അറിയണം ഈ ജ്ഞാനിയെ

മറ്റൊരു വസ്വിയ്യതും ഏൽപ്പിച്ചു. താൻ എഴുതാനുപയോഗിച്ച തൂലികകൾ ഉപയോഗിച്ചുവേണം മയ്യിത്ത് കുളിപ്പിക്കാനുള്ള വെള്ളം ചൂടാക്കണമെന്നതായിരുന്നു അത്. വസ്വിയ്യത്ത് പ്രകാരം വെള്ളം ചൂടാക്കിയതിന് ശേഷവും നിരവധി തൂലികകൾ അവശേഷിച്ചിരുന്നു.
ആത്മീയം
Posted on: June 23, 2019 11:05 am | Last updated: June 22, 2019 at 5:24 pm

ഹദീസ്, ചരിത്ര മേഖലകളിൽ പ്രഗത്ഭനാണ് ഇമാം അബുൽ ഫറജ് ഇബ്‌നുൽ ജൗസി (റ). നിരവധി പ്രഗത്ഭ പണ്ഡിതരെയാണ് ഇസ്‌ലാമിക പ്രബോധന രംഗത്തേക്ക് സംഭാവന ചെയ്തത്; ഒട്ടനവധി വിലമതിക്കാനാകാത്ത ഗ്രന്ഥങ്ങളും. ഹിജ്റ 510ലാണ് ജനനം. മൂന്നാം വയസ്സിൽ ഉപ്പ മരിച്ചു. പിന്നീട് വളർത്തിയത് എളാപ്പയായിരുന്നു. വിനോദങ്ങളിലേർപ്പെടേണ്ട ചെറുപ്രായത്തിൽ പോലും അവയിൽ നിന്ന് വിട്ടുനിന്നു. അറിവന്വേഷകരുടെ സദസ്സുകളിൽ പങ്കെടുക്കാനും അതിൽ സമയം ചെലവഴിക്കാനുമായിരുന്നു താത്പര്യം. അബുൽ ഖാസിം ബ്‌നു ഹുസൈൻ, ഇസ്മാഈൽ ബ്‌നു അബീ സ്വാലിഹ്, അബൂ അബ്ദുല്ല ഹുസൈൻ ബ്നു മുഹമ്മദ് അൽ ബാരിഅ് തുടങ്ങിയ എൺപതിലതികം അറിവിന്റെ നിറകുടങ്ങളായ പണ്ഡിത മഹത്തുക്കളിൽ നിന്നും വിവിധ വിജ്ഞാന ശാഖകളിൽ അവഗാഹം നേടി.

ആദ്യ പ്രഭാഷണം പത്താം വയസ്സിൽ

ഇസ്്ലാമിക പ്രബോധനത്തിന് ഗ്രന്ഥ രചന പോലെത്തന്നെ പ്രധാനപ്പെട്ടതാണ് പ്രഭാഷണം. ശൈഖ് ജീലാനി (റ), ശൈഖ് രിഫാഈ (റ) തുടങ്ങി നിരവധി മുൻഗാമികൾ ഈ രംഗത്ത് പ്രശോഭിച്ചവരായിരുന്നു. ഇവരിൽ പ്രധാനിയാണ് ഇബ്‌നുൽ ജൗസി (റ) യും. മഹാന്റെ പ്രഭാഷണങ്ങൾ ലളിതവും അർഥഗാംഭീര്യമുള്ളവയും എളുപ്പത്തിൽ മനസ്സിലാകുന്നവയുമായിരുന്നു. ഹ്രസ്വ വാക്കുകളിലൂടെ കൂടുതൽ ആശയങ്ങളും അറിവുകളും ജനങ്ങളിലേക്കെത്തിക്കാൻ സാധിച്ചു. പത്താം വയസ്സിലാണ് ആദ്യ പ്രഭാഷണം. വഅളിന് പണ്ഡിതന്മാരും ഭരണാധികാരികളും സാധാരണക്കാരുമൊക്കെ സന്നിഹിതരാകുമായിരുന്നു. സദസ്സിൽ പതിനായിരം മുതൽ രണ്ട് ലക്ഷം വരെ പേർ പങ്കെടുത്തിരുന്നു. ഒരിക്കൽ നാട്ടിലെ ഭരണാധികാരി ഇമാമിന്റെ വഅള് കേട്ട് പൊട്ടിക്കരയുകയും തന്റെ സമ്പത്ത് മുഴുവൻ ദാനം ചെയ്യുകയുമുണ്ടായി. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ അവിടുത്തെ വഅളിന്റെ പ്രതിഫലനമെന്നോണം സംഭവിച്ചതായി ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം.

