കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചതായി സൂചന

Posted on: June 22, 2019 10:59 am | Last updated: June 22, 2019 at 3:22 pm

തിരുവനന്തപുരം: മകനെതിരായ പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഇക്കാര്യം അറിയിച്ചുവെന്നാണ് വാര്‍ത്തകള്‍. അതേ സമയം ആവശ്യത്തോട് മുഖ്യമന്ത്രിയോ പാര്‍ട്ടിയോ അനുകൂലമായല്ല പ്രതികരിച്ചതെന്നാണറിയുന്നത്.

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിന് തൊട്ട് മുമ്പാണ് കോടിയേരി പിണറായിയെ കണ്ടത്. ഇപ്പോള്‍ സ്ഥാനത്ത്‌നിന്ന് മാറി നില്‍ക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് ഉണ്ടായത്. മകനെതിരായ ലൈംഗിക വിവാദം വ്യക്തിപരമെങ്കിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാന്‍ താന്‍ മാറിനില്‍ക്കാമെന്നാണ് കോടിയേരി അറിയിച്ചത്. ഇന്ന് നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിലും കോടിയേരി ഇക്കാര്യം ആവര്‍ത്തിച്ചാവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുന്നുണ്ട്.