പി വി അന്‍വര്‍ എംഎല്‍എയുടെ ബന്ധുവിന്റെ തടയണ പൊളിച്ച തഹസില്‍ദാരെ സ്ഥലം മാറ്റി

Posted on: June 22, 2019 10:11 am | Last updated: June 22, 2019 at 12:21 pm

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ തടയണ പൊളിച്ചു മാറ്റാന്‍ നേതൃത്വം നല്‍കുന്ന ഏറനാട് തഹസില്‍ദാരെ സ്ഥലംമാറ്റി.ഹൈക്കോടതി ഉത്തരവു പ്രകാരം ജില്ല ഭരണകൂടത്തിനു വേണ്ടി തടയണ പൊളിച്ചു മാറ്റുന്ന ജോലികള്‍ക്ക് നേതൃത്വം നല്‍കുന്ന തഹസീല്‍ദാര്‍ പി ശുഭനേയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് റവന്യൂ റിക്കവറി തഹസില്‍ദാരായാണ് ശുഭന്റെ പുതിയ നിയമനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലംമാറ്റമെന്നാണ് റവന്യു കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നത്. ശുഭന് പകരം പി സുരേഷിനാണ് ഏറനാട് തഹസില്‍ദാരുടെ ചുമതല.

തടയണ പൊളിക്കുന്നതിന്റെ ഭാഗമായി മണ്ണു നീക്കി വെള്ളം ഒഴുക്കി വിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. തുടര്‍ന്ന് ബോട്ടുജെട്ടിക്ക് വേണ്ടി നിര്‍മിച്ച കോണ്‍ക്രീറ്റ് തൂണുകളും റോപ്പ് വേയുടെ ഭാഗങ്ങളും പൊളിച്ചു നീക്കും.മലപ്പുറം കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലാണ് അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണയുള്ളത്. അരുവിയുടെ സ്വാഭാവിക ഒഴുക്ക് സാധാരണ ഗതിയിലാക്കി തടയണ സ്ഥിതി ചെയ്യുന്ന സ്ഥലം പഴയ നിലയിലാക്കിയ ശേഷം റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.