Connect with us

National

മസ്തിഷ്‌ക ജ്വരം: മരണസംഖ്യ 152 ആയി; പ്രതിഷേധക്കാര്‍ എം എല്‍ എയെ തടഞ്ഞുവച്ചു, കല്ലെറിഞ്ഞു

Published

|

Last Updated

പാറ്റ്‌ന: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം 152 ആയി. സംസ്ഥാനത്തെ 20 ജില്ലകളിലേക്കു കൂടി അസുഖം പടര്‍ന്നതായി മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എന്നാല്‍, രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞു.

അതിനിടെ, ഏഴ് കുട്ടികള്‍ മരിച്ച വൈശാലിയിലെ ആശുപത്രി സന്ദര്‍ശിച്ച ഒരു എല്‍ ജെ പി എം എല്‍ എക്ക് പ്രദേശവാസികളില്‍ നിന്ന് കടുത്ത പ്രതിഷേധം ഏറ്റുവാങ്ങേണ്ടി വന്നു. എം എല്‍ എയുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍ അദ്ദേഹത്തെ സമീപത്തെ ഒരു കുടിലിലേക്ക് കൊണ്ടുപോയി ബന്ദിയാക്കുകയും ചെയ്തു. പിന്നീട് സുരക്ഷാ പ്രവര്‍ത്തകരെത്തി മോചിപ്പിച്ചു കൊണ്ടുപോകുന്നതിനിടെ എം എല്‍ എക്കു നേരെ ചിലര്‍ കല്ലെറിഞ്ഞു.

നേരത്തെ, സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝായുടെയും ബിഹാറിന്റെ ചുമതലയുള്ള ബിരേന്ദ്ര സിംഗ് റാത്തോറിന്റെയും നേതൃത്വത്തില്‍ അഞ്ചംഗ കോണ്‍ഗ്രസ് പ്രതിനിധി സംഘം മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആരോഗ്യ പരിപാലനം കാര്യക്ഷമമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ചിരുന്നു. മസ്തിഷ്‌ക ജ്വരം വര്‍ഷം തോറും പടരുന്നതിന് കാരണമെന്താണെന്ന് കേന്ദ്ര ആരോഗ്യ വിദഗ്ധര്‍ വെളിപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് സംഘം പറഞ്ഞു. 1995നു ശേഷം ബിഹാറില്‍ എല്ലാ വര്‍ഷവും ഈ അസുഖം ആവര്‍ത്തിക്കുന്നുണ്ട്.

Latest