ഇബ്‌നുൽ ജൗസി (റ) തന്റെ ഗ്രന്ഥമായ സ്വയ്ദുൽ ഖാത്വിറിൽ പറയുന്നു: എന്റെ പ്രഭാഷണം കാരണം രണ്ട് ലക്ഷത്തിലേറെ പേർ പശ്ചാത്തപിച്ചിട്ടുണ്ട്. ഇരുനൂറിലധികം പേർ ഇസ്‌ലാമിലേക്ക് കടന്ന് വന്നിട്ടുണ്ട്. എന്നാൽ പേരമകൻ സ്വിബ്തുബ്‌നിൽ ജൗസി(റ) പറയുന്നു: “അവിടുത്തെ ഉപദേശം കാരണം രണ്ട് ലക്ഷത്തിലധികമാളുകൾ ഇസ്്ലാം സ്വീകരിച്ചിട്ടുണ്ട്. തന്റെ വലിയുപ്പ ഇബ്‌നുൽ ജൗസി (റ) അവിടുത്തെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത് ചെറുപ്പകാലത്തെ എണ്ണം മാത്രമാണ്.’

രണ്ട് വിരൽ കൊണ്ട്
രണ്ടായിരം വാള്യങ്ങൾ

പ്രബോധനത്തിന്റെ മറ്റൊരു രീതിയാണ് രചന. വൈദ്യ ശാസ്ത്രം, ഗണിതം, ഭാഷ, വ്യാകരണം, കർമശാസ്ത്രം തുടങ്ങി ഒട്ടേറെ ശാഖകളിലായി അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുണ്ട്. മുഗ്നി (ഖുർആൻ വ്യാഖ്യാനം), സ്വിഫത്തു സ്വഫ്‌വ, സ്വയ്ദുൽ ഖാത്വിർ, ഹിഫ്സുൽ ഉംറ്, തൽബീസു ഇബ്്ലീസ്, മനാഖിബ് ഇബ്‌റാഹീമുബ്‌നു അദ്ഹം (റ), മനാഖിബ് ഇമാം ശാഫിഈ (റ), മനാഖിബ് ഇമാം അഹ്മദ് (റ), അസ്സിബാതു ഇൻദൽ മമാത്ത് തുടങ്ങി 340ലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മകൻ അബുൽ ഖാസിം മോശം ചെയ്തികളിൽ നിന്നും വിട്ടുനിൽക്കാൻ ഉപദേശമായി എഴുതിയ ഗ്രന്ഥം ലഫ്തതുൽ കബിദ് ഇലാ നസ്വീഹത്തിൽ വലദും പ്രസിദ്ധമാണ്.

ഖുർആൻ ക്രോഡീകരിക്കപ്പെട്ടത് മൂലം കൈക്കടത്തലുകൾ നടത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഇസ്‌ലാമിന്റെ ബദ്ധശത്രുക്കൾ ഹദീസ് മേഖലയിലേക്ക് തിരിഞ്ഞു. തുടർന്ന് അവർ നിരവധി ഹദീസുകൾ കെട്ടിച്ചമച്ചുണ്ടാക്കിയപ്പോൾ അവ ഏതൊക്കെയാണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ അത്തരം ഹദീസുകൾ ഒരുമിച്ച് കൂട്ടി രചിച്ച അൽ മവ്‌സൂആത്ത് (ഹാഫിസുൽ ഇറാഖി (റ), ഹാഫിസ് ഇബ്‌നുഹജർ അൽ അസ്ഖലാനി (റ), ഹാഫിസുൽ ഇമാം സുയൂത്വി (റ) എന്നിവരുടെ നിരൂപണത്തിന് വിധേയമാണെങ്കിലും) ശ്രദ്ധേയമായ ഗ്രന്ഥമാണ്.

