സഹകരണ സംഘം തിരഞ്ഞെടുപ്പിനെച്ചൊല്ലി തമ്മിലടി; എട്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: June 23, 2019 9:52 am | Last updated: June 23, 2019 at 2:04 pm

തിരുവനന്തപുരം: സഹകരണ സംഘം വിഷയത്തില്‍ സഹകരണമൊക്കെ മൂലക്ക് വച്ച് പോലീസും പോലീസും തമ്മില്‍ത്തല്ലി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വനിതാ സിവില്‍ ഓഫീസര്‍മാരടക്കം എട്ടു പോലീസുകാരെ ഗുരുതര അച്ചടക്ക ലംഘനത്തിന് സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തു. മറ്റ് ആറുപേര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്.

സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തലസ്ഥാനത്ത് ഇടത്-വലത് സംഘടനകളില്‍ പെട്ട പോലീസുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വാക്കുതര്‍ക്കത്തില്‍ തുടങ്ങിയ പ്രശ്‌നം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് വൈകുന്നതിനെച്ചൊല്ലിയാണ് ശനിയാഴ്ച രാവിലെ സംഘര്‍ഷം ഉടലെടുത്തത്. ഒരു വിഭാഗം കുത്തിയിരുന്ന് സമരം ചെയ്യുകയും ചെയ്തു. ജൂണ്‍ 27നാണ് സഹകരണ സംഘം തിരഞ്ഞെടുപ്പു നടക്കുന്നത്.