ബെംഗളൂരു വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച

Posted on: June 23, 2019 7:05 am | Last updated: June 23, 2019 at 4:08 pm

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻസുരക്ഷാ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. സുരക്ഷാ സംബന്ധമായ പരിശോധനകൾ നടത്താതെ ഏഴ് യാത്രക്കാർ വിമാനത്താവളത്തിലെ സുരക്ഷാ മേഖല മറികടന്നതായാണ് പുറത്തുവരുന്ന വിവരം.

ഈ മാസം 17നാണ് സംഭവം. വിവിധ എയർലൈൻസുകളിൽ പോകേണ്ട ഏഴ് യാത്രക്കാരാണ് സെക്യൂരിറ്റി ബൂത്തിൽ ആളില്ലാത്തതിനെ തുടർന്ന് പരിശോധനക്ക് വിധേയരാകാതെ ബോർഡിംഗ് ഏരിയയിലേക്ക് കടന്നത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെയും മറ്റ് ട്രാൻസിറ്റ് പോയിന്റുകളിലെയും സുരക്ഷാ പരിശോധനക്ക് ഉത്തരവാദിത്വമുള്ള കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (സി ഐ എസ് എഫ്) സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി റിപ്പോർട്ട് തയ്യാറാക്കിക്കഴിഞ്ഞു. സുരക്ഷാ പരിശോധനകൾ നടത്തേണ്ട ഉദ്യോഗസ്ഥർ നടത്തിയ കൃത്യവിലോപം അധികൃതർ ഗൗരവമായെടുത്തിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നീക്കം.

ഫ്രിസ്‌കിംഗ് ബൂത്തിൽ ഹാജരാകേണ്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സി ഐ എസ് എഫ് അന്വേഷണം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റ് വിമാനത്താവളങ്ങളിലും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പരിശോധിക്കാതെ കടന്നുപോയ ഏഴ് യാത്രക്കാരിൽ നാലുപേരെ ഇൻഡിഗോ എയർലൈൻസിൽ കയറാൻ പോകുമ്പോൾ അവരുടെ ബോർഡിംഗ് കാർഡുകൾ സ്റ്റാമ്പ് ചെയ്യാത്തതിനാൽ ശ്രദ്ധയിൽപ്പെട്ടു. പരിശോധനകൾക്കായി അവരെ തിരികെ കൊണ്ടുവന്ന് നടപടിക്രമങ്ങൾ സ്വീകരിച്ചതിന് ശേഷം മാത്രമാണ് തിരികെ വിട്ടത്.