അര്‍ജന്റീന കോപ്പയില്‍ നിന്ന് പുറത്ത്? ഖത്വര്‍ തീരുമാനിക്കും

2016ല്‍ മെസി തിരിച്ചെത്തിയ ശേഷം അര്‍ജന്റീനയുടെ ടൂര്‍ണമെന്റ് പ്രകടനം
  • ഐസ് ലന്‍ഡ് 1-1 (2018 ലോകകപ്പ്)
  • ക്രൊയേഷ്യ 2-1 (2018 ലോകകപ്പ്)
  • നൈജീരിയ 1-2 (2018 ലോകകപ്പ്)
  • ഫ്രാന്‍സ് 4-3 (2018 ലോകകപ്പ്)
  • കൊളംബിയ 2-0 (2019 കോപ)
  • പരാഗ്വെ 1-1 (2019 കോപ)
Posted on: June 23, 2019 3:58 pm | Last updated: June 23, 2019 at 3:59 pm

കോപ അമേരിക്ക ഫുട്‌ബോളില്‍ നോക്കൗട്ട് കളിക്കാന്‍ അര്‍ജന്റീന ഉണ്ടാകുമോ എന്നത് സംശയമാണ്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12.30ന് ഖത്വറുമായിട്ടാണ് അര്‍ജന്റീനയുടെ കളി.

കഴിഞ്ഞ രണ്ട് കളികളിലും മികച്ച പ്രകടനം പുറത്തെടുത്ത ഖത്വര്‍ തന്നെയാണ് ടൂര്‍ണമെന്റില്‍ അര്‍ജന്റീനയേക്കാള്‍ ഫോമിലുള്ള ടീം. മെസിയുടെ വ്യക്തിപ്രഭാവം എത്രമാത്രം വര്‍ക്കൗട്ടാകും എന്നതിനെ അനുസരിച്ചിരിക്കും ഖത്വറിനെതിരെ അര്‍ജന്റീനയുടെ ജയം. ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകാതിരിക്കാന്‍ അര്‍ജന്റീനക്ക് ജയം മാത്രം പോര, ഭാഗ്യം കൂടി സഹായിക്കണം. തോറ്റാല്‍ കഥ കഴിഞ്ഞു, സമനിലയാണെങ്കിലും നാട്ടിലേക്ക് ടിക്കറ്റെടുക്കാം. ജയിച്ചാലും ചിലപ്പോള്‍ കാര്യമുണ്ടാകണമെന്നില്ല !
മൂന്ന് ഗ്രൂപ്പുകളില്‍ നിന്നായി എട്ട് ടീമുകളാണ് ക്വാര്‍ട്ടറിലെത്തുക. ഗ്രൂപ്പിലെ ആദ്യ രണ്ട്സ്ഥാനക്കാര്‍ക്ക് പുറമെ ഏറ്റവും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരും ക്വാര്‍ട്ടറിലെത്തും.

സ്വന്തം ഗ്രൂപ്പിലെയും ഗ്രൂപ്പ് എയിലെയും ഗ്രൂപ്പ് സിയിലെയും മത്സരഫലങ്ങളെ അനുസരിച്ചിരിക്കും അര്‍ജന്റീനയുടെ നോക്കൗട്ട് സാധ്യത. പരാഗ്വെ കൊളംബിയയെ തോല്‍പ്പിച്ചാല്‍ അര്‍ജന്റീന ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ നിന്നുള്ള ആദ്യ രണ്ട് സ്ഥാനക്കാരെ തീരുമാനിക്കപ്പെടും. മികച്ച മൂന്നാം സ്ഥാനക്കാരാകാനുള്ള അവസരം മാത്രമാണ് അര്‍ജന്റീനക്ക് അവശേഷിക്കുക. ഈ കളികളെല്ലാം ഒരേ സമയത്താണ് എന്നതിനാല്‍ റിസള്‍ട്ട് അറിഞ്ഞ് കളിക്കാനുള്ള അവസരമില്ല. ജയിക്കാന്‍ വേണ്ടി, അതും ഏറ്റവും മികച്ച മാര്‍ജിനില്‍ ജയിക്കാന്‍ വേണ്ടി കളിച്ചു കൊള്ളുക എന്നത് മാത്രമാണ് അര്‍ജന്റീനക്ക് മുന്നിലുള്ള പോംവഴി.
ഗ്രൂപ്പ് എയില്‍ ബ്രസീല്‍-പെറു മത്സരം സമനിലയാവുകയോ, വെനെസ്വേല ബൊളിവിയയെ തോല്‍പ്പിക്കുകയോ ചെയ്താല്‍ ഗ്രൂപ്പിലെ മൂന്ന് ടീമുകളും നോക്കൗട്ടിലെത്തും. മൂന്ന് ടീമുകള്‍ക്കും അഞ്ച് പോയിന്റ് വീതമായിരിക്കും. ജയിച്ചാലും അര്‍ജന്റീനക്ക് നാല് പോയിന്റേ ആകൂ.

