Connect with us

National

ബജറ്റ്‌-2019: പ്രധാന മന്ത്രി ധനകാര്യ വിദഗ്ധരെ കണ്ട് ചര്‍ച്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ജൂലൈ അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന ആദ്യ ബജറ്റിനു മുന്നോടിയായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഉന്നത ധനകാര്യ വിദഗ്ധനുമാരുമായി ചര്‍ച്ച നടത്തി. വ്യാവസായിക-ഉത്പാദന മേഖലകളിലും ആഭ്യന്തര എണ്ണ ഉപഭോഗത്തിലുമുണ്ടായ ഇടിവ് കാരണം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാന മന്ത്രി വിദഗ്ധരെ കാണുന്നത്. കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയവയും ബജറ്റ് തയാറാക്കുമ്പോള്‍ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളാണ്.

ബജറ്റിനു മുന്നോടിയായി സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രതിനിധികള്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുന്നോട്ടുവച്ച ആവശ്യങ്ങളും പരിഗണിക്കേണ്ടി വരും.
കടുത്ത ജലക്ഷാമം നേരിടുന്ന തമിഴ്‌നാട് പ്രത്യേക പാക്കേജായി 1000 കോടി രുപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ജലവിതരണ പദ്ധതികള്‍ വിപുലീകരിക്കുന്നതിനും മറ്റുമാണിത്. കേരളം കൂടുതല്‍ കേന്ദ്ര വായ്പകള്‍ തേടിയിട്ടുണ്ട്.

കേന്ദ്ര നികുതികളില്‍ തങ്ങള്‍ക്കുള്ള ഓഹരി 325 കോടിയില്‍ നിന്ന് 6000 കോടിയായി ഉയര്‍ത്തണമെന്നും കേന്ദ്ര സഹായം 1500 കോടിയായി വര്‍ധിപ്പിക്കണമെന്നും ഡല്‍ഹി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രധാന മന്ത്രിയുടെ കിസാന്‍ സ്‌കീമിന്റെ ഭാഗമായി വര്‍ഷം തോറും അനുവദിക്കുന്ന തുക 6000ത്തില്‍ നിന്ന് ഇരട്ടിയായി ഉയര്‍ത്തണമെന്നാണ് ഛത്തീസ്ഗഢിന്റെ ആവശ്യം. ഖനനത്തിന് പ്രത്യേക സഹായം വേണമെന്നും ഉയര്‍ന്ന ഗ്രേഡുള്ള ഇരുമ്പയിരിന് ചുമത്തുന്ന കയറ്റുമതി നികുതിയില്‍ കുറവു വരുത്തണമെന്ന ആവശ്യം ഗോവ മുന്നോട്ടു വച്ചിട്ടുണ്ട്.

നീതി അയോഗിന്റെ അഞ്ചാമത് യോഗം ശനിയാഴ്ച ചേര്‍ന്ന് വരള്‍ച്ചാ സ്ഥിതിഗതികള്‍, കാര്‍ഷിക മേഖല അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തിരുന്നു.

Latest