പ്രവാസി വ്യവസായിയുടെ ആത്മഹത്യ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി;15ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം

Posted on: June 21, 2019 3:37 pm | Last updated: June 21, 2019 at 6:24 pm

കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായിയും ഓഡിറ്റോറിയം ഉടമയുമായ സാജന്റെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇത് അസ്വസ്ഥതയുണ്ടാക്കുന്ന മരണമെന്ന് പറഞ്ഞ ഹൈക്കോടതി അടുത്ത മാസം 15നകം കേസില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്. ഈ മരണം കോടതിയെ അസ്വസ്ഥമാക്കുന്നു. അപേക്ഷകള്‍ സര്‍ക്കാരിന് മുന്നില്‍ ഇങ്ങനെ കെട്ടിക്കിടക്കുമ്പോള്‍ അതില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. മരിച്ചയാളെ കോടതിക്ക് തിരിച്ച് കൊണ്ടുവരാനാകില്ല. പക്ഷേ, ഇനിയെങ്കിലും സര്‍ക്കാര്‍ ഇതില്‍ ഉചിതമായ നടപടിയെടുയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

ആന്തൂര്‍ നഗരസഭയില്‍ സാജന്‍ അപേക്ഷ നല്‍കിയ ദിവസം മുതല്‍ ഉള്ള ഫയലുകളും രേഖകളും സാജന് നല്‍കിയ കുറിപ്പുകളും കത്തുകളും അടക്കം എല്ലാ രേഖകളും ഹൈക്കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ വകുപ്പ് തല അന്വേഷണം വേണം. സര്‍ക്കാര്‍ തന്നെ എല്ലാ വശങ്ങളും പുറത്തു കൊണ്ടുവരണം. അങ്ങനെയൊരു നടപടിയുണ്ടാകുമ്പോള്‍ മാത്രമേ സമൂഹത്തിന് ഇതില്‍ എന്തെങ്കിലും ചെയ്തു എന്ന് തോന്നുകയുള്ളു. ഇത്തരം ആത്മഹത്യകള്‍ ഉണ്ടാകുന്നത് വ്യവസായ സംഭകര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. ഈ അവസ്ഥ തുടരുമ്പോള്‍ നിക്ഷേപകര്‍ക്ക് ദുരിതപൂര്‍ണമായ അവസ്ഥയുണ്ടാകും കോടതി പറഞ്ഞു.നിര്‍മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്.