പേരമകൻ സ്വിബ്തുബ്‌നുൽ ജൗസി (റ) പറയുന്നു: എന്റെ വലിയുപ്പ ഇബ്‌നുൽ ജൗസി (റ)യുടെ അവസാന കാലത്തെ ഒരു പ്രസംഗത്തിനിടയിൽ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. “ഞാൻ ഈ രണ്ട് വിരൽ കൊണ്ട് രണ്ടായിരത്തിലധികം വാള്യങ്ങൾ എഴുതിയിട്ടുണ്ട്’. മഹാനവർകൾ എഴുതാനുപയോഗിച്ച പേപ്പർ തുണ്ടുകൾ അവിടുത്തെ ജീവിതത്തിന്റെ ഓരോ ദിവസവുമായി തട്ടിച്ച് നോക്കുകയാണെങ്കിൽ ഓരോ ദിവസവും ഒമ്പത് പേജുകൾ എഴുതിയിട്ടുണ്ടാകും. ജനങ്ങളുടെ ഫത്്വ ചോദിക്കലിനും വായനക്കും അധ്യാപനത്തിനും ശേഷമായിരുന്നു ഇബ്‌നുൽ ജൗസി (റ) രചനകളിൽ ഏർപ്പെട്ടിരുന്നത്.

ഇതിനിടയിലും എല്ലാ ആഴ്ചയിലും ഓരോ ഖത്മ് തീർത്തിരുന്നു. ഭൗതിക മോഹങ്ങളോട് വിരക്തി പ്രകടിപ്പിച്ചിരുന്നു. വിജ്ഞാന സമ്പാദനത്തിലായി സമയം ചെലവഴിച്ച മഹാൻ വീട്ടിൽ നിന്നും ജുമുഅക്കും അധ്യാപനത്തിനും മാത്രമേ പുറത്തുപോയിരുന്നുള്ളൂ. നാടുവിട്ട് മക്കയിലേക്ക് മാത്രമേ പോയിട്ടുള്ളൂ. എല്ലാ വിഷയങ്ങളിലും കഴിയുന്നത്ര സൂക്ഷ്മത പ്രകടിപ്പിച്ചു. ഹലാലാണോ ഹറാമാണോ എന്ന് തിരിച്ചറിയാത്ത ഒന്നും ജീവിതത്തിൽ കഴിച്ചിട്ടില്ലെന്ന് പേരമകൻ സ്വിബ്തുബ്‌നുൽ ജൗസി (റ) പറയുന്നു.

പരീക്ഷണഘട്ടത്തിലും
പതറാതെ

അറിവുള്ളവർക്കും അല്ലാഹു ഇഷ്ടപ്പെട്ടവർക്കും പരീക്ഷണമുണ്ടാകൽ സ്വാഭാവികമാണല്ലോ. ഇമാമിന്റെ ജീവിതത്തിലുമിതിന് ഉദാഹരണങ്ങൾ കാണാം. തന്റെ വാർധക്യകാലത്ത് ചിലരുടെ ഗൂഢാലോചന മൂലം ഭരണാധികാരിയുടെ മുന്നിൽ തെറ്റുകാരനായി ചിത്രീകരിക്കപ്പെട്ടു. ഇതറിഞ്ഞ ജനങ്ങൾ പരിഹസിക്കാനും അവഹേളിക്കാനും തുടങ്ങി. ഭരണകൂടം അവിടുത്തെ വീട് സീൽ വെച്ചു. കുടുംബം ഛിന്നഭിന്നമായി. പുറമെ വാസ്വിത് പട്ടണത്തിലേക്ക് നാടുകടത്തുകയും ചെയ്തു.
ആ ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. കാര്യങ്ങൾ മുഴുവൻ ഒറ്റക്ക് ചെയ്യാൻ നിർബന്ധിതനായി. അഞ്ച് വർഷത്തിന് ശേഷം മകന്റെ ശ്രമഫലമായാണ് രക്ഷപ്പെടുന്നത്. ചെറുപ്രായത്തിൽ തന്നെ പ്രഭാഷണ രംഗത്ത് പ്രസിദ്ധനായ മകന്റെ വഅളുകൾ ഖലീഫയുടെ ഉമ്മയെ സ്വാധീനിച്ചു. അവരുടെ ശിപാർശ കാരണത്താൽ ഖലീഫ, ഇബ്‌നുൽ ജൗസി (റ)ക്ക് നാട്ടിലേക്ക് തിരിച്ച് വരാൻ സമ്മതം നൽകി. മഹാനവർകളുടെ എൺപതാം വയസ്സിലാണീ തിരിച്ചു വരവ്.

