവയാണ് ഏലക്കയെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. ഏലക്കക്ക് പ്രധാനമായും കൃഷി ചെയ്യുന്ന ഇടുക്കി ജില്ല അതിർത്തി ജില്ലയായതിനാൽ നിരോധിത കീടനാശിനികൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കാനുള്ള സാഹചര്യം കൂടുതലാണ്. ഇടുക്കി ജില്ല കേന്ദ്രീകരിച്ച് കീടനാശിനികളുടെ ഉപയോഗം ഇപ്പോഴും വ്യാപകമായി നടക്കുന്നുവെന്നതിനെയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. വറ്റൽ മുളകിൽ കേരളത്തിൽ നിരോധിച്ച പ്രൊഫൈനോഫോസ് എന്ന കീടനാശിനിയാണുള്ളത്.

പരിശോധിച്ച മുഴുവൻ സാമ്പിളുകളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. വറ്റൽ മുളകിലെ ഭൂരിഭാഗവും കൃഷി ചെയ്യുന്നത് അയൽ സംസ്ഥാനങ്ങളിലാണ്. ഇവിടെ സസ്യസംരക്ഷണ പ്രവർത്തനങ്ങൾ അവലംബിക്കാറില്ല. വറ്റൽ മുളകും മുളകു പൊടിയും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. അതു കൊണ്ട് തന്നെ വറ്റൽ മുളകിലെ കീടനാശിനി സാന്നിധ്യം അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം നിരോധിച്ച പ്രൊഫെനോഫോസ് എന്ന കീടനാശിനി കറിവേപ്പിലയിലും മുന്തിരിയിലും വറ്റൽമുളകിലും പച്ചമുളകിലും ഇവയുണ്ട്. പൊതുവിപണിയിൽ നിന്ന് ശേഖരിച്ച പച്ചക്കറികളിൽ ചൂവപ്പ് ചീര, ബീൻസ്, പാവൽ, വഴുതന, കത്തിരി, സാമ്പാർമുളക്, കോവക്ക, വെള്ളരി, ഉരുളക്കിഴങ്ങ്, പടവലം, പയർ, പയർ, ബജിമുളക്, മല്ലിയില, കറിവേപ്പില, പുതന ഇല, എന്നീ പച്ചക്കറികളിലാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. ക്ലോർപൈറിഫോസ്, കാർബഡാസിം, ഇമിഡാക്ലോപ്പ്രിഡ്, അസഫേറ്റ്, അസറ്റാമിപ്രിഡ്, ഫ്ലാബെന്റ്‌റാമൈഡ് എന്നിങ്ങനെയുള്ള പത്ത് കീടനാശിനികളും മൂന്ന് കുമിൾ നാശിനികളും അവയിലടങ്ങിയിട്ടുണ്ട്.

കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച 15 ഇനം പച്ചക്കറികളിലും കീടനാശിനി സാന്നിധ്യം സ്ഥിരീകരിച്ചു. പച്ചമുളക്, പയർ,വഴുതിന, കത്തിരി, പാവൽ, എന്നിവയിലാണ് കണ്ടെത്തിയത്. 21 ഇനം കീടനാശിനികൾ കണ്ടെത്തി. എന്നാൽ ഇതിൽ മിക്കതും ശിപാർശ ചെയ്യപ്പെട്ട കീടനാശിനിയാണെന്നതും അതിൽ അനുവദിനീയമായ അളവിലേ തളിച്ചിട്ടുള്ളൂവെന്നും കണ്ടെത്തി.
ഇത് ആശ്വാസകരമാണെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തൽ. അതേസമയം ഓർഗാനിക്,ജൈവീകം എന്ന ലേബലിൽ ഉയർന്ന വിലക്ക് വിൽക്കുന്ന പച്ചക്കറികളിലെ കീടനാശി സാന്നിധ്യം 10.16 ശതമാനമാണ്.

ഇക്കോഷോപ്പുകളിലൂടെ വിൽക്കുന്ന പച്ചക്കറികളിലും (27.27 ശതമാനം) കീടനാശിനി സാന്നിധ്യമുണ്ട്. കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച പച്ചചീര, കുമ്പളം, കറിക്കായ, നിത്യവഴുതന, ചേമ്പ്, മുരിങ്ങക്ക, ചേന, മാങ്ങ, നേന്തൻ, മത്തൻ, തക്കാളി, മരച്ചീനി, ചതുരപ്പയർ, വാഴക്കൂമ്പ്, അമരക്ക, പപ്പായ എന്നിവയിലൊന്നും കീടനാശിനി കണ്ടെത്തിയിട്ടില്ല.

പൊതുവിപണിയിൽ വിൽക്കുന്ന 22 ഓളം പച്ചക്കറി ഇനങ്ങളിലും കീടനാശിനി സാന്നിധ്യമില്ലെന്നും തെളിഞ്ഞിട്ടുണ്ട്. പച്ചക്കറികളിൽ കഴിഞ്ഞ പഠനറിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ 21.82 ശതമാനം കീടനാശിനി സാന്നിധ്യം എന്നുള്ളത് 19.70 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കീടനാശിനിയുടെ നൂറ് കോടിയിൽ ഒരംശം പോലും കണ്ടെത്താൻ കഴിവുള്ള അത്യാധുനിക ഉപകരണങ്ങളുള്ള വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ടപരിശോധനാ ലാബിലാണ് പരിശോധന നടത്തിയത്.