മസ്തിഷ്‌ക ജ്വരം: വിശദീകരണം തേടി ബിഹാര്‍ സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ്

Posted on: June 24, 2019 1:36 pm | Last updated: June 24, 2019 at 3:36 pm

ന്യൂഡല്‍ഹി: മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായതില്‍ വിശദീകരണം തേടി ബിഹാര്‍ സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ്. ചികിത്സാ സൗകര്യങ്ങള്‍, പോഷകാഹാരം എന്നിവയുടെ ലഭ്യത, പൊതു ശുചീകരണ നടപടികള്‍, ആരോഗ്യപരിപാലനത്തിന്റെ അവസ്ഥ തുടങ്ങിയ കാര്യങ്ങളില്‍ ഏഴു ദിവസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയുടെയും ബി ആര്‍ ഗവായിയുടെയും ബഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.

മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടികളുടെ ചികിത്സക്കായി മെഡിക്കല്‍ വിദഗ്ധരുടെ ഒരു സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ പ്രതാപും സന്‍പ്രീത് സിംഗ് അജ്മാനിയും സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. മസ്തിഷ്‌ക ജ്വരം നിയന്ത്രിക്കുന്നതിനാവശ്യമായ എല്ലാം നടപടികളും കൈക്കൊണ്ടതായും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജിയില്‍ പത്തു ദിവസത്തിനു ശേഷം കോടതി വാദം കേള്‍ക്കും.

150ല്‍ പരം കുട്ടികളാണ് ജൂണ്‍ ഒന്നിനു ശേഷം സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. മുസഫര്‍പൂരിലാണ് ഇതില്‍ കൂടുതല്‍ മരണവും സംഭവിച്ചത്. ബീഹാറിലെ 40 ജില്ലകളില്‍ 20ലും പടര്‍ന്നുപിടിച്ച അസുഖം 600ലധികം കുട്ടികളെയാണ് ബാധിച്ചതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യകതമാക്കുന്നു.