Connect with us

Thiruvananthapuram

പി ജെ ജോസഫിന്റെ കൊച്ചുറാണി, കെ എൻ എ ഖാദറിന്റെ കൂവളം

Published

|

Last Updated

തിരുവനന്തപുരം: പാർട്ടിയിലെ പിളർപ്പൊന്നും പി ജെ ജോസഫിലെ ക്ഷീരകർഷകനെ തളർത്തിയിട്ടില്ല. എല്ലാ ചെലവും കഴിച്ച് പാലിൽ നിന്ന് ഇന്നലെയും കിട്ടി 4500 രൂപ. പശു ഒരു ദിവസം നൽകുന്നതാണീ വരുമാനം. ഇഷ്ട പശുക്കളിലൊന്ന് കൊച്ചുറാണിയാണ്. ശരാശരി പത്ത് ലിറ്റർ പാൽ നൽകും. ഒരിക്കൽ ഒന്പത് ലിറ്ററായി കുറഞ്ഞതോടെ മനസ് പിടിഞ്ഞ ജോസഫ് കൊച്ചുറാണിയെ പരിചരിക്കുന്നതിൽ ശ്രദ്ധകൂട്ടി. ഇപ്പോൾ 15 ലിറ്റർ ചുരത്തുന്നുണ്ടത്രെ.

വെച്ചൂർ പശുകൊണ്ടൊന്നും കാര്യമില്ല. ക്ഷീരവികസന വകുപ്പിനോട് പകരം നിർദേശിച്ചത് മറ്റ് അഞ്ച് ബ്രീഡുകൾ. അമേരിക്ക പോലും എ ടു മിൽക്കിനൊപ്പം (ഏഷ്യൻ ആഫ്രിക്കൻ പാൽ) നിൽക്കുന്ന സാഹചര്യത്തിൽ പാൽ കയറ്റുമതി എത്രയും വേഗം തുടങ്ങാനും നിർദേശം. അനുവദിച്ച സമയവും അതിന്റെ ഇരട്ടി അധികമെടുത്തിട്ടും ജോസഫിലെ കർഷക ഹൃദയത്തിനൊപ്പം സഭയൊന്നാകെ നീങ്ങി. മന്ത്രിമാർക്കും എം എൽ എമാർക്കും ക്ഷീരകർഷകരാകാനുള്ള വെമ്പൽ. ഇത്തരം ആരോഗ്യകരമായ ചർച്ചയാണ് വേണ്ടതെന്ന് ഗണേഷ്‌കുമാർ. ജോസഫിന്റെ ഫാം കാണാൻ എം എൽ എമാർക്ക് അവസരം ഒരുക്കണമെന്നായിരുന്നു പ്രദീപ് കുമാറിന്റെ അഭ്യർഥന.

മൃഗങ്ങൾ എങ്ങിനെ നാട്ടിൽ ഇറങ്ങുന്നുവെന്നതിന്റെ കാര്യകാരണങ്ങളിലായിരുന്നു കെ ബി ഗണേഷ്‌ കുമാറിന്റെ സ്റ്റഡി ക്ലാസ്. കടുവ ഒഴിച്ചുള്ള മൃഗങ്ങളെല്ലാം വെള്ളം തേടി വരുന്നതാണ്. മനുഷ്യർ കാട് കൈയേറിയതിന്റെ പരിണിത ഫലം. ഇലക്ട്രിക് വേലികൾ നിർമിക്കുന്നതിനൊപ്പം അത് സംരക്ഷിക്കാനും നടപടി വേണം. റേഷൻ കടകൾ മനോഹരമാക്കിയെന്ന ഒറ്റ കാരണം കൊണ്ട് ഭക്ഷ്യ വകുപ്പിന്റെ ധനാഭ്യർഥനയേയും ഗണേഷ് പിന്തുണച്ചു. എൻ ഡി എയിലാണെങ്കിലും നല്ലത് നല്ലതെന്ന് പറയുന്നതിൽ പി സി ജോർജിനും പിശുക്കില്ല. തിലോത്തമനും കെ രാജുവും ഭരിക്കുന്ന വകുപ്പുകളെ എങ്ങിനെ വിമർശിക്കാനാകും. വി കെ ഇബ്റാഹിംകുഞ്ഞ് ഇതിന്റെ നേർ എതിർദിശയിലാണ്. റേഷൻ കടകളിൽ വെട്ടിപ്പും അഴിമതിയുമാണ് അദ്ദേഹം കാണുന്നത്.

