സി ഒ ടി നസീര്‍ വധശ്രമം: ഒരാള്‍കൂടി അറസ്റ്റില്‍

Posted on: June 21, 2019 8:17 pm | Last updated: June 22, 2019 at 11:00 am

കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി ഒ ടി നസീറിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സി പി എം തലശേരി ഏരിയ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറി രാജേഷാണ് അറസ്റ്റിലായത്.
നേരത്തെ കേസുമായി അറസ്റ്റ് ചെയ്യപ്പെട്ട കൊട്ടിയം സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിന്റെ ഉന്നത ബന്ധങ്ങളിലേക്ക് എത്താന്‍ കഴിയുന്ന പ്രധാന കണ്ണിയാണ് രാജേഷെന്നാണ് പോലീസ് കരുതുന്നത്.

അക്രമം നടന്ന ദിവസം രാജേഷ് 12 തവണ സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് പോലീസ് പറയുന്നത്.
കേസില്‍ 11 പേരുടെ പ്രതിപട്ടികയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. രാജേഷിന്റെ അറസ്‌റ്റോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം എട്ടായി. ഇപ്പോള്‍ പിടിയിലായ രാജേഷ് എ എന്‍ ഷംസീര്‍ എം എല്‍ എയുടെ മുന്‍ ഡ്രൈവറായിരുന്നെന്നും ആരോപണമുണ്ട്.
കഴിഞ്ഞ മെയ് 18നാണ് നസീറനെ തലശേരിയില്‍വെച്ച് അക്രമിച്ചത്. ക്രൂരമായ മര്‍ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.