ഇറാനെ ആക്രമിക്കാന്‍ ട്രംപ് ഉത്തരവിട്ടു;അവസാന നിമിഷം പിന്‍മാറി

Posted on: June 21, 2019 1:45 pm | Last updated: June 21, 2019 at 5:33 pm

ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്കിനു സമീപം യുഎസ് ചാരവിമാനം ഇറാന്‍ വെടിവച്ചിട്ടതിനു പിറകെ ഇറാനെ ആക്രമിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവ് നല്‍കിയതായി റിപ്പോര്‍ട്ട്. റഡാര്‍, മിസൈല്‍ യൂണിറ്റുകള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ട്രംപ് അനുമതി നല്‍കിയതായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രേഖകള്‍ ചൂണ്ടിക്കാട്ടി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അവസാന നിമിഷം ട്രംപ് തീരുമാനത്തില്‍ നിന്നു പിന്‍മാറുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ സൈന്യത്തിനും ജനങ്ങള്‍ക്കും ഉണ്ടാകുന്ന അപകടം കുറയ്ക്കുകയെന്ന ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലരുന്നതിനു മുന്‍പ് ആക്രമണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ വൈറ്റ്ഹൗസില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യാഴാഴ്ച രാത്രി വൈകി തീരുമാനത്തില്‍നിന്നു പിന്മാറുകയായിരുന്നു.യുദ്ധവിമാനങ്ങളും കപ്പലുകളും ആക്രമണത്തിനു തയ്യാറെടുത്തതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പിന്‍മാറ്റമെന്നും റിപ്പോട്ടുകളിലുണ്ട്.