വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബിജെപിയില്‍ അംഗത്വമെടുത്തു

Posted on: June 24, 2019 5:19 pm | Last updated: June 24, 2019 at 5:19 pm

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഔദ്യോഗികമായി ബിജെപിയില്‍ അംഗത്വമെടുത്തു. പാര്‍ലിമെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ അദ്ദേഹത്തിന് അംഗത്വം നല്‍കി. 1977 ബാങ്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായി കരിയര്‍ തുടങ്ങിയ ജയശങ്കര്‍ ബിജെപി അനുഭാവിയായിരുന്നുവെങ്കിലും ഇതുവരെ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നില്ല.

വിദേശകാര്യ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ജയശങ്കറിന് പാര്‍ലിമെന്റ് അംഗത്വമില്ല. ഗുജറാത്തില്‍ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് നല്‍കി അദ്ദേഹത്തെ പാര്‍ലിമെന്റില്‍ എത്തിക്കുവാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായാണ് പാര്‍ട്ടിയില്‍ ഔദ്യോഗിക അംഗത്വം നല്‍കിയിരിക്കുന്നത്.

ആദ്യ മോദി സര്‍ക്കാറില്‍ 2015 മുതല്‍ 2018ല്‍ വിരമിക്കുന്നത് വരെ വിദേശകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ജയശങ്കര്‍ രണ്ടാം മോദി മന്ത്രിസഭയില്‍ അവിചാരിതമായാണ് വിദേശകാര്യ മന്ത്രി പദവിയില്‍ എത്തിയത്.