ഇമാമിന് മൂന്ന് ആൺമക്കളും അഞ്ച് പെൺമക്കളുമാണുണ്ടായിരുന്നത്. അലി, യൂസുഫ് മുഹ്‌യിദ്ദീൻ, അബ്ദുൽ അസീസ് ആൺമക്കളും റാബിഅ, ശറഫുന്നിസാഅ്, സൈനബ്, ജൗഹറ, സിത്തുൽ ഉലമാഇ സ്വഗീറ പെൺമക്കളുമാണ്. ഇവരിൽ ശറഫുന്നിസാഅ്, സൈനബ്, ജൗഹറ, സിത്തുൽ ഉലമാഇ സ്വഗീറ ചെറുപ്പത്തിൽ തന്നെ മരിച്ചു. യൂസുഫ് മുഹ്‌യിദ്ദീൻ, റാബിഅ പിന്നീടാണ് ജനിച്ചത്. ഇളയ മകൻ അബുൽ ഖാസിം, ഉപ്പയുടെ പാത പിന്തുടർന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോഴേക്കും സ്വഭാവം മോശമാകാൻ തുടങ്ങി. ഉപ്പക്കെതിരെ വാഗ്വാദങ്ങളുയർത്താൻ വരെ തയ്യാറായി. ഒരിക്കൽ പിതാവിന്റെ അഭാവത്തിൽ ഗ്രന്ഥങ്ങളെഴുതാനുപയോഗിച്ചിരുന്ന പേപ്പർ തുണ്ടുകൾ താഴ്ന്ന വിലക്ക് വിറ്റ് തുലച്ചു. പിന്നീട് “പിതാവിനെ ചീത്തവിളിക്കുന്നവൻ’ എന്ന പേരിൽ കുപ്രസിദ്ധനായി. ഈ മകന് ഉപദേശമായാണ് മഹാനവർകൾ ലഫ്തതുൽ കബീദ് എന്ന ഗ്രന്ഥം രചിക്കുന്നത്.

മകൻ തെറ്റായ മാർഗം സ്വീകരിച്ചതു മൂലം പരമ്പര ജ്ഞാനികളില്ലാത്തതായി തീരുമോ എന്ന് ഭയപ്പെട്ട മഹാനവർകൾക്ക് നിരന്തരമായ പ്രാർഥനയുടെ ഫലമായാണ് യൂസുഫ് മുഹ്‌യിദ്ദീൻ, റാബിഅ എന്നീ മക്കൾ ജനിക്കുന്നത്. വഫാത്താകുന്നതിന്റെ പതിനേഴ് വർഷം മുമ്പാണ് മുഹമ്മദ് ബ്‌നു യൂസുഫ് എന്ന മകൻ ജനിക്കുന്നത്. എങ്കിലും കുറഞ്ഞ കാലങ്ങൾക്കുള്ളിൽ തന്നെ ഉപ്പയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ച് ജനങ്ങൾക്ക് ഉപദേശ നിർദേശങ്ങൾ നൽകുന്നവരായി മാറി. അങ്ങനെ ആ പരമ്പര പണ്ഡിതരുടെ സാന്നിധ്യത്താൽ പ്രസിദ്ധിയാർജിച്ചു. മകൾ റാബിഅയിലുണ്ടായ അബുൽ മുളഫ്ഫർ, സ്വിബ്തുബ്‌നുൽ ജൗസി എന്നിവരും വലിയുപ്പയുടെ പാതയിലായിരുന്നു. പിന്നീട് ഈ രണ്ട് മഹത്തുക്കളിലൂടെയാണ് മഹാനവർകളുടെ വിജ്ഞാന സ്രോതസ്സുകളായ നിരവധി ഗ്രന്ഥങ്ങൾക്ക് വെളിച്ചം ലഭിക്കുന്നത്.

