വി ടി ഹമീദ് ഹാജി കൊടിഞ്ഞി നിര്യാതനായി

Posted on: June 23, 2019 4:49 pm | Last updated: June 24, 2019 at 4:56 pm

മലപ്പുറം: തിരൂരങ്ങാടി: കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയും പൗരപ്രധാനിയും വി ടി ഗ്രൂപ്പ് ഉടമയുമായ കൊടിഞ്ഞി വി ടി അബ്ദുൽ ഹമീദ് ഹാജി (53) നിര്യാതനായി.

വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്, കൊടിഞ്ഞി സൈൻ കോളജ് ട്രഷറർ, പയ്യോളി അലവിയ്യ മസ്ജിദ് സെക്രട്ടറി, അൽ ഹുദാ മസ്ജിദ് സെക്രട്ടറി, കോറ്റത്തങ്ങാടി മർകസുൽ ഹുദാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു ഹമീദ് ഹാജി.

എസ് എം എ ജില്ലാ ട്രഷറർ, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് തിരൂരങ്ങാടി സോൺ ജനറൽ സെക്രട്ടറി, കടുവാളൂർ സ്‌കൂൾ പി ടി എ പ്രസിഡന്റ്, വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും ഹമീദ് ഹാജി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: നൂർജഹാൻ. മക്കൾ: അൻവർ, അക്‌റം, ഹഫ്‌സത്ത്, റാഹില, ഹാജറ, ഹബീബ, ഹാദിയ, ഫാത്വിമഅർശിദ, ആഇശശമീമ, പരേതനായ അശ്‌റഫ് മുസ്‌ലിയാർ.മരുമക്കൾ: സൽമാൻ മത്തോട്ടം, റഫീഖ് സ്വാഗതമാട്, ശബീർ ചാലിയം, അബ്ദുർറഹീം അഹ്‌സനി താനാളൂർ, ഉമറലി ഫാളിലി ചെങ്ങാനി, റോശൻ അദനി ചങ്കുവെട്ടി സഹോദരങ്ങൾ: അബ്ദുസ്സമദ് ഹാജി, ബശീർ, മൻസൂർ സഖാഫി, ഹനീഫ, റംല, ശഹർബാൻ. മയ്യിത്ത് നിസ്‌കാരം കൊടിഞ്ഞി ജുമുഅ മസ്ജിദിൽ നടന്നു.

ഹമീദ് ഹാജിയുടെ വിയോഗം
വിശ്വസിക്കാനാകാതെ…

തിരൂരങ്ങാടി: പൗര പ്രധാനിയും സുന്നി പ്രസ്ഥാനരംഗത്തെ മുന്നണിപ്പോരാളിയും പാവങ്ങളുടെ അത്താണിയുമായ കൊടിഞ്ഞി വി ടി അബ്ദുൽ ഹമീദ് ഹാജിയുടെ വിയോഗ വാർത്ത ഉൾക്കൊള്ളാനാവാതെ വിറങ്ങലിച്ചിരിക്കുകയാണ് പ്രദേശം. കേരള മുസ്്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറിയായിരിക്കെ തന്നെ തന്റെ നാട്ടിലെയും പരിസര പ്രദേശങ്ങളിലെയും മത- സാമൂഹിക രംഗങ്ങളിൽ ഏവർക്കും അത്താണിയായിരുന്നു ഹമീദ് ഹാജി. അറിയപ്പെട്ട ബിസിനസുകാരനായിട്ടും സുന്നി പ്രസ്ഥാനത്തിനും പാവങ്ങൾക്കും വേണ്ടി കഠിനാധ്വാനം ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

സംഘടനയിൽ യൂനിറ്റ്തലം തൊട്ട് സംസ്ഥാന കൗൺസിലർ വരേയും നാട്ടിലെ നിരവധി പള്ളികളുടേയും സ്ഥാപനങ്ങളുടേയും പ്രധാന ഭാരവാഹിയായും പ്രവർത്തിച്ചു വരികയായിരുന്നു. സ്‌കൂൾ പി ടി എ കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഇരട്ടകളുടെ രക്ഷിതാക്കളുടെ സംഘടന തുടങ്ങിയവയിലും തന്റെതായ പങ്ക് വഹിച്ചിട്ടുണ്ട്. പ്രദേശത്തെ നിർധനരായ ഒട്ടനവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായിരുന്ന ഹാജിയുടെ പെട്ടെന്നുണ്ടായ മരണം ഇവരെ ദുഃത്തിലാഴ്ത്തിയിരിക്കുകയാണ്.

രണ്ട് ദിവസം മുമ്പുണ്ടായ അസുഖത്തെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും ശേഷം കോയമ്പത്തൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് കാലത്ത് എട്ടിന് കൊടിഞ്ഞി പഴയ ജുമുഅ മസ്ജിദിൽ നടക്കും.