കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണം: പ്രധാന മന്ത്രിയോട് ചീഫ് ജസ്റ്റിസ്

Posted on: June 23, 2019 12:38 pm | Last updated: June 23, 2019 at 7:01 pm

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ പ്രായം 62ല്‍ നിന്ന് 65 വര്‍ഷമാക്കി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ വീണ്ടും നിയമിക്കണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

58,669 കേസുകളാണ് സുപ്രീം കോടതിയില്‍ തീര്‍പ്പാകാതെ കിടക്കുന്നത്. പുതിയ കേസുകള്‍ കൂടി എത്തുന്നതോടെ സ്ഥിതി ഏറെ പരിതാപകരമാവുകയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജഡ്ജിമാരുടെ കുറവു കാരണം പ്രധാനപ്പെട്ട കേസുകളില്‍ ഭരണഘടനാ ബഞ്ചുകള്‍ രൂപവത്കരിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമെ, കോടതിക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.

1998ല്‍ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 16ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചിരുന്നു. 2009ല്‍ ഇത് 31 ആയി ഉയര്‍ത്തി. ഇടക്കാലത്ത് ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിച്ചുവെങ്കിലും സുപ്രീം കോടതിയില്‍ ആനുപാതിക വര്‍ധന വരുത്തിയിരുന്നില്ല.