ബിനോയുടെ ഡി എന്‍ എ പരിശോധന നടത്തണമന്ന് പോലീസ് കോടതിയില്‍

Posted on: June 21, 2019 8:01 pm | Last updated: June 22, 2019 at 11:01 am

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായ ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയെ ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കണമെന്ന് മുംബൈ പോലീസ്. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് പോലീസ് നിലപാട് അറിയിച്ചത്.

ബിനോയ് കുട്ടിയുടെ പിതാവാണോയെന്ന് തെളിയിക്കാന്‍ ഡി എന്‍ എ പരിശോധന ആവശ്യമാണ്. ഡി എന്‍ എ സാമ്പിള്‍ എടുക്കാന്‍ ബിനോയിയെ കസ്റ്റഡിയില്‍ എടുക്കണം. ബിനോയ് ഒളിവില്‍ ആയതിനാല്‍ അന്വേഷണം മുന്നോട്ടു നീങ്ങുനില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു.

എന്നാല്‍ യുവതിയുടെ പരാതി വ്യാജമാണെന്ന് പറഞ്ഞ് പ്രതിഭാഗം ഡി എന്‍ എ പരിശോധനയെ എതിര്‍ത്തതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

അതേസമയം ബിനോയ് കോടിയേരി നല്‍കിയ ജാമ്യഹരജി വിധി പറയാനായി മുംബൈ കോടതി മാറ്റിവച്ചു. കെട്ടിച്ചമച്ച തെളിവുകള്‍ വച്ചാണ് യുവതി പരാതിയുണ്ടാക്കിയിരിക്കുന്നതെന്ന് ബിനോയ് കോടിയേരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു. മുംബൈയില്‍ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തു എന്ന് യുവതി പറയുന്ന സമയത്ത് ബിനോയ് ദുബായിലായിരുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുംബൈ ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അശോക് ഗുപ്തയാണ് ബിനോയ് കോടിയേരിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.