വേദങ്ങളെല്ലാം പ്രാർഥനാപൂർവമാണ് പ്രകൃതിയെ സമീപിച്ചെന്ന വസ്തുത ഉൾക്കൊണ്ട കെ എൻ എ ഖാദർ, വനം വകുപ്പിന്റെ ചർച്ചയിലും ഈ വഴിയിലൂടെ സഞ്ചരിച്ചു. ഓരോ നാളിനും ഓരോ മരമുണ്ട്. 27 നക്ഷത്രങ്ങൾക്കും ഓരോ വൃക്ഷങ്ങളുണ്ട്. ഓരോ നക്ഷത്രക്കാരും അവരുടെ വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ചാൽ ധാരാളം വൃക്ഷങ്ങളുണ്ടാകുമെന്ന് ഖാദറിന്റെ നിരീക്ഷണം. മുഖ്യമന്ത്രി മുതൽ വനം മന്ത്രി വരെയുള്ളവരുടെ നാളും വൃക്ഷവും കണ്ടെത്തിയിട്ടുമുണ്ട്.

വനം വകുപ്പ് മന്ത്രിയുടെ നാൾ രോഹിണിയാണ്. രോഹിണി നാളിന്റെ മരം ഞാവലാണ്. ഞാവലിന് ഏറെ പ്രധാന്യവും ഔഷധ മൂല്ല്യവുമുണ്ട്. സ്വന്തം നക്ഷത്രം ചിത്തിരയാണ്, കൂവളമാണ് ഇതിന്റെ മരം. അതിനാൽ വീട്ടിൽ ഒന്നുരണ്ട് കൂവളം നട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നക്ഷത്രം ചോതിയാണ്. ചോതി നക്ഷത്രത്തിന്റെ വൃക്ഷം നീർമരുതാണ്. വളരെ ഉയരത്തിൽ വളർന്നുനിൽക്കുന്ന നീർമരുതിനെ വീരവൃക്ഷമെന്നും അർജുന വൃക്ഷമെന്നും വിളിക്കാറുണ്ട്. ഉയരമുള്ള മരമാണ്. അതുകൊണ്ട് മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന് പറയുന്നതിൽ അർഥമില്ലെന്നും ഖാദർ. അതാത് നക്ഷത്രക്കാർ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് പറയുന്നത് ഇന്ത്യയിലെ ഒരു സമ്പ്രദായമാണ്. എല്ലാവരും അത് പാലിക്കണമെന്നും ഖാദർ നിർദേശിച്ചു.

മൊസാമ്പിക്കിൽ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിലെ ക്രമക്കേട് ആയതിനാൽ ഇന്നലത്തെ അടിയന്തരപ്രമേയത്തിന് അന്തരാഷ്ട്ര പ്രാധാന്യമുണ്ടായിരുന്നു. അവതരിപ്പിച്ചതാകട്ടെ തിരുവഞ്ചൂർ രാധാകൃഷ്ണനും. മേഖലയിലെ മൂന്ന് ലക്ഷം തൊഴിലാളികളുടെ പ്രശ്‌നമായതിനാൽ ഒരിഞ്ച് വിട്ടുകൊടുക്കാൻ പറ്റില്ലെന്നായിരുന്നു നിലപാട്.

ചിരിച്ചുകൊണ്ട് കഴുത്തറുക്കുക എന്ന് രമേശ് ചെന്നിത്തല കേട്ടിട്ടുണ്ട്. പക്ഷേ കണ്ണീരൊഴുക്കികൊണ്ട് കഴുത്തറുക്കുന്ന വിദ്യയാണ് മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ ഇവിടെ ഫലപ്രദമായി ചെയ്തതത്രെ. പട്ടിണിപ്പാവങ്ങളുടെ പേരിൽ കണ്ണീരൊഴുക്കികൊണ്ട്അവരെ പറ്റിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന രീതിയാണിത്. കാപട്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കൊല്ലത്ത് കശുവണ്ടി ഇറക്കുമതിയുടെ പേരിൽ നടന്ന ഏറ്റവും വലിയ കൊള്ളയെന്നും ചെന്നിത്തലയുടെ കുറ്റപത്രം. സുതാര്യത, കാര്യക്ഷമത എന്നിവയിൽ നിന്ന് അണുവിട വ്യതിചലിക്കാത്തതിനാൽ മേഴ്‌സിക്കുട്ടിയമ്മ ഇതിലൊന്നും കുലുങ്ങിയില്ലെന്ന് മാത്രം. ഗൗരിയമ്മക്ക് വിപ്ലവാഭിവാദ്യം അർപ്പിച്ചായിരുന്നു ഇന്നലെ ശൂന്യവേളയുടെ തുടക്കം.