അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്ത ഇറാന്റെ നടപടി വലിയ തെറ്റ്: ട്രംപ്

Posted on: June 20, 2019 11:01 pm | Last updated: June 21, 2019 at 11:05 am

വാഷിംഗ്ടണ്‍: വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് അമേരിക്കന്‍ ഡ്രോണ്‍ മിസൈല്‍ ഉപോഗിച്ച് തകര്‍ത്ത ഇറാന്റെ നടപടി വലിയ തെറ്റെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം. ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് അമേരിക്കന്‍ ഡ്രോണ്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ തകര്‍ത്തത്.
നിരീക്ഷക ഡ്രോണ്‍ ഇറാന്‍ മിസൈലുപയോഗിച്ച് തകര്‍ത്തത് ആദ്യം നിഷേധിച്ച അമേരിക്ക പിന്നീട് ഇത് അംഗീകരിക്കുകയായിരുന്നു.

പ്രകോപനമൊന്നുമില്ലാത്ത ആക്രമണമാണ് ഇറാന്‍ നടത്തിയതെന്നാണ് അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം.

എന്നാല്‍ അമേരിക്കക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.