ഗ്രൂപ്പ് സിയില്‍ ചിലി-ഉറുഗ്വെ സമനിലയാവുകയും ജപ്പാന്‍ ഇക്വഡോറിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ചിലിയും ഉറുഗ്വെയും ആദ്യ രണ്ട് സ്ഥാനം ഉറപ്പിക്കും. ജപ്പാന്‍ ജയിച്ചാല്‍ നാല് പോയിന്റാകും. മികച്ച ഗോള്‍ ആവറേജില്‍ അര്‍ജന്റീനക്ക് അവിടെ സാധ്യതയുണ്ട്. വലിയ മാര്‍ജിനില്‍ ജപ്പാന്‍ ഇക്വഡോറിനെ തോല്‍പ്പിച്ചാല്‍ നേരിയ മാര്‍ജിനില്‍ ജയിക്കുന്ന അര്‍ജന്റീനക്ക് അടിയാകും. ഇതെല്ലാം മാറി മറിയുന്ന സാധ്യതകള്‍ മാത്രമാണ്. അതുകൊണ്ടാണ് സൂപ്പര്‍ താരം മെസി ആത്മവിശ്വാസത്തോടെ പറയുന്നത് അര്‍ജന്റീന നോക്കൗട്ടിലെത്തുമെന്ന്. ഖത്വറിനെതിരെ തന്റെടീം മികച്ച വിജയം കൈവരിക്കുമെന്ന് മെസി തറപ്പിച്ച് പറയുന്നു. എതിരാളികളുടെ ഉറക്കം കെടുത്തുന്നതാണ് മെസിയുടെ ആത്മവിശ്വാസം.

മെസിയും അര്‍ജന്റീനയും

2016 ല്‍ മെസി വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് അര്‍ജന്റീന ദേശീയ ടീമിലേക്ക് തിരിച്ചെത്തി. അതിന് ശേഷം ലോകകപ്പ്, കോപ ടൂര്‍ണമെന്റുകളെല്ലാം കളിച്ചു. ആകെ ആറ് മത്സരങ്ങള്‍. ഇതില്‍ അര്‍ജന്റീന ജയിച്ചത് ഒരു കളി മാത്രം. 2018 ലോകകപ്പില്‍ നൈജീരിയക്കെതിരെ ആയിരുന്നു ആ ജയം. മെസിയുടെ അസാമാന്യ ബോള്‍ കണ്‍ട്രോളിംഗ് പാടവം ദര്‍ശിക്കപ്പെട്ട ഗോളും ആ മത്സരത്തിലായിരുന്നു.

2016 ല്‍ കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് ഷൂട്ടൗട്ട് തോല്‍വിയേറ്റതിന് പിന്നാലെ ആയിരുന്നു മെസി രാജ്യാന്തര ഫുട്‌ബോളിനോട് വിട പറഞ്ഞത്. മറഡോണ ഉള്‍പ്പടെയുള്ള വിമര്‍ശകരോടുള്ള നീരസത്തെ തുടര്‍ന്നായിരുന്നു ഇത്. റഷ്യ ലോകകപ്പില്‍ ഐസ് ലന്‍ഡിനോട് സമനില, ക്രൊയേഷ്യയോട് തോല്‍വി, നൈജീരിയയോട് ജയം. ഗ്രൂപ്പില്‍ ഇങ്ങനെ ആയിരുന്നു ഫലം. നോക്കൗട്ട് ഉറപ്പിച്ച അര്‍ജന്റീന ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനോട് തോറ്റ് പുറത്തായി.