ചരിത്രം സാക്ഷിയായ ദിവസം

87 വർഷം കൊണ്ട് പ്രബോധന രംഗത്ത് വിപ്ലവം തീർത്ത മഹാനവർകൾ, ലക്ഷക്കണക്കിന് പണ്ഡിതന്മാരെ ദീനീ സേവന രംഗത്തേക്ക് ബാക്കി വെച്ച് ഹിജ്റ 597 റമസാൻ 12ലെ വെള്ളിയാഴ്ച രാവിൽ ഇശാ- മഗ്‌രിബിനിടക്ക് ഈ ലോകത്തോട് വിട പറഞ്ഞു. മരണാസന്ന സമയം തന്റെ ഖബറിനരികിൽ എഴുതിവെക്കാൻ ഒരു കവിത വസ്വിയ്യത്തായി ഏൽപ്പിച്ചിരുന്നു. അതിന്റെ ഉൾസാരം ഇങ്ങനെയാണ്: നാഥാ നീ വിട്ടുവീഴ്ച ചെയ്ത് കൊടുക്കുന്നവനല്ലേ. തെറ്റുകളാൽ പെരുത്ത ഞാൻ നിന്നിലേക്കിതാ അതിഥിയായി വന്നിരിക്കുന്നു. അതിഥിയെ സ്വീകരിക്കൽ നിനക്കിഷ്ടപ്പെട്ട കാര്യമായതിനാൽ നീ എന്റെ കുറ്റങ്ങൾ പൊറുത്തു തരണേ… ശേഷം മറ്റൊരു വസ്വിയ്യതും ഏൽപ്പിച്ചു: താൻ എഴുതാനുപയോഗിച്ച തൂലികകൾ കൊണ്ടുവേണം മയ്യിത്ത് കുളിപ്പിക്കാനുള്ള വെള്ളം ചൂടാക്കണമെന്നതായിരുന്നു അത്. വസ്വിയ്യത്ത് പ്രകാരം വെള്ളം ചൂടാക്കിയതിന് ശേഷവും നിരവധി തൂലികകൾ അവശേഷിച്ചിരുന്നു.

മഹാനവർകളുടെ ജനാസ മറമാടാൻ കൊണ്ടുപോയ ദിവസത്തെ “ചരിത്രം സാക്ഷിയായ ദിവസം’ എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. അത്താഴ സമയത്താണ് മയ്യിത്ത് കുളിപ്പിക്കുന്നത്. തുടർന്ന് മസ്ജിദ് ജാമിഉൽ മൻസൂറിലേക്ക് കൊണ്ടുപോയ ജനാസ, ജനങ്ങളുടെ തിക്കുംതിരക്കും കാരണം ജുമുഅ നിസ്‌കാരത്തിന് സമയമായപ്പോഴേ ഖബറടക്കാൻ കഴിഞ്ഞുള്ളൂ. മഹാനവർകളുടെ ജനാസ നിസ്‌കാരത്തിലും മറ്റും പങ്കെടുത്ത പലർക്കും നോമ്പ് മുറിക്കേണ്ടിവന്നു. ശക്തമായ ഉഷ്ണമായതിനാൽ പലരും വെള്ളത്തിലേക്ക് ചാടുക വരെ ചെയ്തു. ശൈഖവർകളുടെ വഫാത്തിൽ ദുഃഖിച്ച ജനങ്ങൾ ആ റമസാൻ തീരുന്നത് വരെ ഖബറിനരികിലിരുന്ന് നിരവധി ഖത്മുകൾ ഓതിത്തീർത്തു. മറമാടപ്പെട്ട അന്നു രാത്രി അഹ്മദ് ബ്‌നു സുലൈമാനു സ്സക്ർ എന്നവർ ഇബ്‌നുൽ ജൗസി (റ) മലക്കുകൾക്കിടയിൽ ഇരിക്കുന്നതായി സ്വപ്‌നം കണ്ടിരുന്നു.

റഫറൻസ്

  • സിയറു അഅ്‌ലാമിന്നുബലാഅ്/ ഹാഫിസു ദഹബി (റ)
  • അൽബിദായത്തു വന്നിഹായ/ ഹാഫിസു ഇബ്‌നു കസീർ (റ)
  • താരീഖുൽ ഇസ്‌ലാം/ ഹാഫിസു ദഹബി (റ)

 

സയ്യിദ് സൽമാനുൽ ഫാരിസ് കരിപ്പൂർ
[email protected]
.